Latest News

കുട്ടികളുടെ ചുമ മരുന്ന് ഉപയോഗത്തില്‍ കടുത്ത നിയന്ത്രണം; മൂന്നംഗ സമിതി രൂപീകരിച്ച് ആരോഗ്യവകുപ്പ്

കുട്ടികളുടെ ചുമ മരുന്ന് ഉപയോഗത്തില്‍ കടുത്ത നിയന്ത്രണം; മൂന്നംഗ സമിതി രൂപീകരിച്ച് ആരോഗ്യവകുപ്പ്
X

തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികള്‍ക്കുള്ള ചുമ മരുന്നുകളുടെ ഉപയോഗം സംബന്ധിച്ച് അടിയന്തരമായി പഠനം നടത്താന്‍ മൂന്ന് അംഗ വിദഗ്ധ സമിതി രൂപീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോളര്‍, ചൈല്‍ഡ് ഹെല്‍ത്ത് നോഡല്‍ ഓഫീസര്‍, ഐഎപി സംസ്ഥാന പ്രസിഡന്റ് എന്നിവരാണ് സമിതിയിലുളളത്. സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുട്ടികള്‍ക്കായുള്ള ചുമ മരുന്ന് ഉപയോഗത്തില്‍ സംസ്ഥാനത്തിന്റെ സ്വന്തം മാര്‍ഗരേഖ പുറത്തിറക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അംഗീകൃത ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ 12 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് മരുന്ന് നല്‍കാന്‍ പാടില്ലെന്നും പഴയ കുറിപ്പടി വച്ച് മരുന്ന് നല്‍കുന്നത് നിരോധിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. ഇതിനായി ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുമെന്നും അവര്‍ അറിയിച്ചു. കുട്ടികളുടെ മരുന്നിലെ ഡോസ് അവരുടെ തൂക്കത്തിന് അനുസരിച്ചാണ് ഡോക്ടര്‍മാര്‍ നിശ്ചയിക്കുന്നത്. അതിനാല്‍ ഒരു കുഞ്ഞിന് നല്‍കിയ മരുന്ന് മറ്റൊരു കുഞ്ഞിന് നല്‍കുന്നത് അപകടകരമാണെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.

കഫ് സിറപ്പുമായി ബന്ധപ്പെട്ട് കേരളത്തില്‍ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഡോക്ടര്‍മാര്‍ ആരോഗ്യവകുപ്പ് യോഗത്തില്‍ വ്യക്തമാക്കി. ജനങ്ങള്‍ക്കിടയില്‍ ആശങ്ക ഒഴിവാക്കാനും ബോധവത്കരണം കൂടുതല്‍ ശക്തമാക്കാനും തീരുമാനമായി.

കോള്‍ഡ്രിഫ് സിറപ്പിന്റെ എസ്ആര്‍ 13 ബാച്ചുമായി ബന്ധപ്പെട്ട് മറ്റു സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് വന്നതിനെ തുടര്‍ന്ന്, കേരളത്തില്‍ ആ മരുന്നിന്റെ വില്‍പ്പന താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് അറിയിച്ചു. തമിഴ്നാട്, ഒഡീഷ, മധ്യപ്രദേശ്, പോണ്ടിച്ചേരി സംസ്ഥാനങ്ങളിലാണ് ആ ബാച്ച് വിതരണം ചെയ്തത്. കേരളത്തില്‍ ഈ ബാച്ച് എത്തിയിട്ടില്ലെന്ന് സ്ഥിരീകരിച്ചതായും വകുപ്പ് അറിയിച്ചു.

ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, എന്‍എച്ച്എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, ഡ്രഗ്‌സ് കണ്‍ട്രോളര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, ഐഎപി പ്രസിഡന്റ് എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍, പീഡിയാട്രീഷ്യന്‍മാര്‍ക്കും മറ്റ് ഡോക്ടര്‍മാര്‍ക്കും പരിശീലന പരിപാടി സംഘടിപ്പിക്കാനും തീരുമാനമായി.



Next Story

RELATED STORIES

Share it