Latest News

ദേശീയപതാക വാങ്ങാന്‍ ആരെയും നിര്‍ബന്ധിക്കാനാവില്ലെന്ന് ഹരിയാന മുഖ്യമന്ത്രി

ദേശീയപതാക വാങ്ങാന്‍ ആരെയും നിര്‍ബന്ധിക്കാനാവില്ലെന്ന് ഹരിയാന മുഖ്യമന്ത്രി
X

ഛണ്ഡീഗഢ്: റേഷന്‍ വാങ്ങണമെങ്കില്‍ ദേശീയ പതാക വാങ്ങണമെന്ന് നിബന്ധന വച്ച റേഷന്‍ ഡിപ്പോക്കെതിരേ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍. കര്‍ണാല്‍ റേഷന്‍ ഡിപ്പോ ഉടമയാണ് റേഷന്‍ വാങ്ങാന്‍ ദേശീയപതാകയും വാങ്ങണമെന്ന് നിബന്ധനവച്ചത്. റേഷന്‍ വാങ്ങാനും അതോടൊപ്പം ദേശീയപതാക വാങ്ങാനും ആരെയും നിര്‍ബന്ധിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദേശീയപതാക സ്വന്തമാക്കണമെന്നുള്ളവര്‍ സ്വമേധയാ അത് ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു.

'ദേശീയ പതാക വാങ്ങാന്‍ താല്‍പ്പര്യമില്ലാത്തവര്‍ക്ക് സേവനങ്ങളൊന്നും നിഷേധിക്കില്ല. ഹര്‍ഘര്‍ തിരംഗ അഭിയാന്‍ പ്രകാരം ആളുകള്‍ക്ക് സ്വമേധയാ ദേശീയ പതാക വാങ്ങാം- 'മുഖ്യമന്ത്രി പറഞ്ഞു.

ഈ കാമ്പയിനില്‍ സംസ്ഥാന സര്‍ക്കാരിനെ സഹായിക്കാന്‍ ഏതെങ്കിലും സംഘടനയ്ക്ക് താല്‍പ്പര്യമുണ്ടെങ്കില്‍ അതത് ജില്ലയിലെ ഡെപ്യൂട്ടി കമ്മീഷണറെ ബന്ധപ്പെടാമെന്നും മുഖ്യമന്ത്രി പറഞ്ഞു. കാമ്പെയ്‌നിനെക്കുറിച്ച് വ്യാപകമായ അവബോധമുണ്ടാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.

അതിനിടെ, റേഷന്‍ കാര്‍ഡ് ഉടമകളെ റേഷന്‍ ലഭിക്കുന്നതിന് ത്രിവര്‍ണപതാക നിര്‍ബന്ധമാക്കിയ ഹെംദ വില്ലേജിലെ ഒരു ഡിപ്പോ ഉടമയ്‌ക്കെതിരെ ജില്ലാ ഫുഡ് ആന്‍ഡ് സപ്ലൈസ് കണ്‍ട്രോളര്‍ (ഡിഎഫ്എസ്‌സി)കര്‍ശന നടപടിയെടുത്തു.

ഇതുകൂടാതെ ഡിപ്പോ ഉടമയുടെ പ്രതിമാസ റേഷന്‍ വിതരണവും നിര്‍ത്തിവച്ചു. ഡിപ്പോ ഉടമ ദിനേശ് കുമാര്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് പതാകകള്‍ നിര്‍ബന്ധിച്ച് വില്‍ക്കുകയും റേഷന്‍ കാര്‍ഡ് ഉടമകളെ തെറ്റിദ്ധരിപ്പിച്ച് സംസ്ഥാന സര്‍ക്കാരിന് അപകീര്‍ത്തിയുണ്ടാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊതുജനങ്ങളുടെ സൗകര്യാര്‍ത്ഥം പൊതുവിതരണ കേന്ദ്രങ്ങളില്‍ ത്രിവര്‍ണ പതാകകളുടെ ലഭ്യത ഉറപ്പാക്കിയതിനാല്‍ പതാക വാങ്ങാന്‍ അധികദൂരം പോകേണ്ടതില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പതാക വാങ്ങാന്‍ ആരെയും നിര്‍ബന്ധിക്കരുതെന്നും ഉത്തരവില്‍ പറയുന്നു.

ദേശീയ പതാക വാങ്ങാന്‍ ഏതെങ്കിലും ഡിപ്പോ ഉടമകള്‍ റേഷന്‍ കാര്‍ഡ് ഉടമകളെ നിര്‍ബന്ധിക്കുന്നതായി കണ്ടെത്തിയാല്‍ അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ, സിവില്‍ സപ്ലൈസ്, ഉപഭോക്തൃകാര്യ വകുപ്പ് ഡയറക്ടറേറ്റ് വ്യാഴാഴ്ച കര്‍ശന നിര്‍ദേശം നല്‍കി.

Next Story

RELATED STORIES

Share it