Latest News

ജിഎസ്ടി വരുമാനം തിരിച്ചുവരവിന്റെ പാതയില്‍; ജൂണില്‍ ലഭിച്ചത് 90,917 കോടി രൂപ

ജിഎസ്ടി വരുമാനം തിരിച്ചുവരവിന്റെ പാതയില്‍; ജൂണില്‍ ലഭിച്ചത് 90,917 കോടി രൂപ
X

ന്യൂഡല്‍ഹി: രാജ്യത്ത് ജിഎസ്ടി വരുമാനം തിരിച്ചുവരവിന്റെ പാതയിലെന്ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ലഭിച്ചതിന്റെ 91 ശതമാനം വരുമാനമാണ് ഇത്തവണ ലഭിച്ചത്.

2020 ജൂണില്‍ രാജ്യത്ത് ആകെ ലഭിച്ചത് 90,917 കോടി രൂപയുടെ ജിഎസ്ടി വരുമാനമാണ്. ഇതില്‍ 18,980 കോടി രൂപയുടെ സിജിഎസ്ടിയും 23,970 കോടി രൂപയുടെ എസ്ജിഎസ്ടിയും 40,302 കോടി രൂപയുടെ ഐജിഎസ്ടിയും (ഇറക്കുമതിയില്‍ നിന്ന് ലഭിച്ച 15,709 കോടി രൂപ ഉള്‍പ്പെടെ) ഉള്‍പ്പെടുന്നു. ഇറക്കുമതിയില്‍ നിന്ന് ലഭിച്ച 607 കോടിയും സെസ് ഇനത്തില്‍ 7,665 കോടിയും അടക്കമാണിത്.

ഗവണ്‍മെന്റ് സിജിഎസ്ടി ഇനത്തില്‍ 13,325 കോടി രൂപയും എസ്ജിഎസ്ടി ഇനത്തില്‍ 11,117 കോടി രൂപയും ഐജിഎസ്ടിയില്‍ നിന്ന് കൊടുത്തുതീര്‍ത്തു. ഇടപാടുകളെല്ലാം തീര്‍ത്ത ശേഷം കേന്ദ്ര ഗവണ്‍മെന്റിനു ജൂണില്‍ സിജിഎസ്ടിയില്‍ നിന്ന് 32,305 കോടി രൂപയും എസ്ജിഎസ്ടിയില്‍ നിന്ന് 35,087 കോടി രൂപയും ലഭിച്ചു.

ജിഎസ്ടി ഇനത്തില്‍ കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് ലഭിച്ച വരുമാനത്തിന്റെ 91 ശതമാനമാണ് ഈ വര്‍ഷം ലഭിച്ചത്. ഇക്കാലയളവില്‍ ഇറക്കുമതിയില്‍ നിന്ന് 71 ശതമാനവും ആഭ്യന്തര ഇടപാടുകളില്‍ നിന്ന് 97 ശതമാനവും വരുമാനം ലഭിച്ചു.

കൊവിഡ് 19ഉം, നികുതി അടക്കുന്നതിനും റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നതിനും അനുവദിച്ച ഇളവും കാരണം കഴിഞ്ഞ മാസങ്ങളില്‍ വരുമാനത്തില്‍ കുറവ് നേരിട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ മൂന്നു മാസത്തെ കണക്കുകള്‍ കാണിക്കുന്നത് ജിഎസ്ടി വരുമാനം തിരിച്ചുവരവിന്റെ പാതയിലാണെന്നാണ്.

ഏപ്രിലില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 28 ശതമാനമായ 32,294 കോടി രൂപയാണു ജിഎസ്ടി ഇനത്തില്‍ ലഭിച്ചത്. എന്നാല്‍ മെയില്‍ അത് 62,009 കോടി രൂപയായി വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 62 ശതമാനമാണ് വരുമാനം ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ആദ്യ പാദത്തില്‍ ലഭിച്ച ജിഎസ്ടി വരുമാനത്തിന്റെ 59 ശതമാനമാണ് ഇത്തവണ അതേ കാലയളവില്‍ ലഭിച്ചത്. മെയ് മാസത്തെ റിട്ടേണ്‍ നിരവധി നികുതിദായകര്‍ സമര്‍പ്പിക്കാനുണ്ട്.

Next Story

RELATED STORIES

Share it