Big stories

'ശവവാഹിനിയായ ഗംഗ'; മോദിയെ നഗ്നരാജാവെന്ന് വിശേഷിപ്പിച്ച് സംഘ്പരിവാര്‍ അനുകൂലിയായിരുന്ന ഗുജറാത്തി കവയിത്രിയുടെ കവിത

ശവവാഹിനിയായ ഗംഗ; മോദിയെ നഗ്നരാജാവെന്ന് വിശേഷിപ്പിച്ച് സംഘ്പരിവാര്‍ അനുകൂലിയായിരുന്ന ഗുജറാത്തി കവയിത്രിയുടെ കവിത
X

ഗാന്ധിനഗര്‍: ഒരു കാലത്ത് ബിജെപി അനുകൂല എഴുത്തുകാര്‍ അടുത്ത ഗുജറാത്തി കവിതയുടെ പ്രതിബിംബമെന്ന് വിശേഷിപ്പിച്ച കവയിത്രി ബിജെപി ഐടി സെല്ലിന്റെ ഏറ്റവും പുതിയ ഇരയായി മാറി. കൊവിഡ് കാലത്ത് രോഗനിയന്ത്രണത്തില്‍ പരാജയപ്പെടുക മാത്രമല്ല, ചികില്‍സാ സംവിധാനങ്ങള്‍ ഉറപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയ കേന്ദ്ര സര്‍ക്കാരിനെതിരേ കവിതയെഴുതിയതാണ് സംഘ്പരിവാര്‍ സൈബര്‍ സേനയെ പ്രകോപിപ്പിച്ചത്.

ഗുജറാത്തി കവയിത്രിയായ പാറുള്‍ ഖക്കര്‍ ശവവാഹിയായ ഗംഗ എന്ന പേരില്‍ മെയ് 11ന് തന്റെ ഫേസ്ബുക്ക് പെയ്ജില്‍ പോസ്റ്റ് ചെയ്ത കവിതയാണ് പുതിയ പ്രകോപനം. പ്രധാനമന്ത്രിയുടെ മാതൃഭാഷയില്‍ തന്നെ എഴുതിയ ഈ കവിതയില്‍ മോദിയെ പരിശുദ്ധയായ ഗംഗയെ ശവവാഹിനിയാക്കി മാറ്റിയ രാമരാജ്യത്തെ നഗ്നരാജാവെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.

14 വരികള്‍ മാത്രമുളള ഈ കവിത ഇതിനകം ആറ് ഭാഷകളിലേക്ക് മൊഴിമാറ്റിക്കഴിഞ്ഞു. മഹാമാരിയെ നിയന്ത്രിക്കാതെ നിസ്സംഗരായി കഴിയുന്ന അധികാരികളോടുള്ള പ്രതിഷേധമായി കവിത സ്വീകരിക്കപ്പെട്ടതോടെയാണ് സംഘ്പരിവാര്‍ പ്രകോപിതരായി മാറിയത്.

കവിതയെ പ്രകീര്‍ത്തിച്ച് ഗുജറാത്തി സാഹിത്യസംഘടനയായ നവനിര്‍മാണ്‍ ആന്ദോളന്‍ പ്രസിഡന്റ് മനിഷ് ജെയിന്‍ രംഗത്തെത്തി. ജയപ്രകാശ് നാരായണന്‍ സര്‍ഗാത്മകതയുടെയും ഊര്‍ജപ്രസരണസാധ്യതയുടെയും പേരില്‍ അനുമോദിച്ച സംഘടനയാണ് നവനിര്‍മാണ്‍ ആന്ദോളന്‍.

കവിത പുറത്തുവന്നതോടെ കവയിത്രിക്കെതിരേ കടുത്ത സ്ത്രീവിരുദ്ധപരാമര്‍ശങ്ങളടങ്ങിയ തെറിവിളികളാണ് നടന്നുകൊണ്ടിരിക്കുന്നത്.

