Latest News

ചികില്‍സാ പിഴവ് മൂലം കൈ മുറിച്ചുമാറ്റേണ്ടി വന്ന സംഭവം; ഒന്‍പത് വയസുകാരിക്ക് ഇന്ന് കൃത്രിമ കൈ വെച്ചുനല്‍കും

ചികില്‍സാ പിഴവ് മൂലം കൈ മുറിച്ചുമാറ്റേണ്ടി വന്ന സംഭവം; ഒന്‍പത് വയസുകാരിക്ക് ഇന്ന് കൃത്രിമ കൈ വെച്ചുനല്‍കും
X

പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികില്‍സാ പിഴവ് മൂലം വലതു കൈ മുറിച്ച് മാറ്റേണ്ടി വന്ന പാലക്കാട് പല്ലശ്ശന സ്വദേശിനിയായ ഒന്‍പതു വയസുകാരി വിനോദിനിക്ക് ഇന്ന് കൃത്രിമ കൈവച്ചു നല്‍കും. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ രാവിലെ 11 മണിക്കാണ് കൃത്രിമ കൈ വയ്ക്കുക. വിനോദിനിയുടെ സങ്കടാവസ്ഥ അറിഞ്ഞതിനു പിന്നാലെ പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് സഹായവുമായി എത്തിയത്. കൃത്രിമ കൈ വെക്കാനുള്ള സാമ്പത്തിക സഹായവും വി ഡി സതീശന്‍ വാഗ്ദാനം ചെയ്തിരുന്നു. വി ഡി സതീശന്‍ ഇന്ന് ആശുപത്രിയിലും എത്തും.

കളിക്കുന്നതിനിടെ വീണ് പരിക്കേറ്റ കുട്ടിക്ക് പാലക്കാട് ജില്ലാ ആശുപത്രിയില്‍ വേണ്ടത്ര ചികില്‍സ ലഭിച്ചില്ലെന്നും കുടുംബം ആരോപിച്ചിരുന്നു. സെപ്റ്റംബര്‍ 24നായിരുന്നു അപകടം. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെച്ചാണ് കുട്ടിയുടെ വലത് കൈ മുറിച്ചുമാറ്റിയത്. അന്വേഷണത്തിന് ഉത്തരവിട്ടെന്നും വീഴ്ച കണ്ടെത്തിയാല്‍ കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും പാലക്കാട് ഡിഎംഒ പറഞ്ഞിരുന്നു. മുറിച്ചുമാറ്റിയ സംഭവത്തില്‍ പാലക്കാട് ജില്ലാ ആശുപത്രി പിഴവ് സമ്മതിച്ചിരുന്നു. അന്വേഷണത്തിന് ഹാജരാവാന്‍ കുടുംബത്തിന് അയച്ച നോട്ടീസിലാണ് ചികില്‍സാപ്പിഴവ് സ്ഥിരീകരിക്കുന്നത്.

കൃത്രിമ കൈ ലഭിക്കാത്തതിനാല്‍ പുതുവര്‍ഷത്തിലും സ്‌കൂളില്‍ പോകാനാകാതെ വീട്ടില്‍ കഴിയുകയായിരുന്നു വിനോദിനി. കൃത്രിമ കൈ വെക്കാന്‍ പണമില്ലാതെ വിഷമത്തിലായിരുന്നു കുട്ടിയുടെ വീട്ടുകാര്‍. കുടുംബത്തിന് ആകെ കിട്ടിയത് രണ്ടു ലക്ഷം രൂപ മാത്രമായിരുന്നു. കൈ മാറ്റിവെക്കുന്നതിനുള്ള സാമ്പത്തികം കുടുംബത്തിന് ഇല്ലെന്നും കളക്ടറെ കണ്ട് പരാതി അറിയിച്ചിട്ടുണ്ടെന്നും കുട്ടിയുടെ മാതാവ് പറഞ്ഞിരുന്നു.

Next Story

RELATED STORIES

Share it