Latest News

ന്യൂനപക്ഷ വകുപ്പ്, 80:20 അനുപാതം, മദ്രാസാധ്യാപക ശമ്പളം; സര്‍ക്കാര്‍ നടപടികള്‍ അക്കമിട്ട് വിശദീകരിച്ച് മുന്‍ മന്ത്രി കെടി ജലീല്‍

മകന്‍ മരിച്ചിട്ടാണെങ്കിലും മരുമകളുടെ കണ്ണീര് കാണാന്‍ ആഗ്രഹിച്ച അമ്മായിപ്പോലെ- ലീഗ് വിമര്‍ശനത്തെ ചൂണ്ടിക്കാട്ടിയും കെടി ജലീല്‍

ന്യൂനപക്ഷ വകുപ്പ്, 80:20 അനുപാതം, മദ്രാസാധ്യാപക ശമ്പളം; സര്‍ക്കാര്‍ നടപടികള്‍ അക്കമിട്ട് വിശദീകരിച്ച് മുന്‍ മന്ത്രി കെടി ജലീല്‍
X

തിരുവനന്തപുരം: ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍, 80:20 അനുപാതം, മദ്രസാദ്ധ്യാപകര്‍ക്ക് സര്‍ക്കാര്‍ ശമ്പളം തുടങ്ങിയ ആക്ഷേപങ്ങള്‍ക്ക് അക്കമിട്ടു മറുപടി നല്‍കുകയാണ് മുന്‍ മന്ത്രി കെടി ജലീല്‍. തന്റെ കാലത്ത് ന്യൂനപക്ഷ ക്ഷേമ വകുപ്പില്‍ നടപ്പിലാക്കിയ കാര്യങ്ങളും കെടി ജലീല്‍ വിശദീകരിക്കുന്നുണ്ട്. ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കുന്ന കോശി കമ്മിഷനെക്കുറിച്ചും ഫേസ് ബുക് പോസ്റ്റില്‍ പരാമര്‍ശമുണ്ട്.


ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് എന്തൊക്കെ ക്ഷേമ പ്രവര്‍ത്തനങ്ങളാണ് നടന്നതെന്ന് ചോദിക്കുന്നവരുടെ അറിവിലേക്കാണ് ഈ കുറിപ്പ്.

സച്ചാര്‍ കമ്മിറ്റി റിപോര്‍ട്ടിലെയും അതിന്റെ അടിസ്ഥാനത്തില്‍ പഠിച്ച് സമര്‍പ്പിക്കപ്പെട്ട പാലൊളി കമ്മിറ്റി റിപോര്‍ട്ടിലെയും ശുപാര്‍ശകള്‍ ഘട്ടം ഘട്ടമായേ ഏതൊരു സര്‍ക്കാരിനും നടപ്പിലാക്കാന്‍ കഴിയുകയുള്ളൂ. വിവിധ തുറകളിലെ മുസലിം ഉദ്യോഗാര്‍ത്ഥികളുടെ കുറവ് പരിഹരിക്കാന്‍ ബന്ധപ്പെട്ട മേഖലകളിലേക്ക് അവരിലെ നിര്‍ധനരെ ആകര്‍ഷിക്കാന്‍ സ്‌കോളര്‍ഷിപ്പുകള്‍ ഏര്‍പ്പെടുത്തണമെന്ന പാലൊളി കമ്മിറ്റിയുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ പ്രസക്തമെന്ന് തോന്നുന്ന പദ്ധതികള്‍ വിഎസ് സര്‍ക്കാറിന്റെ കാലത്തും അത് കഴിഞ്ഞു വന്ന യുഡിഎഫ് സര്‍ക്കാറിന്റെ കാലയളവിലും നടപ്പിലാക്കിയിരുന്നു. തുടര്‍ന്നുവന്ന ഒന്നാം പിണറായി സര്‍ക്കാരും ആ പാത തന്നെ പിന്തുടര്‍ന്നു. വിവിധ സര്‍ക്കാര്‍ ഉദ്യോഗ മേഖലയില്‍ മുസ്‌ലിം ഉദ്യോഗാര്‍ത്ഥികളുടെ കുറവ് പരിഹരിക്കപ്പെടുന്നത് വരെ ഇത്തരം പ്രത്യേക സ്‌കീമുകള്‍ പ്രസക്തമാണ് താനും. ഈയുള്ളവന്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് കൈകാര്യം ചെയ്യവെ നടപ്പിലാക്കിയ പദ്ധതികളുടെ സംക്ഷിപ്തമാണ് ചുവടെ.

1) 1000 വിധവകള്‍ക്ക് ഭവന പുനരുദ്ധാരണത്തിന് 50000 രൂപ സഹായം നല്‍കുന്ന ഇമ്പിച്ചിബാവാ വിധവാ ഭവന പുനരുദ്ധാരണ സ്‌കീം.

