Latest News

ഗസ ഏറ്റെടുക്കുമെന്ന ട്രംപിന്റെ പരാമര്‍ശം അസംബന്ധമെന്ന് ഹമാസ്

ഗസ ഏറ്റെടുക്കുമെന്ന ട്രംപിന്റെ പരാമര്‍ശം അസംബന്ധമെന്ന് ഹമാസ്
X

ഗസ: ഗസ ഏറ്റെടുക്കുന്നതിനെക്കുറിച്ചുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പരാമര്‍ശങ്ങള്‍ 'പരിഹാസ്യവും' 'അസംബന്ധവും' ആണെന്നും അത് പശ്ചിമേഷ്യയെ അസ്ഥിരപ്പെടുത്തുമെന്നും ഹമാസ് വക്താവ് സാമീ അബൂ സുഹ്‌രി. ഗസ ഏറ്റെടുക്കുന്നതിനെക്കുറിച്ചുള്ള ട്രംപിന്റെ പരാമര്‍ശങ്ങള്‍ മേഖലയെ പ്രകോപിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

യുദ്ധത്തില്‍ തകര്‍ന്ന ഗസയുടെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുമെന്നും ഫലസ്തീനികളെ മറ്റെവിടെയെങ്കിലും പുനരധിവസിപ്പിച്ച ശേഷം സാമ്പത്തികമായി വികസിപ്പിക്കുമെന്നുമായിരുന്നു ട്രംപിന്റെ പ്രസ്താവന. ചൊവ്വാഴ്ച വാഷിംങ്ടണില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് ട്രംപിന്റെ പരാമര്‍ശം.

പരാമര്‍ശനത്തിനെതിരേ അറബ് രാജ്യങ്ങളില്‍ നിന്നു വ്യാപക വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഗസ ഇപ്പോള്‍ ആരും താമസിക്കാന്‍ ആഗ്രഹിക്കാത്ത ഒരു 'സ്ഥലം' ആയതിനാല്‍ അമേരിക്ക അത് 'ഏറ്റെടുക്കുകയും' പുനര്‍വികസിപ്പിക്കുകയും ചെയ്യുമെന്ന് ട്രംപ് പറഞ്ഞു.

ഫലസ്തീനികളെ അവരുടെ മണ്ണില്‍ നിന്ന് പുറത്താക്കാനുള്ള ഏതൊരു ശ്രമത്തെയും സൗദി അറേബ്യ തള്ളിക്കളയുന്നുവെന്ന് സൗദി വിദേശകാര്യ മന്ത്രാലയം ബുധനാഴ്ച പ്രസ്താവനയില്‍ പറഞ്ഞു.ഗസയിലെ രണ്ട് ദശലക്ഷത്തിലധികം ഫലസ്തീനികളെ അയല്‍രാജ്യങ്ങളിലേക്ക് സ്ഥിരമായി പുനരധിവസിപ്പിക്കുന്നതിനുള്ള ട്രംപിന്റെ നിര്‍ദേശത്തിന് പിന്നാലെയായിരുന്നു പ്രസ്താവന.

ഇസ്രായേലി കുടിയേറ്റ നയങ്ങളിലൂടെയോ, ഭൂമി പിടിച്ചെടുക്കലിലൂടെയോ, അല്ലെങ്കില്‍ ഫലസ്തീന്‍ ജനതയെ അവരുടെ ഭൂമിയില്‍ നിന്ന് പുറത്താക്കാനുള്ള ശ്രമങ്ങളിലൂടെയോ ഫലസ്തീന്‍ ജനതയുടെ നിയമാനുസൃത അവകാശങ്ങള്‍ക്ക് മേലുള്ള ഏതൊരു ലംഘനത്തെയും സൗദി അറേബ്യ വ്യക്തമായി നിരസിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു.

