Latest News

ശസ്ത്രക്രിയകളില്‍ കര്‍ശന നിയന്ത്രണം; പുതിയ മാര്‍ഗരേഖയുമായി ആരോഗ്യവകുപ്പ്

ശസ്ത്രക്രിയകളില്‍ കര്‍ശന നിയന്ത്രണം; പുതിയ മാര്‍ഗരേഖയുമായി ആരോഗ്യവകുപ്പ്
X

തിരുവനന്തപുരം: സംസ്ഥാനത്തെ ആശുപത്രികളില്‍ ശസ്ത്രക്രിയകള്‍ക്കിടെ സംഭവിക്കുന്ന വീഴ്ചകള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് പുതിയ കര്‍ശന മാര്‍ഗരേഖ പുറത്തിറക്കി. ചെറുതും വലുതുമായ എല്ലാ ശസ്ത്രക്രിയകള്‍ക്കും ബാധകമായ 23 പേജുള്ള നിര്‍ദേശങ്ങളാണ് പുറത്തിറക്കിയത്.

ശസ്ത്രക്രിയയ്ക്കിടെ തെറ്റായ ശരീരഭാഗത്ത് ശസ്ത്രക്രിയ നടത്തല്‍, ഉപകരണങ്ങള്‍ ശരീരത്തിനുള്ളില്‍ മറക്കല്‍, രോഗി തിരിച്ചറിയല്‍ പിഴവ് തുടങ്ങിയ പരാതികള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നടപടി.

പ്രധാന നിര്‍ദേശങ്ങള്‍

ശസ്ത്രക്രിയ നടത്തേണ്ട ശരീരഭാഗം മുന്‍കൂട്ടി വ്യക്തമായി അടയാളപ്പെടുത്തണം.

രോഗിക്ക് ശസ്ത്രക്രിയ വിവരങ്ങള്‍ രേഖപ്പെടുത്തിയ റിസ്റ്റ് ബാന്‍ഡ് ധരിപ്പിക്കണം.

ഓപ്പറേഷന്‍ തിയേറ്ററിനുള്ളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം നിരോധിച്ചു.

ശസ്ത്രക്രിയയ്ക്ക് മുന്‍പ് ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ പേരും എണ്ണവും വൈറ്റ് ബോര്‍ഡില്‍ രേഖപ്പെടുത്തണം.

ശസ്ത്രക്രിയയ്ക്ക് ശേഷം ഉപകരണങ്ങളുടെ എണ്ണം വീണ്ടും പരിശോധിച്ച് ചെക്ക് ലിസ്റ്റ് ബന്ധപ്പെട്ട മേധാവിക്ക് കൈമാറണം.

ഡോക്ടറും നഴ്‌സും രോഗിയുടെ ഐപി നമ്പര്‍, കേസ് രേഖകള്‍ എന്നിവ മുന്‍കൂട്ടി പരിശോധിച്ച് ഉറപ്പാക്കണം.

വാര്‍ഡ് ഡോക്ടറും നഴ്‌സ് ഇന്‍ചാര്‍ജും പ്രീ ഓപ്പറേറ്റീവ് ചെക്ക് ലിസ്റ്റില്‍ ഒപ്പിടണം.

തിയേറ്റര്‍ ചുമതലയുള്ള നഴ്‌സിങ് ഓഫീസര്‍ പരിശോധന പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ രോഗിയെ തീയേറ്ററിലേക്ക് പ്രവേശിപ്പിക്കാവൂ.

പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നതിലൂടെ ശസ്ത്രക്രിയ സംബന്ധമായ പരാതികള്‍ പൂര്‍ണമായും ഒഴിവാക്കാനാകുമെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രതീക്ഷ.

Next Story

RELATED STORIES

Share it