2) നഴ്‌സിങിനും പാരാമെഡിക്കലിനും പഠിക്കുന്ന 300 കുട്ടികള്‍ക്ക് 15000 രൂപ വെച്ചുള്ള സ്‌കോളര്‍ഷിപ്പ് പദ്ധതി.

3) പത്ത് മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് 10 ലക്ഷം രൂപയുടെ വിദേശ പഠന സ്‌കോളര്‍ഷിപ്പ്.

4) എസ്എസ്എല്‍സി, +2, ഫുള്‍ എപ്ലസ് നേടിയ വിദ്യാര്‍ത്ഥികളും 80% മാര്‍ക്കോടെ ഡിഗ്രി പാസ്സായവരുമായ 3300 വിദ്യാര്‍ത്ഥികള്‍ക്ക് 10,000, 15000 രൂപ വെച്ച് നല്‍കുന്ന പ്രൊഫസര്‍ ജോസഫ് മുണ്ടശ്ശേരി സ്‌കോളര്‍ഷിപ്പ്.

5) യിജിസി - നെറ്റ് പരിശീലനം ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന പദ്ധതി.

6) പ്രീമാരിറ്റല്‍ കൗണ്‍സിലിങ് ഇതിനകം 181 ബാച്ചുകളിലായി 6500 യുവതീയുവാക്കള്‍ക്ക് കൗണ്‍സിലിങ് നല്‍കിയ പദ്ധതി. പ്രസ്തുത പ്രൊജക്ട് ഇപ്പോഴും തുടരുന്നു.

7) പൊന്നാനി ന്യൂനപക്ഷ പിഎസ് സി പരിശീലന കേന്ദ്രത്തിന് പുതിയ കെട്ടിടം യാഥാര്‍ത്ഥ്യമാക്കി.

നാഷനല്‍ ടാലന്റ് സര്‍ച്ച് പരിശീലനം ഒരു വര്‍ഷത്തില്‍ 200 പേര്‍ക്ക് ഓരോ വര്‍ഷവും നല്‍കുന്ന പ്രോഗ്രാം.

9) ന്യൂനപക്ഷ ക്ഷേമ വകുപ്പ് ആസ്ഥാന നവീകരണം യാഥാര്‍ത്ഥ്യമാക്കി.

10) 10000 ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് വ്യക്തിത്വ വികസനത്തിനും കരിയര്‍ വികാസത്തിനുമായുള്ള 'എക്‌സ്‌പ്ലോറിങ് ഇന്ത്യ' പ്രോഗ്രാം. ഇവരില്‍ ഏറ്റവും മിടുക്കരായ 120 വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുത്ത് ഫ്‌ലൈറ്റ് യാത്ര ഉള്‍പ്പടെ ഒരു ഡല്‍ഹി ട്രിപ്പ്. ഫ്‌ലൈറ്റ് യാത്രക്കുള്ള ചെലവ് സ്‌പോണ്‍സര്‍ഷിപ്പിലൂടെയാണ് സംഘടിപ്പിച്ചത്. ന്യൂനപക്ഷ വിഭാഗങ്ങളിലെ പുതുതലമുറയില്‍ വളരുന്ന അരക്ഷിത ബോധം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു പദ്ധതിക്ക് രൂപകല്‍പന ചെയ്തത്. ഇതും ഒരു തുടര്‍ പ്രൊജക്ടാണ്.

11) മദ്രസാദ്ധ്യാപക ക്ഷേമനിധി പാലൊളിയുടെ കാലത്ത് രൂപീകരിച്ചിരുന്നെങ്കിലും ആനുകൂല്യങ്ങള്‍ ഉള്‍പ്പടെ ഭരണപരവും നയപരവുമായ കാര്യങ്ങള്‍ തീരുമാനിക്കാന്‍ മദ്രസകള്‍ നടത്തുന്ന വിവിധ സംഘടനകളുടെയും അദ്ധ്യാപകരുടെയും പ്രതിനിധികളെ ഉള്‍പെടുത്തി നിയമം വഴി മദ്രസാദ്ധ്യാപക ക്ഷേമനിധി ബോര്‍ഡ് നിലവിലുണ്ടായിരുന്നില്ല. ആ കുറവ് നികത്താന്‍ മറ്റെല്ലാ ക്ഷേമനിധികളെയും പോലെ ഭരണ നിര്‍വഹണ ബോര്‍ഡ് നിയമം വഴി രൂപീകരിച്ചു. തദ്വാരാ കൂടുതല്‍ ആനുകൂല്യങ്ങള്‍ മദ്രസാദ്ധ്യാപകര്‍ക്ക് നല്‍കാന്‍ സാധിച്ചു. അംഗങ്ങളില്‍ നിന്നും മദ്രസ്സാ മാനേജ്‌മെന്റുകളില്‍ നിന്നും സ്വരൂപിക്കുന്ന വിഹിതം ഉപയോഗിച്ച് മാത്രമാണ് ഈ ആനുകൂല്യങ്ങള്‍ നല്‍കുന്നത്. ഏകദേശം 25 കോടിയോളം രൂപ സര്‍ക്കാര്‍ ട്രഷറിയില്‍ നിക്ഷേപിച്ചതിന് പലിശക്ക് പകരമായി ഗവണ്‍മെന്റ് നല്‍കുന്ന ഇന്‍സെന്റീവല്ലാത്ത ഒരു ചില്ലിപ്പൈസ പോലും പൊതു ഖജനാവില്‍ നിന്ന് മദ്രസാദ്ധ്യാപകര്‍ക്ക് ആനുകൂല്യമായി നല്‍കുന്നില്ല. ഞാന്‍ നിയമ സഭയില്‍ പറഞ്ഞു എന്ന വ്യാജേന താഴെ ഇമേജായി നല്‍കിയ ഒരു വാറോല വ്യാപകമായി തല്‍പര കക്ഷികള്‍ പ്രചരിപ്പിക്കുന്നുണ്ട്. സൗഹൃദത്തിലും സ്‌നേഹത്തിലും ജീവിക്കുന്ന ജനവിഭാഗങ്ങളെ തമ്മില്‍ തല്ലിക്കാന്‍ വേണ്ടി മാത്രമാണ് ഈ നുണ പ്രചരണം.