ഇന്നത്തെ അന്താരാഷ്ട്ര സമൂഹത്തിന്റെ കടമ ഫലസ്തീന്‍ ജനത അനുഭവിക്കുന്ന കഠിനമായ മനുഷ്യ ദുരിതങ്ങള്‍ ലഘൂകരിക്കാന്‍ പ്രവര്‍ത്തിക്കുക എന്നതാണ്, ഫലസ്തീനികള്‍ തങ്ങളുടെ മണ്ണിനോട് പ്രതിജ്ഞാബദ്ധരായിരിക്കും, അതില്‍ നിന്ന് അവര്‍ പിന്മാറുകയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഗസ നിവാസികളോട് രാജ്യം വിടാനുള്ള ആഹ്വാനം 'അവരുടെ നാട്ടില്‍ നിന്ന് അവരെ പുറത്താക്കലാണ്' എന്ന് സാമീ അബൂ സുഹ്‌രിപറഞ്ഞു, 'ഈ പദ്ധതികള്‍ മേഖലയില്‍ കുഴപ്പങ്ങളും പിരിമുറുക്കവും സൃഷ്ടിക്കുന്നതിനു കാരണമാകുമെന്നും ഗാസയിലെ ജനങ്ങള്‍ അത്തരം പദ്ധതികള്‍ പാസാക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു

അന്താരാഷ്ട്ര തലത്തില്‍ ട്രംപിന്റെ പ്രസ്താവനക്കെതിരേ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയരുന്നത്. മിഡില്‍ ഈസ്റ്റിലെ ദ്വിരാഷ്ട്ര പരിഹാരത്തെയാണ് തന്റെ സര്‍ക്കാര്‍ പിന്തുണയ്ക്കുന്നതെന്ന് പറഞ്ഞ് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് രംഗത്തെത്തി.

ഗസ പിടിച്ചെടുക്കാനുള്ള ട്രംപിന്റെ നിര്‍ദ്ദേശം 'വംശീയ ഉന്മൂലനത്തിനുള്ള ആഹ്വാനമാണെന്ന് ഫലസ്തീന്‍ അമേരിക്കന്‍ കോണ്‍ഗ്രസ് വനിത റാഷിദ ത്‌ലൈബ് ആരോപിച്ചു. വംശഹത്യ നടത്തിയ ഒരു യുദ്ധ കുറ്റവാളിയുടെ അരികിലിരുന്ന് പ്രസിഡന്റ് പരസ്യമായി വംശീയ ഉന്മൂലനത്തിന് ആഹ്വാനം ചെയ്യുന്നു' എന്നായിരുന്നു അവരുടെ വിമര്‍ശനം.

ഗസയിലെ യുഎസ് അധിനിവേശം ആയിരക്കണക്കിന് യുഎസ് സൈനികരുടെ കൂട്ടക്കൊലയ്ക്കും മിഡില്‍ ഈസ്റ്റില്‍ പതിറ്റാണ്ടുകളുടെ യുദ്ധത്തിനും കാരണമാകുമെന്ന് യുഎസ് സെനറ്റര്‍ ക്രിസ് മര്‍ഫി പറഞ്ഞു.ഗസ അമേരിക്കയുടേതല്ലെന്നും, ഫലസ്തീന്‍ ജനതയുടേതാണെന്നും കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍-ഇസ് ലാമിക് റിലേഷന്‍സ് പറഞ്ഞു. ഫലസ്തീനികളെ അവരുടെ നാട്ടില്‍ നിന്ന് പുറത്താക്കണമെന്ന പ്രസിഡന്റ് ട്രംപിന്റെ ആഹ്വാനം തികച്ചും അടിസ്ഥാനരഹിതമാണെന്നും അവര്‍ വ്യക്തമാക്കി.

ഗസയില്‍ നിന്ന് എല്ലാ ഫലസ്തീനികളെയുമകറ്റുന്നത് 'ഒരു ജനത എന്ന നിലയില്‍ അവരെ നശിപ്പിക്കുന്നതിന് തുല്യമാണ്' എന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പോള്‍ ഒബ്രയാന്‍ പറഞ്ഞു. ഗസ അവരുടെ വീടാണ്. ഇസ്രായേല്‍ സര്‍ക്കാര്‍ ആയിരക്കണക്കിന് സാധാരണക്കാരെ കൊന്നൊടുക്കിയതിന്റെ ഫലമാണ് ഗസയുടെ നാശത്തിനു കാരണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Next Story

RELATED STORIES

Share it