Latest News

മഴ കുറഞ്ഞെങ്കിലും മാള മേഖലയിലെ ക്യാംപുകളില്‍ നിന്നും മടങ്ങാനാകാതെ കുടുംബങ്ങള്‍

മഴ കുറഞ്ഞെങ്കിലും മാള മേഖലയിലെ ക്യാംപുകളില്‍ നിന്നും മടങ്ങാനാകാതെ കുടുംബങ്ങള്‍
X

മാള: മഴ കുറഞ്ഞെങ്കിലും ചാലക്കുടി പുഴയില്‍ വെള്ളത്തിന്റെ ഒഴുക്ക് ശക്തമായതിനാല്‍ മാള മേഖലയിലെ ക്യാംപുകളില്‍ നിന്നും മടങ്ങാനാകാതെ കുടുംബങ്ങള്‍. മാള, കുഴൂര്‍, പൊയ്യ അന്നമനട, പുത്തന്‍ചിറ, വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്തുകളില്‍ പുഴയോരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്ന കുടുംബങ്ങളാണ് ദുരിതാശ്വാസ ക്യാംപുകളില്‍ തുടരുന്നത്. വെള്ളം പതുക്കെയാണ് കയറുന്നതെങ്കിലും ക്യാംപുകളിലേക്ക് പുതുതായി കുടുംബങ്ങളെത്തുന്നുണ്ട്. പറമ്പിക്കുളത്ത് നിന്നും കൂടുതല്‍ വെള്ളം തുറന്നു വിട്ടതിനാലും പെരിങ്ങല്‍ക്കുത്തില്‍ നിന്നും കൂടുതല്‍ വെള്ളം വിടേണ്ടി വന്നതിനാലുമാണ് അന്നമനട, കുഴൂര്‍, മാള, പൊയ്യ, പുത്തന്‍ചിറ, വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം ഉയരാന്‍ കാരണം. വെള്ളം ക്രമാധീതമായി കയറാന്‍ സാദ്ധ്യതയുള്ളതായി ജില്ലാ കളക്ടര്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ആളുകളെ ക്യാംപുകളിലേക്ക് മാറ്റി താമസിപ്പിച്ചത്. 2018 ലെ പ്രളയത്തില്‍ വെളളം കയറിയ പ്രദേശങ്ങളില്‍ താമസിക്കുന്ന കുടുംബങ്ങളെയാണ് കൂടുതലായി ക്യാംപുകളിലേക്ക് മാറ്റിയത്. വാണിജ്യ സ്ഥാപനങ്ങള്‍ അവരുടെ സാധന സാമഗ്രികള്‍ ഉയര്‍ന്ന സ്ഥലങ്ങളിലേക്ക് മാറ്റിയതിനൊപ്പം കന്നുകാലികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനായും ആളുകള്‍ നെട്ടോട്ടമായിരുന്നു. അതിനിടെ വാടക വണ്ടികള്‍ വിളിച്ചിട്ടും കിട്ടാത്ത അവസ്ഥയായിരുന്നു. ഗ്രാമപഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിലാണ് ക്യാംപുകളുടെ പ്രവര്‍ത്തനം. കുഴൂര്‍ ഗ്രാമപഞ്ചായത്തില്‍ മൂന്ന് ക്യാംപുകളും അന്നമനട ഗ്യാമപഞ്ചായത്തില്‍ അഞ്ച് ക്യാംപുകളും മാള ഗ്രാമപഞ്ചായത്തില്‍ മൂന്ന് ക്യാംപുകളും പുത്തന്‍ചിറ ഗ്രാമപഞ്ചായത്തില്‍ ഒരു ക്യാംപും വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ രണ്ട് ക്യാംപുമാണ് തുറന്നത്. വെള്ളാങ്കല്ലൂര്‍ വള്ളിവട്ടം പ്രദേശങ്ങളില്‍ താമസിക്കുന്നവരെ കരൂപ്പടന്ന ഹൈസ്‌കൂളിലെ ക്യാംപിലേക്കും മുസാഫരിക്കുന്നിലെ മദ്രസാ ക്യാംപിലേക്കുമാണ് മാറ്റിയത്. രണ്ട് ക്യാംപുകളിലുമായി 11 കുടുംബങ്ങളും 26 അംഗങ്ങളുമാണ്. 