Latest News

യെലഹങ്കയിലെ ബുള്‍ഡോസര്‍ രാജ്; വീട് സൗജന്യമായി നല്‍കില്ല, അഞ്ചു ലക്ഷം നല്‍കണമെന്ന് സിദ്ധരാമയ്യ

യെലഹങ്കയിലെ ബുള്‍ഡോസര്‍ രാജ്; വീട് സൗജന്യമായി നല്‍കില്ല, അഞ്ചു ലക്ഷം നല്‍കണമെന്ന് സിദ്ധരാമയ്യ
X

ബെംഗളൂരു: കര്‍ണാടകയിലെ യെലഹങ്കയില്‍ കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് വീട് സൗജന്യമായി നല്‍കില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് ബയ്യപ്പനഹള്ളിയില്‍ പകരം വീട് നല്‍കുമെങ്കിലും അത് സൗജന്യമായിരിക്കില്ലെന്ന് സിദ്ധരാമയ്യ അറിയിച്ചു. പുനരധിവാസത്തിനായി ഓരോ കുടുംബവും അഞ്ചു ലക്ഷം രൂപ വീതം നല്‍കണം. മുഖ്യമന്ത്രി വിളിച്ച യോഗത്തിലാണ് തീരുമാനം. വാടകവീടുകളില്‍ പോലും കഴിയാന്‍ ശേഷിയില്ലാത്ത സാധാരണക്കാര്‍ക്ക് അഞ്ച് ലക്ഷം രൂപ കണ്ടെത്തുക എന്നത് വലിയ വെല്ലുവിളിയാണെന്ന പരാതി ഉയരുന്നുണ്ട്.

11.2 ലക്ഷം രൂപ വിലമതിക്കുന്ന വീടുകള്‍ ഗുണഭോക്താക്കള്‍ക്ക് അഞ്ചു ലക്ഷം രൂപയ്ക്കാണ് സര്‍ക്കാര്‍ നല്‍കുന്നത്. ബാക്കി തുക സബ്സിഡിയായി കണക്കാക്കും. ജനുവരി ഒന്നിന് വീടുകളുടെ താക്കോല്‍ കൈമാറും. വീട് ലഭിക്കാന്‍ അര്‍ഹരായവരെ കണ്ടെത്താന്‍ പ്രാദേശിക എംഎല്‍എയുടെ നേതൃത്വത്തില്‍ പ്രത്യേക സമിതി രൂപീകരിക്കും. നിലവില്‍ ഭവനരഹിതരായവര്‍ക്ക് ഭക്ഷണവും വെള്ളവും ഉറപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കി. എന്നാല്‍, കുടിയൊഴിപ്പിക്കപ്പെട്ട സ്ഥലത്ത് വീണ്ടും താമസിപ്പിക്കാന്‍ കഴിയില്ലെന്ന് സിദ്ധരാമയ്യ പറഞ്ഞു.

കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ നാലു മണിയോടെയാണ് യെലഹങ്ക കൊഗിലു ഗ്രാമത്തിലെ ഫക്കീര്‍ കോളനിയിലും വസീം ലേഔട്ടിലും ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റി ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് വീടുകള്‍ പൊളിച്ചുനീക്കിയത്. ഉര്‍ദു ഗവണ്‍മെന്റ് സ്‌കൂളിനു സമീപത്തെ കുളം കൈയേറിയാണ് താമസിക്കുന്നതെന്ന് ആരോപിച്ചായിരുന്നു നടപടി. മുന്നറിയിപ്പില്ലാതെ നടത്തിയ ഈ 'ബുള്‍ഡോസര്‍ രാജി'ലൂടെ നാനൂറോളം വീടുകള്‍ തകര്‍ക്കപ്പെടുകയും 350ലധികം കുടുംബങ്ങള്‍ പെരുവഴിയിലാവുകയും ചെയ്തു.

Next Story

RELATED STORIES

Share it