കവിത അധികാരികളെ മാത്രമല്ല, കൊവിഡ് സാഹചര്യത്തില്‍ നിശ്ശബ്ദരായി കഴിയുന്ന മാധ്യമങ്ങളെയും പ്രതിപക്ഷങ്ങളെയും വിമര്‍ശനവിധേയമാക്കുന്നുണ്ട്.

കൊവിഡ് രണ്ടാം തരംഗം രാജ്യത്തെ വലിയ തോതിലാണ് ബാധിച്ചിരിക്കുന്നത്. രോഗബാധിതരുടെ എണ്ണവും മരണസംഖ്യയും സംസ്ഥാന കേന്ദ്ര സര്‍ക്കാരുകള്‍ മറച്ചുവയ്ക്കുകയാണെന്ന ആരോപണവും വ്യാപകമാണ്. ഇതും കവിതയുടെ വിഷയമായിട്ടുണ്ട്.

കൊവിഡ് വ്യാപനത്തേക്കാള്‍ കവയിത്രിയെ വികാരഭരിതയാക്കിയത് ഗംഗയില്‍ ഒഴുകി നടക്കുന്ന മൃതദേഹങ്ങളാണ്. മുഖ്യധാരാ മാധ്യമങ്ങള്‍ ഇരുന്നൂറോളം മൃതദേഹങ്ങളെന്ന് റിപോര്‍ട്ട് ചെയ്തിരുന്നെങ്കിലും അത് ഏകദേശം 2000ത്തോളം വരുമെന്ന് പിന്നീട് പുറത്തുവന്നു. സംസ്‌കാര സമ്പന്നവും പരിശുദ്ധവുമായ ഗംഗയെ മോദിയുടെ സര്‍ക്കാര്‍ ശവവാഹിനിയാക്കിമാറ്റിയെന്ന് കവിത കുറ്റപ്പെടുത്തുന്നു.

51 വയസ്സ് തികഞ്ഞ ഖക്കര്‍ക്ക് കവിതയെഴുത്ത് ഒരു മുഴുവന്‍ സമയ ജോലിയല്ല, തന്റെ ഒഴിവു സമയങ്ങള്‍ ഉപയോഗിച്ച് കവിതയെഴുതുന്ന ഖക്കറിനെ ബിജെപിയുമായി ബന്ധപ്പെട്ട എഴുത്തുകാരാണ് ഗുജറാത്തി ഭാഷയുടെ ഭാവി വാഗ്ദാനമെന്ന് വിശേഷിപ്പിച്ചത്. ഖക്കര്‍ ഗുജറാത്തിക്കു പുറമെ ഹിന്ദി, ഉറുദു ഭാഷയിലും എഴുതാറുണ്ട്.

ശവവാഹിനി നിലവില്‍ അസ്സമീസ്, ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, ഭോജ്പുരി ഭാഷയിലേക്ക് തര്‍ജമ ചെയ്തിട്ടുണ്ട്. മലയാളത്തിലും ബംഗാളിയിലും ഉടന്‍ ഇറങ്ങിയേക്കും.

വിഷ്ണു പാണ്ഡ്യനെന്ന വലതുപക്ഷ ചരിത്രകാരനാണ് ഖക്കറെ ഗുജറാത്തി കവിതയുടെ ഭാവി വാഗ്ദാനമെന്ന് വിശേഷിപ്പിച്ചത്. ആര്‍എസ്എസ് അനുകൂല സാഹിത്യകാരന്മാരുടെ സംഘടനയായ സാധനയുടെ പ്രവര്‍ത്തകനാണ് വിഷ്ണു പാണ്ഡ്യ.

മുന്‍കാലങ്ങളില്‍ ഇവര്‍ എഴുതിയ കവിതകള്‍ ഗുജറാത്തി അധികാരികളെ പ്രകീര്‍ത്തിക്കുന്നതായിരുന്നു.

പുതിയ കവിത പുറത്തുവന്നതോടെ ഖക്കറിനെ സംഘ്പരിവാര്‍ ദേശവിരുദ്ധയായി ചിത്രീകരിക്കാന്‍ തുടങ്ങിയിട്ടുണ്ട്.

Next Story

RELATED STORIES

Share it