16 കുടുംബങ്ങളെ ബന്ധുവീടുകളിലേക്കാണ് മാറ്റിയത്. അന്നമനട ഗ്രാമപഞ്ചായത്തിലെ മേലഡൂര്‍ ഗവ. സമിതി ഹൈസ്‌കൂള്‍, അന്നമനട യു പി സ്‌കൂള്‍, വാളൂര്‍ ഹൈസ്‌കൂള്‍ തുടങ്ങിയ ക്യാംപുകളിലായി 290 കുടുംബങ്ങളില്‍ നിന്നായി 612 ആളുകളെ മാറ്റി താമസിപ്പിച്ചതായി അന്നമനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി വി വിനോദ് പറഞ്ഞു. കുഴൂര്‍ ഗ്രാമപഞ്ചായത്തിലെ മൂന്ന് ക്യാമ്പുകളിലായി 712 കുടുംബങ്ങളാണ് താമസിക്കുന്നത്. കുഴൂര്‍ ഗവ. ഹൈസ്‌കൂളിലെ ക്യാമ്പില്‍ 38 കുടുംബങ്ങളിലെ 101 പേരും എരവത്തൂര്‍ എസ് കെ വി എല്‍ പി സ്‌കൂളിലെ ക്യാമ്പില്‍ 119 കുടുംബങ്ങളിലെ 261 പേരും കുണ്ടൂര്‍ ഗവ. യു പി സ്‌കൂളിലെ ക്യാമ്പില്‍ 200 കുടുംബങ്ങളിലെ 350 പേരും താമസിക്കുന്നു. മാള ഗ്രാമപഞ്ചായത്തിലെ കോട്ടക്കല്‍ സ്‌കൂള്‍, മാള സര്‍ക്കാര്‍ യു പി സ്‌കൂള്‍, പഴൂക്കര സ്‌കൂള്‍ എന്നീ ക്യാംപുകളിലേക്ക് ആളുകളെ മാറ്റിയതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു അശോക് പറഞ്ഞു. പുത്തന്‍വേലിക്കര ഗ്രാമപഞ്ചായത്തിലെ എളന്തിക്കര എല്‍ പി സ്‌കൂളിലെ ക്യാമ്പില്‍ 220 കുടുംബളിലെ 880 പേരാണ് താമസിക്കുന്നത്. ആളുകള്‍ കൂടിയതിനാല്‍ ഹൈസ്‌കൂളിലേക്ക് കുടുംബങ്ങളെ മാറ്റാനുള്ള ശ്രമത്തിലാണ് ഗ്രാമപഞ്ചായത്തധികൃതര്‍. ക്യാമ്പുകളില്‍ കഴിയുന്നതിനേക്കാള്‍ കുടുംബങ്ങള്‍ ബന്ധുവീടുകളിലും വാടകക്ക് എടുത്ത വീടുകളിലും കഴിയുകയാണ്. വി ആര്‍ സുനില്‍കുമാര്‍ എം എല്‍ എയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവീസുമടക്കമുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ക്യാമ്പുകളില്‍ സന്ദര്‍ശനം നടത്തി. വെള്ളത്തിന്റെ തോത് കുറയാത്തതിനാല്‍ ജനങ്ങള്‍ ആശങ്ക യിലാണ്. പുതുതായി ക്യാമ്പുകളിലേക്ക് കുടുംബങ്ങളെത്തി കൊണ്ടിരിക്കയാണ്. 2018 ലെ പോലെ കാര്‍ഷീക വിളകളും ആട്, കോഴി, മുയല്‍ തുടങ്ങിയ വളര്‍ത്ത് മൃഗങ്ങളും പക്ഷികളും നശിച്ചു പോകുമോയെന്ന ആശങ്കയിലാണ് ജനങ്ങള്‍. റോഡുകളെല്ലാം വെള്ളത്തിലായതിനാലും അധികം കുടുംബങ്ങളില്ലാത്തതിനാലും ഇന്നലെ കൊച്ചുകടവ് മുഹിയിദ്ധീന്‍ ജുമാ മസ്ജിദിലെ ജുമുഅ മുടങ്ങി.

Next Story

RELATED STORIES

Share it