Latest News

മുന്‍മന്ത്രി സുവേന്ദു അധികാരി തൃണമൂലില്‍ നിന്ന് രാജിവച്ചു: പാര്‍ട്ടി വിടുന്നത് മമതയുടെ അടുത്ത അനുയായി

മുന്‍മന്ത്രി സുവേന്ദു അധികാരി തൃണമൂലില്‍ നിന്ന് രാജിവച്ചു: പാര്‍ട്ടി വിടുന്നത് മമതയുടെ അടുത്ത അനുയായി
X

കൊല്‍ക്കൊത്ത: ഏറെ നാളായി പാര്‍ട്ടിയുമായി പിണങ്ങി നിന്നിരുന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ സുവേന്ദു അധികാരി രാജിവച്ചു. മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് മേധാവിയുമായ മമതാ ബാനര്‍ജിക്കാണ് രാജിസമര്‍പ്പിച്ചത്. സംസ്ഥാന നിയമസഭാ അംഗത്വവും രാജിവച്ചിട്ടുണ്ട്. മമതയുടെ അടുത്ത അനുയായിയായി കരുതപ്പെടുന്നയാളാണ് ഇപ്പോള്‍ പാര്‍ട്ടി വിട്ട സുവേന്ദു അധികാരി. ഇതോടെ നിയമസഭ പിടിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ അടുത്ത ഘട്ടത്തിലേക്ക് കടന്നതായി വിലയിരുത്തപ്പെടുന്നു.

തനിക്ക് പാര്‍ട്ടി നല്‍കിയ സഹകരണത്തിന് മുഴുവന്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കും പാര്‍ട്ടി മേധാവി മമതാ ബാനര്‍ജിക്കും സുവേന്ദു നന്ദി പറഞ്ഞു. ''ആള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും പാര്‍ട്ടിയുമായി ബന്ധപ്പെട്ട എല്ലാ സംഘടനകളില്‍ നിന്നും ഞാന്‍ രാജിവയ്ക്കുന്നു. എനിക്ക് നല്‍കിയ എല്ലാ അവസരങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ക്കും നന്ദിയുണ്ട്്- രാജിക്കത്തില്‍ പറയുന്നു.

അധികാരിയുടെ രാജി ലഭിച്ച വിവരം ബംഗാള്‍ നിയമസഭാ സ്പീക്കര്‍ ബിമന്‍ ബാനര്‍ജി സ്ഥിരീകരിച്ചു. അതേകുറിച്ച് കൂടുതലെന്തെങ്കിലും പ്രതികരിക്കാന്‍ അദ്ദേഹം വിസമ്മതിച്ചു.

അധികാരി താമസിയാതെ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് മറ്റൊരു വിമത എംഎല്‍എ ജിതേന്ദ്ര തിവാരി അവകാശപ്പെട്ടു. തനിക്ക് അതേ കുറിച്ച് സൂചന നല്‍കിയെന്നാണ് അവകാശവാദം.

അധികാരി ബിജെപിയില്‍ ചേര്‍ന്നാല്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് മമതാ ബാനര്‍ജിയുടെ സര്‍ക്കാര്‍ നിലംപതിക്കുമെന്ന ഭീഷണിയുമായി ബിജെപി എംപി അര്‍ജുന്‍ സിങ് ഏതാനും ആഴ്ചമുമ്പ് രംഗത്തുവന്നിരുന്നു. അധികാരി വരികയാണെങ്കില്‍ ഒപ്പം നിരവധി തൃണമൂല്‍ പാര്‍ട്ടിപ്രവര്‍ത്തകരും ബിജെപിയിലേക്കെത്തുമെന്നായിരുന്നു അവകാശവാദം.

നവംബര്‍ 27 നാണ് സുവേന്ദു അധികാരി മന്ത്രിസ്ഥാനം രാജിവച്ച് പുറത്തുവന്നത്. മമതാ മന്ത്രിസഭയിലെ ഗതാഗത, ജലസേചന വകുപ്പ് മന്ത്രിയായിരുന്നു സുവേന്ദു അധികാരി. ഏതാനും മാസങ്ങളായി അധികാരി തൃണമൂലുമായി അകന്നാണ് കഴിഞ്ഞിരുന്നത്. പാര്‍ട്ടിയുമായി ബന്ധമില്ലാത്ത നിരവധി യോഗങ്ങളില്‍ അദ്ദേഹം ഇക്കാലത്ത് പങ്കെടുക്കുകയും ചെയ്തു. അധികാരിയെ പാര്‍ട്ടിയിലേക്ക് തിരിച്ചെത്തിക്കുന്നതിനുള്ള ചില ശ്രമങ്ങള്‍ നടന്നെങ്കിലും വിജയിച്ചില്ല. ടിഎംസി എംപി സൗഗതാ റോയി, അധികാരിയുമായി കൂടിക്കാഴ്ച നടത്തി പരാജയപ്പെട്ടെന്നാണ് റിപോര്‍ട്ട്.

Next Story

RELATED STORIES

Share it