Latest News

വീണ്ടും സര്‍ക്കാര്‍- ഗവര്‍ണര്‍ പോര്; കേരള വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച് ഗവര്‍ണര്‍

വീണ്ടും സര്‍ക്കാര്‍- ഗവര്‍ണര്‍ പോര്; കേരള വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച് ഗവര്‍ണര്‍
X

തിരുവനന്തപുരം: കേരള വൈസ് ചാന്‍സിലര്‍ നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റി ഗവര്‍ണര്‍ രൂപീകരിച്ചു. യൂനിവേഴ്‌സിറ്റി പ്രതിനിധിയുടെ സ്ഥാനം ഒഴിച്ചിട്ടാണ് സേര്‍ച്ച് കമ്മിറ്റി രൂപീകരിച്ചത്. വിസി നിയമനത്തിന് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് രൂപീകരിക്കാനിരിക്കെയാണ് സ്വന്തം നോമിനിയെ വച്ച് ഗവര്‍ണര്‍ ഉത്തരവ് ഇറക്കിയത്. ഇതോടെ സര്‍വകലാശാല ഭരണവുമായി ബന്ധപ്പെട്ട് വീണ്ടും ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ പോരിന് കളമൊരുങ്ങിയിരിക്കുകയാണ്. ഗവര്‍ണറുടെയും യുജിസിയുടെയും പ്രതിനിധികള്‍ മാത്രമാണ് കമ്മിറ്റിയിലുള്ളത്.

സര്‍വകലാശാല നിയമപ്രകാരം സേര്‍ച്ച് കമ്മിറ്റിയുടെ കാലാവധി മൂന്ന് മാസമാണ്. വിസിയുടെ കാലാവധി ഒക്ടോബറില്‍ അവസാനിക്കുന്നതുകൊണ്ടാണ് ഗവര്‍ണര്‍ കമ്മിറ്റി രൂപീകരിച്ചത്. സര്‍ക്കാരിന് താല്‍പ്പര്യമുള്ള വ്യക്തിയെ വിസിയാക്കാനായി സെര്‍ച്ച് കമ്മിറ്റിയില്‍ ഗവര്‍ണര്‍ക്കുള്ള അധികാരം കവര്‍ന്നുള്ള ഓര്‍ഡിനന്‍സ് ഇറക്കാനുള്ള സര്‍ക്കാര്‍ നടപടി അന്തിമഘട്ടത്തിലാണ്. നിയമവകുപ്പ് പരിഗണിച്ച് അടുത്ത മന്ത്രിസഭാ യോഗം ഓര്‍ഡിനന്‍സ് ഇറക്കാനിരിക്കെയാണ് രാജ്ഭവന്റെ അതിവേഗ നീക്കം.

വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയില്‍ ഗവര്‍ണറുടെ നോമിനി കോഴിക്കോട് ഐഐഎം ഡയറക്ടര്‍ ഡോ. ദേബാശിഷ് ചാറ്റര്‍ജിയാണ്. യുജിസി നോമിനി കര്‍ണാടകയിലെ കേന്ദ്ര സര്‍വകലാശാല വിസി പ്രഫ. ബട്ടു സത്യനാരായണ. സര്‍വകലാശാല നോമിനിയായി ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വി കെ രാമചന്ദ്രനെ നേരത്തെ തീരുമാനിച്ചെങ്കിലും അദ്ദേഹം സ്വയം ഒഴിവായതായി ഗവര്‍ണറെ സര്‍വകലാശാല അറിയിക്കുകയായിരുന്നു. ഓര്‍ഡിനന്‍സ് ഇറങ്ങുംവരെ കാത്തിരിക്കാനായിരുന്നു സര്‍ക്കാരിന്റെയും സര്‍വകലാശാലയുടെയും നീക്കം. അതിനിടെയാണ് സര്‍ക്കാരിനെ വെട്ടിലാക്കിയുള്ള ഗവര്‍ണറുടെ നീക്കം.

Next Story

RELATED STORIES

Share it