Latest News

മാസ്റ്റര്‍ ബ്രെയിന്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി; സ്വര്‍ണക്കടത്ത് കേസ് തിരക്കഥ തയ്യാറാക്കിയത് മുഖ്യമന്ത്രിയുടെ ഓഫിസിലോ

സ്പ്രിങ്‌ലര്‍ കേസിലുള്‍പ്പെടെ മുഖ്യമന്ത്രി സംരക്ഷിച്ച് നിര്‍ത്തിയ ശിവശങ്കര്‍ സ്വര്‍ണക്കടത്തില്‍ നേരിട്ട് പങ്കെടുത്തിരുന്നു എന്ന വെളിപ്പെടുത്തലില്‍ മുഖ്യമന്ത്രിയും പാര്‍ട്ടിയും മറുപടി പറയേണ്ടിവരും.

മാസ്റ്റര്‍ ബ്രെയിന്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി; സ്വര്‍ണക്കടത്ത് കേസ് തിരക്കഥ തയ്യാറാക്കിയത് മുഖ്യമന്ത്രിയുടെ ഓഫിസിലോ
X

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറായിരുന്നു സ്വര്‍ണക്കടത്ത് കേസിന്റെ മാസ്റ്റര്‍ ബ്രെയിന്‍ എന്ന സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലില്‍ മുഖ്യമന്ത്രിയുടെ ഓഫിസ് വീണ്ടും സംശയത്തിന്റെ നിഴലില്‍. മുഖ്യമന്ത്രിയുടെ വിശ്വസ്തനും മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായിരുന്ന ശിവശങ്കറിനെകുറിച്ചുള്ള വെളിപ്പെടുത്തലാണ് മുഖ്യമന്ത്രിയുടെ ഓഫിസിനെ വീണ്ടും കുടുക്കിലാക്കിയിരിക്കുന്നത്.

ഇതുവരെ, ശിവശങ്കറിനെതിരേ ചില ധാര്‍മിക ചോദ്യങ്ങളായിരുന്നു ഉയര്‍ന്നിരുന്നതെങ്കില്‍ സ്വപ്‌നയുടെ വെളിപ്പെടുത്തലോടെ ക്രമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം പിന്നില്‍ ഈ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു എന്നാണ് വ്യക്തമാവുന്നത്. എം ശിവശങ്കര്‍ എഴുതിയ അശ്വസ്ഥാമാവ് വെറും ഒരു ആന എന്ന പുസ്തകത്തില്‍ സ്വപ്‌ന തന്നെ ഫോണ്‍ തന്ന് ചതിക്കുകയായിരുന്നു എന്ന വരികളാണ് സ്വപ്‌നയെ പ്രതികരിക്കാന്‍ നിര്‍ബന്ധിതയാക്കിയത്.

സര്‍ക്കാരിനെയും മുഖ്യമന്ത്രിയുടെയും ഓഫിസിനെ വെളിപ്പിച്ചെടുക്കാനുള്ള ശിവശങ്കറിന്റെ പുസ്തകരചന സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ അറിയാതെ ആകാന്‍ തരമില്ല. സ്വര്‍ണക്കടത്ത് കേസ് എന്‍ഐഎ അന്വേഷിക്കാന്‍ ചുക്കാന്‍ പിടിച്ചത് ശിവശങ്കറായിരുന്നു എന്നാണ് ഇന്നലെ സ്വപ്‌ന സുരേഷ് വെളിപ്പെടുത്തിയത്. യുഎഇ കോണ്‍സുലേറ്റ് വഴി സ്വര്‍ണം കടത്തിയ കേസ് എന്‍ഐഎ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തും എഴുതിയിരുന്നു. മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്തനായിരുന്ന ശിവശങ്കറിന്റെ താല്‍പര്യപ്രകാരമാണ് കേന്ദ്ര ഏജന്‍സിയായ എന്‍ഐഎയുടെ അന്വേഷണം തന്നെ നടന്നതെന്നാണ് വ്യക്തമായിരിക്കുന്നത്. അതേസമയം, നയതന്ത്ര ബാഗേജില്‍ എന്തായിരുന്നു ഉണ്ടായിരുന്നതെന്ന് ശിവശങ്കറിന് നന്നായി അറിയാമായിരുന്നെന്നും സ്വപ്‌ന ഇന്നലെ വെളിപ്പെടുത്തിയിരുന്നു. അത് അറിഞ്ഞ് തന്നെയാണ് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്ന പദവി ഉപയോഗിച്ച് ബാഗേജ് റിലീസ് ചെയ്യാന്‍ ഇടപെട്ടത്. തന്നിലേക്ക്് സ്വര്‍ണക്കടത്ത് അന്വേഷണത്തെ ചുരുക്കാനായിരുന്നു എന്‍ഐഎയെ ശിവശങ്കര്‍ കൊണ്ടു വന്നതെന്നായിരുന്നു സ്വപന പറഞ്ഞത്.

