Latest News

കുളച്ചലില്‍ കണ്ടെത്തിയ മൃതദേഹം ആഴിമലയില്‍ കാണാതായ മൊട്ടമൂട് സ്വദേശി കിരണിന്റേതാണോ എന്ന് സംശയം

ഡിഎന്‍എ പരിശോധനക്ക് ശേഷം മാത്രമേ വ്യക്തത വരുകയുള്ളൂവെന്ന് പോലിസ്

കുളച്ചലില്‍ കണ്ടെത്തിയ മൃതദേഹം ആഴിമലയില്‍ കാണാതായ മൊട്ടമൂട് സ്വദേശി കിരണിന്റേതാണോ എന്ന് സംശയം
X

തിരുവനന്തപുരം: കുളച്ചലില്‍ കണ്ടെത്തിയ മൃതദേഹം ഞായറാഴ്ച ആഴിമലയില്‍ കാണാതായ മൊട്ടമൂട് സ്വദേശി കിരണിന്റേതാണോ എന്ന് സംശയം. മൃതദേഹത്തിന്റെ കയ്യിലെ ചരടും കിരണ്‍ കെട്ടിയിരുന്ന ചരടും തമ്മില്‍ സാമ്യമുണ്ടെന്ന് കിരണിന്റെ അച്ഛന്‍ മധു പറയുന്നു.

അതേസമയം ഡിഎന്‍എ പരിശോധനക്ക് ശേഷം മാത്രമേ വ്യക്തത വരുകയുള്ളൂവെന്ന് പോലിസ് പറഞ്ഞു. നീണ്ടകരയില്‍ നിന്നും ഒരാളെ കടലില്‍ കാണാതായിട്ടുണ്ട്. മൃതദേഹം തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലാണെന്നും എസ്എച്ച്ഒ പ്രജീഷ് ശശി വ്യക്തമാക്കി.

ശനിയാഴ്ചയാണ് രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം മൊട്ടമൂട് സ്വദേശിയ കിരണ്‍ ആഴിമലയിലെ ഫേസ്ബുക്ക് സുഹൃത്തിനെ കാണാനെത്തിയത്. വീടിന് മുന്നിലെത്തി മടങ്ങുന്നതിനിടെ കിരണിനെയും സുഹൃത്തുക്കളെയും പെണ്‍കുട്ടിയുടെ സഹോദരനും രണ്ടു ബന്ധുക്കളും പിന്തുടര്‍ന്ന് പിടികൂടി. കിരണിനെ ബൈക്കിലും സുഹൃത്തുക്കളെ കാറിലും കയറ്റി ആഴിമല ഭാഗത്തേക്ക് കൊണ്ടുപോകുകയായിരുന്നു. ബൈക്കില്‍ കയറിയ കിരണ്‍ ആഴിമലയിലെത്തിയില്ലെന്നും ബൈക്കില്‍ നിന്ന് ഇറങ്ങി ഓടിയെന്ന് പിടിച്ചുകൊണ്ട് പോയവര്‍ പറഞ്ഞെന്നുമാണ് കൂട്ടുകാരുടെ മൊഴി. ഇത് സാധൂകരിക്കുന്ന ദൃശ്യങ്ങളാണ് പോലിസ് ശേഖരിച്ചത്. ആയുര്‍വേദ റിസോര്‍ട്ടിലെ സിസിടിവി ദൃശ്യങ്ങളില്‍ ഇതാണ് വ്യക്തമാകുന്നത്.

കടല്‍തീരത്തേക്ക് കിരണ്‍ ഓടുന്നത് ക്യാമറയിലുണ്ട്. എന്നാല്‍ ആരും കിരണിനെ പിന്തുടരുന്നില്ല. മര്‍ദനം ഭയന്ന കിരണ്‍ കടല്‍തീരത്തേക്ക് ഓടിയിരിക്കാമെന്നാണ് പോലിസ് സംശയിക്കുന്നത്. എന്നാല്‍ തട്ടികൊണ്ടുപോയതും കാണാതായ വിവരവുമൊന്നും കൂട്ടുകാര്‍ അറിയിച്ചിരുന്നില്ലെന്ന് കിരണിന്റെ ബന്ധുക്കള്‍ പറയുന്നു. ഒരു വര്‍ഷമായി കിരണും പെണ്‍കുട്ടിയും ഫേസ്ബുക്ക് സുഹൃത്തുക്കളാണ്. ഇടക്ക് കിരണിന്റെ ഫോണ്‍ പെണ്‍കുട്ടി ബ്ലോക്ക് ചെയ്തിരുന്നു.

കിരണ്‍ ആത്മഹത്യ ചെയ്യില്ലെന്നും അപായപ്പെടുത്തിയത് ആണെന്നും പിതാവ് ആരോപിച്ചു. വെള്ളം പേടിയുള്ള കിരണ്‍ കടലില്‍ ചാടില്ല. കാണാതായ സ്ഥലം പരിശോധിക്കുമ്പോള്‍ കാല്‍ വഴുതി വീണതാവാനും സാധ്യതയില്ല.

Next Story

RELATED STORIES

Share it