Latest News

ഹലാല്‍ ഭക്ഷണം: വര്‍ഗീയവാദികളുടെ കുപ്രചാരണങ്ങള്‍ക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണം

ഹലാല്‍ ഭക്ഷണം: വര്‍ഗീയവാദികളുടെ കുപ്രചാരണങ്ങള്‍ക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണം
X

വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെടാന്‍ അധിക സമയമൊന്നുംവേണ്ട. അതിന് കാരണങ്ങളും ആവശ്യമില്ല. എന്തും ആവശ്യത്തിന് വ്യാഖ്യാനിച്ച് ഒരാള്‍ വിചാരിക്കുന്നിടത്ത് പ്രശ്‌നം എത്തിക്കുക തുലോം എളുപ്പമാണ്.

ഹലാല്‍ ഭക്ഷണം ഒരു വിവാദമായി ചില വര്‍ഗീയവാദ ഗ്രൂപ്പുകള്‍ പ്രചരിപ്പിക്കുന്നതിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ഹലാല്‍ ഭക്ഷണം എന്നാല്‍ ഉസ്താദ് തുപ്പിയ ഭക്ഷണമാണെന്ന അറപ്പുളവാക്കുന്ന ആരോപണമാണ് വര്‍ഗീയവാദികള്‍ ഉയര്‍ത്തിയിട്ടുള്ളത്. മതപരമെന്ന് പറയാവുന്ന ചടങ്ങില്‍ അനുഷ്ഠാനപരമായി ചെയ്ത ഒരു കാര്യത്തിന്റെ വീഡിയോ ഉപയോഗിച്ചാണ് മുസ്‌ലിം ഉടമസ്ഥതയിലുള്ള ഹോട്ടലിലെ ഭക്ഷണത്തിനെതിരേ കുപ്രചാരണം ആരംഭിച്ചത്.

വിവാഹത്തെ, പ്രണയത്തെ, സൗഹൃദത്തെ, വസ്ത്രത്തെ തുടങ്ങി എന്തിനെയും വംശീയവല്‍ക്കരിക്കാനും വര്‍ഗീയവല്‍ക്കരിക്കാനും സംഘ്പരിവാര വിഭാഗങ്ങള്‍ക്ക് ഞൊടിയിട മതി. ഭക്ഷണവിഷയവും വ്യത്യസ്തമല്ല. ഇത്തവണ ആരോപണം വന്നത് ക്രിസ്ത്യന്‍ വിഭാഗത്തിലെ വിശീയവാദികളില്‍ നിന്നാണെന്നാണ് മനസ്സിലാവുന്നത്.

എന്നാല്‍ ഇത്തരം സംഭവങ്ങളോട് സര്‍ക്കാരിന്റെ പ്രതികരണം എന്തായിരിക്കണമെന്നതാണ് പ്രധാനം.

ഇത്തരം പ്രചാരണങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്. നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാനാവും.

എന്നാല്‍ ഈ അലംഭാവം എല്ലായിടത്തുമില്ലെന്ന പ്രത്യേകതയുമുണ്ട്. അത്തരം ചില അനുഭവങ്ങളും നമുക്കറിയാം. സംഘ്പരിവാര്‍ ഒഴിച്ചുളളവരുടെ അഭിപ്രായപ്രകടനങ്ങളെ അതീവജാഗ്രതയോടെ വ്യാഖ്യാനിക്കുന്നവര്‍ സംഘ്പരിവാര്‍ എതിര്‍പക്ഷത്തുള്ളപ്പോള്‍ മാളത്തിലൊളിക്കും. ആയുധം പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള പ്രതീഷ് വിശ്വനാഥിന്‍െ ഫേസ് ബുക്ക് പോസ്റ്റിനെതിരേ പൊതുസമൂഹം നടപടി ആവശ്യപ്പെട്ടെങ്കിലും പിണറായി സര്‍ക്കാര്‍ അതിനു തയ്യാറായില്ല. അതേ മാതൃകയാണ് ഇപ്പോള്‍ ഹലാല്‍ വിഷയത്തിലും പുലര്‍ത്തുന്നത്.

ഹലാല്‍ ബോര്‍ഡ് വര്‍ഗീയതയുടെ മറുരൂപമാണെന്നാണ് പറയുന്നത്. ബ്രാഹ്മണ ഹോട്ടലും പട്ടരുടെ ഹോട്ടലും നായരുടെ ഹോട്ടലും നാട്ടില്‍ ഹോട്ടല്‍ വ്യവസായം തുടങ്ങിയ കാലം മുതലുണ്ട്. അതിനെതിരേ വര്‍ഗീയ ആരോപണവുമായ ആരും ഇതുവരെ വന്നിട്ടില്ല. ഹോട്ടലിന്റെ കൗണ്ടറിനു സമീപം തിരിതെളിയിക്കുന്നതും വൈകീട്ട് ചെറിയ തോതില്‍ ആരാധന നടത്തുന്നതും ആര്‍ക്കും ഇതുവരെ വര്‍ഗീയതയുമായി ബന്ധമുണ്ടെന്ന് തോന്നിയിട്ടില്ല. പക്ഷേ, ഹലാല്‍ രീതിയില്‍ മാംസാഹാരം ഉപയോഗിക്കുന്നതില്‍ വലിയ വര്‍ഗീയതയുണ്ടെന്നാണ് പ്രചരിപ്പിക്കപ്പെടുന്നത്. പല ഇടത് അനുഭാവികളും ഇക്കാര്യത്തില്‍ സംഘികള്‍ക്കെതിരേയാണെങ്കിലും പരസ്യമായി ഈ വര്‍ഗീയതക്കെതിരേ പ്രതികരിക്കാനും നടപടി സ്വീകരിക്കാനും മുഖ്യമന്ത്രി തയ്യാറായിട്ടില്ല. ഒരു പ്രസ്താവന പോലും വന്നിട്ടില്ല. എന്നാല്‍ റഹിമിനെപ്പോലുള്ള ചില കാപട്യക്കാര്‍ മുസ് ലിം സമുദായത്തിന്റെ പ്രതികരണത്തെ എതിര്‍പക്ഷത്തുനിര്‍ത്തി ചില നീക്കങ്ങള്‍ നടത്തിയിട്ടുണ്ട്.

സമൂഹത്തെ സങ്കുചിതമാക്കുന്നതില്‍ സംഘപരിവാര്‍, സംഘപരിവാര്‍ അനുകൂല വിഭാഗങ്ങളുടെ ഇത്തരം പരാമര്‍ശങ്ങള്‍ക്ക് വലിയ പങ്കുണ്ട്. ഈ സാഹചര്യത്തില്‍ പ്രസംഗത്തിലൂടെയല്ല, പ്രവൃത്തിയിലൂടെയാണ് സര്‍ക്കാര്‍ മറുപടി നല്‍കേണ്ടത്. അത്തരക്കാര്‍ക്കെതിരേ നിയമപരമായി നടപടി സ്വീകരിക്കാന്‍ തയ്യാറാവുകയാണ് വേണ്ടത്. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും അത് ഗുണം ചെയ്യും.

ഇക്കാര്യത്തില്‍ പിണറായി വിജയന്‍ തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനെ മാതൃകയാക്കണം.

Next Story

RELATED STORIES

Share it