കേസില്‍ നിരപരാധിയാണെന്നും സ്വപ്‌നയുമായി സൗഹൃദം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും ആവര്‍ത്തിച്ചിരുന്ന ശിവശങ്കറായിരുന്നു സ്വപ്നയെ കൊണ്ട് എല്ലാം ചെയ്യിപ്പിച്ചിരുന്നതെന്ന വെളിപ്പെടുത്തലും സര്‍ക്കാരിന് തിരിച്ചടിയാണ്.

കേസില്‍ മുഖ്യമന്ത്രിയുടെ പേരു പറയാന്‍ ഇഡി തന്നെ നിര്‍ബന്ധിച്ചിരുന്നു എന്ന സ്വപ്‌നയുടെ ശബ്ദരേഖ വ്യാജമായിരുന്നു എന്നു കൂടി അവര്‍ തുറന്നടിച്ചിരുന്നു. ഈ ശബ്ദരേഖയ്ക്ക് പിന്നിലും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു എന്നാണ് സ്വപ്‌ന പറഞ്ഞത്. മുഖ്യമന്ത്രിയുടെ ഓഫിസിലിരുന്നാണ് ശിവശങ്കര്‍ ഈ ഓപ്പറേഷനെല്ലാം നടത്തിയെന്നാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്. മാത്രമല്ല, മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ഈ ശബ്ദരേഖ നിരന്തരമായി ഉപയോഗിക്കുകയും ചെയ്തിരുന്നു. ഇതിന് പുറമെ ജയിലില്‍ നിന്ന് പുറത്തിറക്കിയ മറ്റൊരു ശബ്ദരേഖയും വ്യാജമായിരുന്നു എന്നാണ് സ്വപ്‌ന വെളിപ്പെടുത്തിയിരിക്കുന്നത്.

കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ സംസ്ഥാന സര്‍ക്കാരിന്റെ കേസുകള്‍ നാടകമായിരുന്നു എന്നാണ് ഇപ്പോള്‍ വ്യക്തമായിരുക്കുന്നത്. ഇഡിക്കെതിരായ കേസുകളും നാടകങ്ങളോ ബിജെപിയുമായുള്ള ധാരണയുടെ ഭാഗമോ ആയിരുന്നു എന്നാണ് സ്വപ്‌നയുടെ വെളിപ്പെടുത്തലോടെ സംഭവിച്ചിരിക്കുന്നത്.

