Latest News

'ഗൗരിച്ചോത്തി പെണ്ണല്ലേ പുല്ലുപറിയ്ക്കാന്‍ പൊയ്ക്കൂടെ'-വിമോചന സമരകാലത്ത് ഗൗരിയമ്മക്കെതിരേ ഉയര്‍ന്നത് സവര്‍ണ ആക്രോശം

സിപിഎം സംസ്ഥാന സമിതിയില്‍ 'മിസ്റ്റര്‍ ഇഎംഎസ് 'എന്ന് സംബോധന ചെയ്തതിന്റെ പേരില്‍, ഇഎംഎസിന്റെ മകന്‍ ഇഎം ശ്രീധരന്‍, തന്റെ പിതാവിന്റെ സാന്നിദ്ധ്യത്തില്‍ 'ചോവത്തി ഗൗരി അവിടെ ഇരിക്യ' എന്ന ആക്രോശിച്ചിരുന്നു

ഗൗരിച്ചോത്തി പെണ്ണല്ലേ പുല്ലുപറിയ്ക്കാന്‍ പൊയ്ക്കൂടെ-വിമോചന സമരകാലത്ത് ഗൗരിയമ്മക്കെതിരേ ഉയര്‍ന്നത് സവര്‍ണ ആക്രോശം
X

തിരുവനന്തപുരം: കേരള രാഷ്ടീയത്തിലെ ഏറ്റവും കരുത്തുറ്റ മുഖമായിരുന്നിട്ടും താക്കോല്‍ സ്ഥാനങ്ങളിലുള്ളവര്‍ക്ക് കെ ആര്‍ ഗൗരിയമ്മ എന്നും ചോവത്തിയായിരുന്നു. വിമോചന സമരകാലത്ത് മുഴങ്ങിക്കേട്ട ഏറ്റവും വംശീയമായ ആക്രോശമായിരുന്നു 'ഗൗരിച്ചോത്തി പെണ്ണല്ലേ പുല്ലുപറിയ്ക്കാന്‍ പൊയ്ക്കൂടെ' എന്നത്. പിന്നീട് ഇതിന് മറുപടിയായി 1987 'കേരം തിങ്ങും കേരളനാട്ടില്‍ കെ ആര്‍ ഗൗരി ഭരിക്കട്ടേ' എന്നതും മുഴങ്ങി. പക്ഷേ ലിംഗ സമത്വത്തെക്കുറിച്ച് വാചാലരാവുന്ന കേരളത്തിലെ ഇടതു നേതാക്കള്‍, ഗൗരിയമ്മ എന്ന സ്ത്രീയെ എത്രമേല്‍ അവഗണിച്ചിരുന്നുവെന്ന് അവരുടെ ജീവരേഖ പരിശോധിക്കുമ്പോള്‍ ബോധ്യപ്പെടും. പാലിക്കപ്പെടാത്ത വേദനിപ്പിക്കുന്ന മുഖമായി സിപിഎമ്മിനെ ഇന്നും ഗൗരിയമ്മ ഇന്നും വേട്ടയാടുന്നുണ്ട്.

