Latest News

എഫ്ബിഐ ആന്തരിക നിരീക്ഷണ സംവിധാനത്തില്‍ ഹാക്കിങ്

എഫ്ബിഐ ആന്തരിക നിരീക്ഷണ സംവിധാനത്തില്‍ ഹാക്കിങ്
X

വാഷിംഗ്ടണ്‍: അമേരിക്കന്‍ കേന്ദ്ര അന്വേഷണ ഏജന്‍സിയായ എഫ്ബിഐയുടെ ആന്തരിക നിരീക്ഷണ സംവിധാനത്തില്‍ ഹാക്കിങ് നടന്നതായി റിപോര്‍ട്ട്. രഹസ്യാന്വേഷണവും നിരീക്ഷണ നടപടികളുമായി ബന്ധപ്പെട്ട സംവേദനക്ഷമമായ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന സംവിധാനത്തിലാണ് സംശയാസ്പദമായ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തിയതെന്ന് ഏജന്‍സി അറിയിച്ചു. ഫെബ്രുവരി 17നു ലോഗ് വിവരങ്ങളില്‍ അനധികൃത പ്രവേശനം കണ്ടെത്തിയതായാണ് റിപോര്‍ട്ട്. കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് അയച്ച അറിയിപ്പിലൂടെയാണ് സംഭവം പുറത്തുവന്നത്. എഫ്ബിഐയുടെ അതീവ സുരക്ഷാ നെറ്റ്‌വര്‍ക്ക് നിയന്ത്രണങ്ങള്‍ മറികടക്കാന്‍ കഴിയുന്ന ഉയര്‍ന്ന നിലവാരത്തിലുള്ള സാങ്കേതിക വിദ്യകളാണ് ഹാക്കര്‍മാര്‍ ഉപയോഗിച്ചതെന്നും അറിയിപ്പില്‍ വ്യക്തമാവുന്നു.

ഫോണ്‍വിളികള്‍ നിരീക്ഷിക്കാന്‍ ഉപയോഗിക്കുന്ന 'പെന്‍ രജിസ്റ്റര്‍', 'ട്രാപ്പ് ആന്‍ഡ് ട്രേസ്' സംവിധാനങ്ങളില്‍ നിന്നുള്ള വിവരങ്ങളിലേക്കും കടന്നുകയറ്റം നടന്നട്ടുണ്ട്. നിയമപരമായ നിരീക്ഷണ നടപടികളുമായി ബന്ധപ്പെട്ട വിവരങ്ങളും എഫ്ബിഐ അന്വേഷണ വിധേയരായ വ്യക്തികളുടെ വിവരങ്ങളും ചോര്‍ന്നതായി ഏസോസിയേറ്റഡ് പ്രസ് റിപോര്‍ട്ട് ചെയ്തു. നെറ്റ്‌വര്‍ക്കുകളില്‍ കണ്ടെത്തിയ സംശയാസ്പദ പ്രവര്‍ത്തനങ്ങള്‍ തിരിച്ചറിഞ്ഞ് പരിഹരിച്ചതായും സുരക്ഷ ഉറപ്പാക്കുന്നതിനായി ആവശ്യമായ സാങ്കേതിക നടപടികള്‍ സ്വീകരിച്ചതായും എഫ്ബിഐ അറിയിച്ചു. എന്നാല്‍ കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താനില്ലെന്നും ഏജന്‍സി വ്യക്തമാക്കി.

സെന്‍സിറ്റീവ് വിവരങ്ങള്‍ കൈവശപ്പെടുത്തുന്നതിനായി വിദേശ ഹാക്കര്‍ സംഘങ്ങള്‍ എഫ്ബിഐയെയും മര്‌റു ഫെഡറന്‍ ഏജന്‍സികളെയും ദീര്‍ഘകാലമായി ലക്ഷ്യമിടുന്നുണ്ടെന്നാണ് വിലയിരുത്തല്‍. സംഭവത്തിന് പിന്നിലുള്ള സംഘത്തെയോ ലക്ഷ്യങ്ങളെയോ ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്നുമാണ് റിപോര്‍ട്ട്. അതേസമയം, എഫ്ബിഐയുടെ നെറ്റ്‌വര്‍ക്ക് സുരക്ഷാ സംവിധാനങ്ങള്‍ ചൂഷണം ചെയ്യുന്നതിനായി ഒരു വാണിജ്യ ഇന്റര്‍നെറ്റ് സേവനദാതാവിന്റെ (ഐഎസ്പി) അടിസ്ഥാന സൗകര്യങ്ങള്‍ ഹാക്കര്‍മാര്‍ ഉപയോഗിച്ചതായും ഏജന്‍സി സമ്മതിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it