Latest News

മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സുരേഷ് കല്‍മാഡി അന്തരിച്ചു

ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ മുന്‍ പ്രസിഡന്റായിരുന്നു

മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സുരേഷ് കല്‍മാഡി അന്തരിച്ചു
X

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സുരേഷ് കല്‍മാഡി(81)അന്തരിച്ചു. പുനെയിലെ ദീനനാഥ് മങ്കേഷ്‌കര്‍ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് അന്ത്യം. ദീര്‍ഘനാളായി അസുഖബാധിതനായിരുന്നു. കേന്ദ്ര റെയില്‍വേ സഹമന്ത്രിയായി സുരേഷ് കല്‍മാഡി സേവനമനുഷ്ഠിച്ചിട്ടുണ്ട്, കൂടാതെ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ മുന്‍ പ്രസിഡന്റുമായിരുന്നു. ഭൗതികശരീരം ഇന്ന് ഉച്ചയ്ക്ക് രണ്ടുമണി വരെ പുനെ എരണ്ട്വാനിലെ 'കല്‍മാഡി ഹൗസില്‍' പൊതുദര്‍ശനത്തിന് വെയ്ക്കും. തുടര്‍ന്ന് ഉച്ചകഴിഞ്ഞ് 3:30ന് നവി പേട്ടിലെ വയ്കുണ്ഠ് ശ്മശാനഭൂമിയില്‍ സംസ്‌കാരം നടത്തും.

രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിനുമുന്‍പ് കല്‍മാഡി 1964 മുതല്‍ 1972 വ്യോമസേനയില്‍ പൈലറ്റായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. 1974ല്‍ സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷമാണ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. 1974ല്‍ സേവനത്തില്‍നിന്ന് വിരമിച്ച അദ്ദേഹം പിന്നീട് പൊതുരംഗത്തേക്ക് കടന്നു. 1995-1996 കാലഘട്ടത്തില്‍ കേന്ദ്ര റെയില്‍വേ സഹമന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്പോര്‍ട്സ് അഡ്മിനിസ്ട്രേറ്റര്‍ എന്ന നിലയില്‍ ശ്രദ്ധേയനായിരുന്ന കല്‍മാഡി വര്‍ഷങ്ങളോളം ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റായും സേവനമനുഷ്ഠിച്ചു.

2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിക്കേസുമായി ബന്ധപ്പെട്ട് കല്‍മാഡി അന്വേഷണത്തിന് വിധേയനായിരുന്നു. ഗെയിംസ് ഫണ്ട് ദുരുപയോഗം ചെയ്തുവെന്നാരോപിച്ച് അഴിമതി നിരോധന നിയമപ്രകാരം കല്‍മാഡിക്കെതിരേ കേസെടുത്ത് 2011 ഏപ്രിലില്‍ അദ്ദേഹം അറസ്റ്റിലായി. തുടര്‍ന്ന് കോണ്‍ഗ്രസ് അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. 2016ല്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ അദ്ദേഹത്തെ ലൈഫ് പ്രസിഡന്റായി നാമനിര്‍ദ്ദേശം ചെയ്തെങ്കിലും, അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര കായിക മന്ത്രാലയം രംഗത്തെത്തിയതോടെ അദ്ദേഹം ആ സ്ഥാനം നിരസിക്കുകയായിരുന്നു.

Next Story

RELATED STORIES

Share it