Latest News

മുല്ലപ്പെരിയാര്‍ ഡാമിന്റെ നാല് ഷട്ടറുകള്‍ കൂടി തുറന്നു; ആകെ 1,876 ഘനയടി ജലം പുറത്തേക്ക്

മുല്ലപ്പെരിയാര്‍ ഡാമിന്റെ നാല് ഷട്ടറുകള്‍ കൂടി തുറന്നു; ആകെ 1,876 ഘനയടി ജലം പുറത്തേക്ക്
X

ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമിന്റെ നാല് ഷട്ടറുകള്‍ കൂടി തുറന്നു. ഇന്ന് വൈകീട്ട് അഞ്ച് മണി മുതലാണ് നാല് ഷട്ടറുകള്‍ കൂടി തമിഴ്‌നാട് തുറന്നുവിട്ടത്. നാല് ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ വീതം തുറന്ന് 1,600 ഘനയടിയിലധികം ജലമാണ് പുറത്തേയ്ക്ക് വിടുന്നത്. ഇതോടെ 10 ഷട്ടറുകളിലൂടെ 1876 ഘനയടി ജലമാണ് പുറത്തേക്ക് വിടുന്നത്. നേരത്തെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ 6 ഷട്ടറുകള്‍ 30 സെ.മീ വീതം തുറന്നിരുന്നു. കൂടുതല്‍ ഷട്ടറുകള്‍ തുറന്ന സാഹചര്യത്തില്‍ പെരിയാര്‍ തീരത്ത് കനത്ത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ഇടുക്കി ജില്ലയിലുണ്ടായിരുന്ന എന്‍ഡിആര്‍എഫ് സംഘത്തെ മുല്ലപ്പെരിയാറിലേക്ക് വിന്യസിച്ചു. മാറ്റിപ്പാര്‍പ്പിക്കല്‍ ആവശ്യമായി വന്നാല്‍ സ്വീകരിക്കേണ്ട എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ടെന്ന് റവന്യൂ മന്ത്രി കെ രാജന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. നിലവില്‍ മുല്ലപ്പെരിയാറില്‍ നീരൊഴുക്ക് ശക്തമാണ്. പൊതുജനങ്ങള്‍ പെരിയാര്‍ തീരപ്രദേശങ്ങളില്‍ കുളിക്കാനിറങ്ങുന്നതും മീന്‍പിടുത്തം നടത്തുന്നതും സെല്‍ഫി, ഫോട്ടോ തുടങ്ങിയവ ചിത്രീകരിക്കുന്നതും കര്‍ശനമായും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നിയന്ത്രിക്കാന്‍ ഇടുക്കി ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

മുല്ലപെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തുന്ന സാഹചര്യം മുന്‍നിര്‍ത്തി മഞ്ജുമല വില്ലേജ് ഓഫീസ് ആസ്ഥാനമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക കണ്‍ട്രോള്‍ റും സജ്ജീകരിച്ചു. (ഫോണ്‍ നമ്പര്‍ 04869253362, മൊബൈല്‍ 8547612910) അടിയന്തര സാഹചര്യങ്ങളില്‍ താലൂക്ക് കണ്‍ട്രോള്‍ റൂം നമ്പര്‍ (04869232077, മൊബൈല്‍ 9447023597) എന്നിവയും പൊതുജനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താം. ഡാമിലെ ജലനിരപ്പ് കഴിഞ്ഞ ദിവസം രാത്രി 136 അടി പിന്നിട്ടതിനു പിന്നാലെ തമിഴ്‌നാട് ആദ്യഘട്ട മുന്നറിയിപ്പ് നല്‍കിയിരുന്നു.

അധിക ജലം കൊണ്ടുപോവാന്‍ കഴിയാത്ത സ്ഥിതിയിലാണ് തമിഴ്‌നാട്. വൈഗ അണക്കെട്ട് നിറഞ്ഞതിനാല്‍ തുറന്നുവിട്ടിരിക്കുകയാണ്. പെരിയാറിന്റെ ഇരുകരകളിലുമുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനായി വാഹനത്തില്‍ അനൗണ്‍സ്‌മെന്റ് നടത്തിയിരുന്നു. മുല്ലപ്പെരിയാര്‍ ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട് സാഹചര്യങ്ങള്‍ വിലയിരുത്തുവാന്‍ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനും വാഴൂര്‍ സോമന്‍ എംഎല്‍എയും വള്ളക്കടവിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു സ്ഥിതിഗതികള്‍ വിലയിരുത്തി.

11.30യ്ക്ക് ഷട്ടറുകള്‍ തുറക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞതോടെ ഷട്ടര്‍ തുറക്കുന്നത് തമിഴ്‌നാട് താമസിപ്പിച്ചു. മണിക്കൂറില്‍ 0.1 ഘനയടി എന്ന തോതില്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നത് 0.05 ഘനയടിയിലേക്ക് താഴ്ന്നതോടെയാണ് ഷട്ടര്‍ തുറക്കുന്നത് തമിഴ്‌നാട് താമസിപ്പിച്ചത്. റൂള്‍ കര്‍വ് പാലിച്ചാണ് തമിഴ്‌നാടിന്റെ നടപടി. തുടര്‍ന്ന് അഞ്ചിന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ഷട്ടര്‍ തുറന്നത്.

Next Story

RELATED STORIES

Share it