സാമൂഹ്യ പരിഷ്‌കര്‍ത്താവായിരുന്ന ശ്രീനാരായണ ഗുരു ഉള്‍പ്പെടെ അവരുടെ ആലപ്പുഴയിലെ വീട്ടില്‍ വന്നുപോകുമായിരുന്നു. അത്രയേറെ സാമൂഹ്യ രാഷ്ട്രീയ പാരമ്പര്യമുണ്ടായിരുന്നു അവര്‍ക്ക്. ഈഴവ സമുദായത്തില്‍ നിന്ന് ആദ്യമായി നിയമബിരുദം നേടിയ ഗൗരിയമ്മയുടെ ജ്യേഷ്ഠസഹോദരന്‍ സുകുമാരന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സജീവപ്രവര്‍ത്തകനായിരുന്നു. വിദ്യാഭ്യാസ കാലത്ത് തൊട്ടേ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഗൗരിയമ്മ സജീവമായിരുന്നു. 1947ല്‍ 28ാം വയസില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മെമ്പറായി. 1948ല്‍ തിരുവിതാംകൂറിലെ തിരഞ്ഞെടുപ്പില്‍ ചേര്‍ത്തലയില്‍ നിന്ന് പാര്‍ട്ടി സ്ഥാര്‍ഥിയായി മല്‍സരിച്ച് 35 ശതമാനം വോട്ടു നേടി എല്ലാവരേയും ഞെട്ടിച്ചു. പി കൃഷ്ണപ്പിള്ളയുടെ നിര്‍ദ്ദേശ പ്രകാരം വയലാര്‍ സ്റ്റാലിന്‍ എന്ന വിളിപ്പേരുള്ള കുമാരപ്പണിക്കര്‍ക്ക് പകരമായിരുന്നു ഗൗരി മല്‍സരിച്ചത്. കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ പേരില്‍ പൊതുപ്രവര്‍ത്തനം നടത്താല്‍ പുരുഷന്മാര്‍ പോലും ഭയപ്പെട്ടിരുന്ന കാലത്തായിരുന്നു അവരുടെ ധീരമായി ഇടപെടല്‍.

1952-53, 1954-56 എന്നീ കാലഘട്ടങ്ങളിലെ തിരുവിതാംകൂര്‍ കൊച്ചി നിയമസഭകളില്‍ അവര്‍ അംഗമായി. ജയിലിലായിരിക്കെയാണ് 1952ല്‍ അവര്‍ നിയമസഭ തിരഞ്ഞെടുപ്പിനെ നേരിട്ട് വിജയിച്ചത്. ഇങ്ങനെ അത്ഭുതകരമായ ജീവിതാനുഭവമുള്ള രാഷ്ട്രീയ പ്രവര്‍ത്തകയായിരുന്നു അവര്‍. 'കേരം തിങ്ങും കേരള നാട്ടില്‍ കെആര്‍ ഗൗരി ഭരിക്കട്ടേ' എന്ന മുദ്രാവാക്യമുയര്‍ത്തി ജയിച്ച ഗൗരിയെ പാര്‍ട്ടി ഒതുക്കി. അത്രയൊന്നും രാഷ്ട്രീയ പൊതുപ്രവര്‍ത്തന പാരമ്പര്യമില്ലാത്ത, ഇ കെ നായനാരെ 1987ല്‍ ഇഎംഎസ് മുഖ്യമന്ത്രിയുമാക്കി.

ഒരിക്കല്‍, സിപിഎം സംസ്ഥാന സമിതിയില്‍ 'മിസ്റ്റര്‍ ഇഎംഎസ് 'എന്ന് സംബോധന ചെയ്തതിന്റെ പേരില്‍, ഇഎംഎസിന്റെ മകന്‍ ഇഎം ശ്രീധരന്‍, തന്റെ പിതാവിന്റെ സാന്നിദ്ധ്യത്തില്‍ 'ചോവത്തി ഗൗരി അവിടെ ഇരിക്യ' എന്ന ആക്രോശിച്ചിരുന്നു. സവര്‍ണ ചിന്തകള്‍ എത്ര ആഴത്തിലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ വിഴുങ്ങിയതെന്ന് ഈ സംഭവത്തിലൂടെ വ്യക്തമാണ്. നിരവധി തവണ മന്ത്രി സ്ഥാനം അലങ്കരിച്ചിരുന്ന ശക്തമായ സ്ത്രീക്ക്, അതേ സമുദായക്കാരനായ വിഎസ് അച്യുതാന്ദന്റെ സാന്നിദ്ധ്യത്തില്‍ കൂടിയായിരുന്നു ഈ ജാതിആക്ഷേപം കേള്‍ക്കേണ്ടിവന്നത്.

