Latest News

ഗവര്‍ണര്‍ പദവിയും തകരുന്ന ഫെഡറലിസവും

ഗവര്‍ണര്‍ പദവിയും തകരുന്ന ഫെഡറലിസവും
X

ഗവര്‍ണര്‍പദവി എല്ലാ കാലത്തും ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതുപോലെ വിമര്‍ശനവിധേയമായ ഒരു കാലം ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. കര്‍ണാടകയിലും മഹാരാഷ്ട്രയിലും പഞ്ചാബിലും തമിഴ്‌നാട്ടിലും ബംഗാളിലും ഇപ്പോള്‍ കേരളത്തിലും സംസ്ഥാന സര്‍ക്കാരുകളുടെ തലവേദനയായി ഈ അധികാരകേന്ദ്രം മാറിക്കഴിഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ നിയമാനുസൃതപ്രതിനിധിയാണ് ഗവര്‍ണര്‍ എന്നാണ് പറപ്പെടുന്നത്. മുന്‍കാലങ്ങളില്‍ കേന്ദ്രത്തിന്റെ റബ്ബര്‍സ്റ്റാമ്പ് എന്നൊക്കെ ആക്ഷേപങ്ങള്‍ കേട്ടിരുന്നെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ നിയമങ്ങളില്‍ ഒപ്പുവച്ച് കാലംകഴിക്കാനുള്ള ഒരു തസ്തികയെന്നതില്‍ കവിഞ്ഞ് ഇതിന് വലിയ പ്രാധാന്യം നല്‍കിയിരുന്നില്ല.

എന്നാല്‍ മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി ഭൂരിപക്ഷമുളള സംസ്ഥാന സര്‍ക്കാരുകളെ ഒറ്റ രാത്രികൊണ്ട് പണം നല്‍കി മറിച്ചിടുന്ന ജാലവിദ്യ പുറത്തുവന്നതോടെ ഗവര്‍ണറുടെ സ്ഥാനം നിര്‍ണായകമായി മാറിക്കഴിഞ്ഞു. എംഎല്‍എമാരെ പണം കൊടുത്തും കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് കേസെടുത്തും വരുതിയില്‍വരുത്തി തങ്ങളുടെ പക്ഷത്താക്കുന്ന നീക്കം ഒരു കലയാക്കി മാറ്റിയ ഹിന്ദുത്വഫാഷിസത്തിന്റെയും മോദിയുടെയും കാലത്ത് ഗവര്‍ണറുടേത് ഒറ്റുകാരന്റെ സ്ഥാനമാണ്.

വിവിധ സര്‍ക്കാരുകളുടെ നേതൃത്വത്തിലുള്ളവര്‍ മുന്‍കാലങ്ങളില്‍ ചെയ്തതോ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നതോ ആയ വിവിധ തലത്തിലുള്ള അഴിമതിയെയാണ് കേന്ദ്രം ഉപയോഗപ്പെടുത്തുന്നത്. അഴിമതിയുടെ കാര്യത്തില്‍ ബിജെപി മറ്റുള്ളവരേക്കാള്‍ ബഹുദൂരം മുന്നിലാണ്. ഇത്രയേറെ എംഎല്‍എമാരെ പണംകൊടുത്തുവാങ്ങാനുള്ള ശേഷിയുണ്ടാവുന്നതുതന്നെ ഈ അഴിമഴിപ്പണത്തിന്റെ ബലത്തിലാണ്.

ഡല്‍ഹിയില്‍ 2 സാധ്യതകളാണ് ബിജെപി ഭരണപക്ഷ എംഎല്‍എമാര്‍ക്കുമുന്നില്‍വച്ചതത്രെ. ഒന്നുകില്‍ ബിജെപിക്കൊപ്പം ചേരുക, അല്ലെങ്കില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തെ നേരിടുക. ഈ കുറിപ്പ് എഴുതുമ്പോള്‍ ഏഴ് ഭരണകക്ഷി എംഎല്‍എമാര്‍ എവിടെയെന്ന് നേതൃത്വത്തിന് അറിയില്ല. കെജ്‌രിവാള്‍ വിളിച്ച യോഗത്തിലും അവര്‍ പങ്കെടുത്തില്ല.

സംസ്ഥാന സര്‍ക്കാരുകളുടെ അഴിമതിയെയാണോ എല്ലാ സംവിധാനത്തെയും നിലംപരിശാക്കുന്ന കേന്ദ്രത്തിന്റെ ഫാഷിസ്റ്റ് അടവിനെയാണോ എതിര്‍ക്കേണ്ടതെന്ന സംശയമാണ് ഇത്തരം സംഭവങ്ങള്‍ ജനങ്ങളിലുണ്ടാക്കിയിട്ടുള്ളത്. ഈ കാലം പ്രതിസന്ധികളുടേതാണെന്ന് ചിലരെങ്കിലും പറയാന്‍ കാരണവും ഈ സന്നിഗ്ധാവസ്ഥയാണ്. അവധാനതയോടെയുള്ള ഇടപെടലുകളാണ് കാലം ആവശ്യപ്പെടുന്നത്.

Next Story

RELATED STORIES

Share it