Latest News

കഫ് സിറപ്പ് ദുരന്തം; മധ്യപ്രദേശില്‍ ചികില്‍സയിലായിരുന്ന നാലുവയസുകാരി മരിച്ചു

കഫ് സിറപ്പ് ദുരന്തം; മധ്യപ്രദേശില്‍ ചികില്‍സയിലായിരുന്ന നാലുവയസുകാരി മരിച്ചു
X

ഭോപ്പാല്‍: മധ്യപ്രദേശില്‍ വീണ്ടും കോള്‍ഡ്രിഫ് കഫ് സിറപ്പ് കഴിച്ച് ചികില്‍സയിലായിരുന്ന നാലുവയസുകാരി മരിച്ചു. ഇതോടെ ചുമ മരുന്ന് കഴിച്ച് മരിച്ച കുട്ടികളുടെ എണ്ണം 25 ആയി.

കുട്ടികളുടെ മരണത്തിനിടയാക്കിയതായി കരുതുന്ന കോള്‍ഡ്രിഫ് കഫ് സിറപ്പ് നിരവധി സംസ്ഥാനങ്ങള്‍ നേരത്തെ തന്നെ നിരോധിച്ചിരുന്നു. മരുന്ന് നിര്‍മ്മിച്ച കാഞ്ചീപുരം ആസ്ഥാനമായ ശ്രീശന്‍ ഫാര്‍മ കമ്പനി അടച്ചു പൂട്ടാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. മാനദണ്ഡങ്ങള്‍ പാലിക്കാതെ മരുന്ന് നിര്‍മ്മിച്ചതിനെയാണ് നടപടി ലക്ഷ്യമിട്ടത്. കമ്പനിയുടെ ഉടമ രംഗനാഥനെ മധ്യപ്രദേശ് പോലിസ് ചെന്നൈയില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു.

മധ്യപ്രദേശ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലായിരുന്നു പ്രധാനമായും കുട്ടികളുടെ മരണം സംഭവിച്ചത്. മരുന്ന് കഴിച്ചതിന് പിന്നാലെ വൃക്ക സംബന്ധമായ അണുബാധയും തകരാറുകളും പ്രകടമായതായി റിപോര്‍ട്ടുകള്‍ പറയുന്നു. മായം ചേര്‍ക്കല്‍, കുറ്റകരമായ നരഹത്യ, കുട്ടികളുടെ സുരക്ഷ അപകടത്തിലാക്കല്‍ എന്നീ കുറ്റങ്ങളാണ് രംഗനാഥനെതിരെ ചുമത്തിയിരിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തിന് പിന്നാലെ രംഗനാഥനും കുടുംബവും ഒളിവിലായിരുന്നു.

സിറപ്പില്‍ 48.6% ഡൈഎത്തിലീന്‍ ഗ്ലൈക്കോള്‍ അടങ്ങിയിരുന്നെന്ന് അന്വേഷണ സംഘം കണ്ടെത്തി. വ്യവസായ ആവശ്യങ്ങള്‍ക്ക് മാത്രം ഉപയോഗിക്കേണ്ട ഈ രാസവസ്തു കുട്ടികള്‍ക്ക് വിഷമായി മാറുകയായിരുന്നു. മരുന്ന് മറ്റു രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്തിട്ടുണ്ടോയെന്ന കാര്യത്തില്‍ ലോകാരോഗ്യ സംഘടന (ഡബ്ലിയുഎച്ച്ഒ) ഇന്ത്യയോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനെത്തുടര്‍ന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങളെ കൂടുതല്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it