Latest News

സര്‍ക്കാര്‍ ഒരേ സമയം ജഡ്ജിയും ജൂറിയും ആരാച്ചാരും ആകരുത്: ജസ്റ്റിസ് ബി ആര്‍ ഗവായ്

സര്‍ക്കാര്‍ ഒരേ സമയം ജഡ്ജിയും ജൂറിയും ആരാച്ചാരും ആകരുത്: ജസ്റ്റിസ് ബി ആര്‍ ഗവായ്
X

ന്യൂഡല്‍ഹി : സര്‍ക്കാര്‍ ഒരേ സമയം ജഡ്ജിയും ജൂറിയും ആരാച്ചാരും ആകരുതെന്ന് ജസ്റ്റിസ് ബി ആര്‍ ഗവായ്.രാജ്യത്തെ നീതിന്യായ വ്യവസ്ഥ നിയമവാഴ്ചയ്ക്ക് കീഴിലാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.സുപ്രിംകോടതിയുടെ സമീപകാല വിധിന്യായത്തില്‍, പ്രതിയുടെ സ്ഥാപന ജംഗമ വസ്തുക്കള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിക്കുന്നത് നിയമനടപടികളുടെ ലംഘനമാണെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

'എന്തെങ്കിലും ഒന്ന് നിയമവിധേയമാക്കിയാല്‍ അത് നീതിയുക്തമാണെന്നതിന് അര്‍ഥമില്ല. ഇത് ഒരു പരമപ്രധാനമായ സത്യമാണ്. അതിന് ചരിത്രം നിരവധി ഉദാഹരണങ്ങള്‍ നല്‍കുന്നു. അമേരിക്കന്‍ ഐക്യനാടുകള്‍ ഉള്‍പ്പെടെ ലോകത്തിന്റെ പല ഭാഗങ്ങളിലും അടിമത്തം ഒരുകാലത്ത് നിയമപരമായിരുന്നു എന്നത് ഒരുദാഹരണമായെടുക്കാം. ഇന്ത്യയില്‍, 1871 ലെ ക്രിമിനല്‍ ട്രൈബ്‌സ് ആക്ട് പോലുള്ള കൊളോണിയല്‍ നിയമങ്ങള്‍ മുഴുവന്‍ സമൂഹങ്ങളെയും ഗോത്രങ്ങളെയും ജന്മനാ കുറ്റവാളികളായി മുദ്രകുത്തി. ലോകത്തിലെ വിവിധ പ്രദേശങ്ങളിലുടനീളമുള്ള നിയമങ്ങള്‍ തദ്ദേശീയ ജനതയെയും അരികുവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളെയും ശിക്ഷിച്ചു. ഇത് വ്യവസ്ഥാപരമായി അനീതിയെ ശക്തിപ്പെടുത്തി. അടിച്ചമര്‍ത്തുന്ന നിയമവ്യവസ്ഥകള്‍ക്കെതിരായ പ്രതിരോധത്തെ അടിച്ചമര്‍ത്താന്‍ പലപ്പോഴും രാജ്യദ്രോഹ നിയമങ്ങള്‍ ഉപയോഗിച്ചിരുന്നു,' അദ്ദേഹം പറഞ്ഞു.

2024 നവംബറില്‍ ബുള്‍ഡോസര്‍ നടപടിയിലെ സുപ്രിം കോടതി വിധി ഉദ്ധരിച്ച അദ്ദേഹം, ഉദ്യോഗസ്ഥര്‍ക്ക് ജഡ്ജിമാരാകാന്‍ കഴിയില്ലെന്ന് കോടതി പറഞ്ഞിരുന്നെന്ന് വ്യക്തമാക്കി.15 ദിവസത്തെ നോട്ടിസ് ഇല്ലാതെ ഏതെങ്കിലും പൊളിക്കല്‍ നടത്തിയാല്‍ ഉദ്യോഗസ്ഥന്റെ ചെലവില്‍ പുനര്‍നിര്‍മ്മാണം നടത്തേണ്ടിവരുമെന്നും ബെഞ്ച് അന്ന് പ്രസ്താവിച്ചു. ഇതുമായി ബന്ധപ്പെട്ട് കോടതി 15 മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പുറപ്പെടുവിച്ചിരുന്നു.

ഇന്ത്യയിലെ നിയമവാഴ്ച വെറും നിയമങ്ങളുടെ ഒരു കൂട്ടമല്ല, മറിച്ച് സമത്വം, അന്തസ്സ്, നല്ല ഭരണം എന്നിവ ഉറപ്പാക്കുന്ന ഒരു ധാര്‍മ്മികവും സാമൂഹികവുമായ ചട്ടക്കൂടാണെന്ന് അദ്ദേഹം പറഞ്ഞു. മഹാത്മാഗാന്ധിയുടെയും അംബേദ്കറുടെയും സംഭാവനകളെ ഉദ്ധരിച്ച അദ്ദേഹം, ജനാധിപത്യത്തിലെ നിയമവാഴ്ച സമൂഹത്തെ നീതിയിലേക്കും ഉത്തരവാദിത്തത്തിലേക്കും നയിക്കുന്നുവെന്ന് വ്യക്തമാക്കി.

Next Story

RELATED STORIES

Share it