1957ല്‍ അന്നത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയില്‍ മന്ത്രിമാരായിരുന്ന കമ്മ്യൂണിസ്റ്റ് നേതാവ് ടി വി തോമസും ഗൗരിയമ്മയും വിവാഹിതരായി. 1964ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രണ്ടായി പിളര്‍ന്നപ്പോള്‍ തോമസ് സിപിഐയിലും ഗൗരിയമ്മ സപിഐഎമ്മിലും ചേര്‍ന്നു.

സിപിഎമ്മില്‍ നിന്നും പുറത്തേക്ക്

1987 ലെ തിരഞ്ഞെടുപ്പില്‍ ഗൗരയമ്മയെ ഒതുക്കി നായനാരെ മുഖ്യമന്ത്രിയാക്കിയതോടെ അവരും കടുത്ത പ്രതിഷേധമുയര്‍ത്തി. മുന്നണിയും പാര്‍ട്ടിയും ചെയ്ത വഞ്ചനയായാണ് അണികള്‍ പോലും ഈ അട്ടിമറിയെ കണ്ടത്. അവഗണനയില്‍ അമര്‍ഷം പൂണ്ട് ഗൗരിയമ്മ സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഇറങ്ങിപ്പോയി. മികച്ച എംഎല്‍എയ്ക്കുള്ള ബഹുമതി ലഭിച്ചതിനേത്തുടര്‍ന്ന് ചേര്‍ത്തലയില്‍ ഗൗരിയമ്മക്ക് സ്വീകരണയോഗങ്ങള്‍ സംഘടിപ്പിച്ചിരുന്നു. മറ്റ് പാര്‍ട്ടിക്കാര്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തു എന്ന പേരില്‍ പാര്‍ട്ടിയില്‍ വിമര്‍ശനമുയര്‍ന്നു. അച്ചടക്കലംഘനമാണ് നടത്തിയതെന്ന പാര്‍ട്ടി വിലയിരുത്തലുണ്ടായി. ഗൗരിയമ്മ സിപിഎമ്മിലെ വിവരങ്ങള്‍ പത്രങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുക്കുകയാണെന്ന് ആരോപണമുണ്ടായി.

എകെ ആന്റണി സര്‍ക്കാര്‍ നല്‍കിയ സ്വാശ്രയസമിതി അദ്ധ്യക്ഷ സ്ഥാനം ഗൗരിയമ്മ സ്വീകരിച്ചതോടെയാണ് പാര്‍ട്ടിയുമായുള്ള പ്രശ്‌നങ്ങള്‍ മൂര്‍ച്ചിക്കുന്നത്. സ്ഥാനമൊഴിയണമെന്ന പാര്‍ട്ടി നിര്‍ദ്ദേശം ഗൗരിയമ്മ തള്ളി. സ്വാശ്രയ സമിതി അദ്ധ്യക്ഷസ്ഥാനം ഒഴിയാതിരുന്ന ഗൗരിയമ്മയെ സിപിഎം ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. ആലപ്പുഴ ജില്ലാ കമ്മിറ്റി ഗൗരിയമ്മക്കെതിരെ തയ്യാറാക്കിയ റിപോര്‍ട്ട് സംസ്ഥാന കമ്മിറ്റി അംഗീകരിച്ചു. 1994ല്‍ സിപിഎം കെ ആര്‍ ഗൗരിയെ പുറത്താക്കി. ആ വര്‍ഷം തന്നെ ഗൗരിയമ്മ ജനാധിപത്യ സംരക്ഷണ സമിതിയെന്ന (ജെഎസ്എസ്) പുതിയ പാര്‍ട്ടി രൂപീകരിച്ചു. 94 മുതല്‍ ജെഎസ്എസ് യുഡിഎഫ് ഘടകകക്ഷിയുമായി.

Next Story

RELATED STORIES

Share it