യുഎഇ സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്താല്‍ തുടങ്ങിയ ലൈഫ് പദ്ധതിയില്‍ കമ്മീഷന്‍ തട്ടാന്‍ സ്വകാര്യ ഏജന്‍സിയെ ഏല്‍പിച്ചതും ശിവശങ്കരായിരുന്നു എന്നും ഇത് കമ്മീഷന്‍ തട്ടാനായിരുന്നു എന്നും സ്വപ്‌ന വ്യക്തമാക്കിയിരുന്നു. ഇത്തരത്തില്‍ ലഭിച്ച കമ്മിഷന്‍ തുകയാണ് ലോക്കറില്‍ സൂക്ഷിച്ചതെന്നും അവര്‍ വെളിപ്പെടുത്തി. ചുരുക്കത്തില്‍, മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ച് തയ്യാറാക്കിയ തിരക്കഥയ്ക്കനുസരിച്ചാണ് കേസ് നടപടികളും പോലിസ്-വിജിലന്‍സ് അന്വേഷണവും നടന്നിരിക്കുന്നത്.

സ്പ്രിങ്‌ലര്‍ കേസിലുള്‍പ്പെടെ മുഖ്യമന്ത്രി സംരക്ഷിച്ച് നിര്‍ത്തിയ ശിവശങ്കര്‍ സ്വര്‍ണക്കടത്ത് കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തിരുന്നു എന്ന വെളിപ്പെടുത്തലില്‍ മുഖ്യമന്ത്രിയും പാര്‍ട്ടിയും മറുപടി പറയേണ്ടിവരും. മുഖ്യമന്ത്രിയും പാര്‍ട്ടിയും അമിതവിശ്വാസം നല്‍കി സംരക്ഷിച്ചിരുന്ന മുഖ്യമന്ത്രിയുടെ ഓഫിസിലെ എല്ലാമെല്ലായിരുന്ന ഒരാളാണ് സ്വര്‍ണക്കടത്ത് കേസിന്റെ സൂത്രധാരനെന്ന് വ്യക്തമായത് സര്‍ക്കാരിനും പാര്‍ട്ടിക്കും വലിയ ക്ഷീണമായിരിക്കുകയാണ്. സസ്‌പെന്‍ഷനിലായിരുന്ന ശിവശങ്കറെ സര്‍ക്കാര്‍ രണ്ടാഴ്ച മുന്‍പ് സര്‍വീസിലും തിരിച്ചെടുത്തിരുന്നു.

അതിനിടെ, മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനുമായി അടുത്ത ബന്ധമായിരുന്നു ഉണ്ടായിരുന്നതെന്ന സ്വപ്‌നയുടെ വെളിപ്പെടുത്തലും സിപിഎമ്മിനെ വെട്ടിലാക്കിയിരിക്കുകയാണ്. കോണ്‍സുലേറ്റ് ഉദ്യോഗസ്ഥ എന്ന നിലയില്‍ ക്ഷണിച്ചപ്പോഴാണ് ഉദ്ഘാടനത്തില്‍ പങ്കെടുത്തതെന്നും സ്വപനയുമായി ഒരു ബന്ധവുമില്ലെന്നുമാണ് സ്പീക്കര്‍ ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. എന്നാല്‍ കാര്‍ ഷോപ്പിന്റെ ഉദ്ഘാടനത്തിന് താനല്ല, സന്ദീപും സരിത്തുമാണ് ക്ഷണിച്ചതെന്നായിരുന്നു സ്വപ്‌ന പറഞ്ഞത്. ഇതോടെ, ശ്രീരാമകൃഷ്ണന്റെ സ്വപ്‌നയുമായുള്ള വഴിവിട്ട ബന്ധം കൂടുതല്‍ വ്യക്തമായിരിക്കുകയാണ്. ഇതിന് പുറമെ മുഖ്യമന്ത്രിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായ അഡീഷനല്‍ പിഎസ് സിഎം രവീന്ദ്രനുമായും അടുത്ത ബന്ധമായിരുന്നുവെന്നും അവര്‍ വെളിപ്പെടുത്തിയിരുന്നു. ഇതോടെ, മുഖ്യമന്ത്രിയുടെ ഓഫിസിന് ഈ കേസില്‍ നിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്ന് വ്യക്തമായിരിക്കുകയാണ്.

Next Story

RELATED STORIES

Share it