Latest News

കൊയ്ത്ത് യന്ത്രം ഇറക്കാന്‍ വഴിയില്ല: പുല്ലന്‍കുളങ്ങര പാടശേഖരത്തിലെ അമ്പഴക്കാട് ഭാഗത്തെ കര്‍ഷകര്‍ ദുരിതത്തില്‍

ഈ ഭാഗത്തെ പത്ത് കര്‍ഷകരുടെ 20 ഏക്കറിലധികം സ്ഥലത്തെ നെല്‍ക്കൃഷി വിളവെടുപ്പാണ് പ്രതിസന്ധിയിലായത്. പാടത്തോട് ചേര്‍ന്ന് വഴിയുണ്ടെങ്കിലും ആവശ്യത്തിന് വീതിയില്ലാത്തതാണ് തടസം.

കൊയ്ത്ത് യന്ത്രം ഇറക്കാന്‍ വഴിയില്ല: പുല്ലന്‍കുളങ്ങര പാടശേഖരത്തിലെ അമ്പഴക്കാട് ഭാഗത്തെ കര്‍ഷകര്‍ ദുരിതത്തില്‍
X

മാള: കൊയ്ത്ത് യന്ത്രം ഇറക്കാന്‍ വഴിയില്ലാത്തത് പുല്ലന്‍കുളങ്ങര പാടശേഖരത്തിലെ അമ്പഴക്കാട് ഭാഗത്തെ കര്‍ഷകരെ കണ്ണീരിലാഴ്ത്തുന്നു. ഈ ഭാഗത്തെ പത്ത് കര്‍ഷകരുടെ 20 ഏക്കറിലധികം സ്ഥലത്തെ നെല്‍ക്കൃഷി വിളവെടുപ്പാണ് പ്രതിസന്ധിയിലായത്. പാടത്തോട് ചേര്‍ന്ന് വഴിയുണ്ടെങ്കിലും ആവശ്യത്തിന് വീതിയില്ലാത്തതാണ് തടസം. വഴിയുടെ ഒരു വശത്തിലൂടെ ചെറിയ കനാല്‍ കടന്നു പോകുന്നുണ്ട്. പ്രധാന വഴിയില്‍ നിന്ന് കനാല്‍ കടന്നുപോകുന്ന നൂറു മീറ്റര്‍ ഭാഗത്ത് വാഹനങ്ങള്‍ക്ക് കടന്നു പോകാവുന്ന കോണ്‍ക്രീറ്റ് സ്ലാബ് നിരത്തിയാല്‍ പ്രശ്‌നം പരിഹരിക്കാം.

പ്രദേശത്ത് ആദ്യം കൃഷിയിറക്കി വിളവെടുപ്പിന് പാകമായ നെല്ല് കൊയ്ത്ത് മെതിയന്ത്രം ഇറക്കാന്‍ കഴിയാതെ പാടത്ത് കിടക്കുകയാണ്. പാടശേഖരത്തിന്റെ വടക്ക് ഭാഗത്ത് നിന്ന് കൊയ്ത്ത് യന്ത്രം പാടശേഖരത്തിലൂടെ എത്തിക്കാം. എന്നാല്‍ ഈ പാടശേഖരത്തില്‍ കൊയ്ത്ത് മെതിയന്ത്രം ഇറക്കണമെങ്കില്‍ ഇവിടെ നെല്ല് വിളയണം. ഈ മേഖലയില്‍ വിളവെടുക്കാന്‍ പാകമാകുമ്പോഴേക്കും കിഴക്കന്‍ മേഖലയിലെ നെല്ലെല്ലാം കൊഴിഞ്ഞ് പാടത്ത് വീഴുന്ന അവസ്ഥയാകും. വെള്ളം ലഭിച്ച് ആദ്യം കൃഷിയിറക്കുന്നത് എക്കാലവും കിഴക്കന്‍ പ്രദേശമാണ്. മാള ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന ഈ പാടശേഖരത്തിലെ വഴി വീതി കൂട്ടണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. വര്‍ഷങ്ങളായി ഈ വിഷയം ഗ്രാമസഭകളില്‍ ഉന്നയിക്കാറുണ്ടെങ്കിലും പരിഹാരമായിട്ടില്ല.

യന്ത്രം ഇറക്കാന്‍ കഴിയാതെ തൊഴിലാളികളെ കൊണ്ടുവന്ന് കൊയ്‌തെടുക്കുന്നതിലൂടെ ഉണ്ടാകുന്ന സാമ്പത്തിക ബാദ്ധ്യത ഏറെയാണ്. അധികൃതര്‍ ഇടപെട്ട് പ്രശ്‌നത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. നെല്‍ക്കൃഷി വ്യാപിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന അധികൃതര്‍ കര്‍ഷകരുടെ കാലങ്ങളായുള്ള ആവശ്യം അവഗണിക്കുകയാണ്. ഇനിയും ദിവസങ്ങള്‍ കഴിഞ്ഞാല്‍ മാത്രമേ വടമയോടടുത്ത ഭാഗങ്ങള്‍ വിളവെടുക്കാന്‍ പാകപ്പെടൂ. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടാലേ വരുംവര്‍ഷങ്ങളില്‍ നെല്‍കൃഷി വര്‍ദ്ധിക്കൂയെന്ന അഭിപ്രായമാണ് നാട്ടുകാരിലുള്ളത്.

Next Story

RELATED STORIES

Share it