12) എട്ടുപുതിയ ന്യൂനപക്ഷ മല്‍സര പരീക്ഷാ കേന്ദ്രങ്ങളും (തലശ്ശേരി, പേരാമ്പ്ര, ആലത്തിയൂര്‍, വളാഞ്ചേരി, പട്ടാമ്പി, മട്ടാഞ്ചേരി, കുണ്ടറ, കായങ്കുളം) 16 ഉപകേന്ദ്രങ്ങളും ആരംഭിച്ചു.

13) ന്യൂനപക്ഷ വിദ്യാര്‍ഥികളില്‍ ദേശീയേല്‍ഗ്രഥന പ്രധാനമായ വിഷയങ്ങളില്‍ ഗവേഷണ ത്വര പ്രോല്‍സാഹിപ്പിക്കുന്നതിന് അവര്‍ക്ക് താമസിച്ച് ഗവേഷണം നടത്താന്‍ ബൃഹത്തായ ലൈബ്രറി സംവിധാനത്തോടെയുള്ള ഒരു ന്യൂനപക്ഷ പഠന ഗവേഷണ കേന്ദ്രം സംസ്ഥാനത്ത് ആദ്യമായി സ്ഥാപിക്കാന്‍ പദ്ധതിയിടുകയും ഇതിനാവശ്യമായ 5 ഏക്കര്‍ സ്ഥലം രാമനാട്ടുകരയില്‍ സാഫി ഇന്‍സ്റ്റിറ്റിയൂട്ട് അധികൃതരില്‍ നിന്ന് സൗജന്യമായി സര്‍ക്കാരിലേക്ക് ലഭ്യമാക്കുകയും ചെയ്തു. തല്‍സംബന്ധമായ എംഒയു ഉടന്‍ ഒപ്പുവെക്കും.

14) അന്യാധീനപ്പെട്ട് പല മാടമ്പിമാരും സ്വന്തമാക്കി വെച്ച് അനുഭവിച്ചിരുന്ന കണ്ണായ സ്ഥലങ്ങളിലുള്ള വഖഫ് ഭൂമികളും സ്വത്തുവഹകളും സമഗ്ര സര്‍വ്വേ നടത്തി കണ്ടെത്തുകയും അവ വഖഫ് ബോര്‍ഡിന്റെതാക്കാന്‍ വഖഫ് സര്‍വ്വേ കമ്മീഷണറെ നിയോഗിക്കുകയും ചെയ്തു. ഓരോ ജില്ലയിലേയും കളക്ടര്‍മാരുടെ നേതൃത്വത്തില്‍ നടന്ന സര്‍വ്വേ പ്രവൃത്തി 90 ശതമാനവും പൂര്‍ത്തിയാക്കി. വരുന്ന ഒരു കൊല്ലത്തിനിടയില്‍ സംസ്ഥാന വഖഫ് ബോര്‍ഡിന്റെ വരുമാനം പതിന്‍മടങ്ങ് വര്‍ധിപ്പിക്കാന്‍ ഇതിലൂടെ സാധിക്കും. കേന്ദ്ര വഖഫ് മന്ത്രാലയത്തിന്റെ പ്രശംസ ഇക്കാര്യത്തില്‍ ലഭിച്ചത് പ്രത്യേകം പ്രസ്താവ്യമാണ്.

15) ഹജ്ജ് ഹൗസില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ മൂന്ന് കോടി ചെലവിട്ട് സ്ത്രീകള്‍ക്കായി ഒരു പ്രത്യേക ബ്ലോക്ക് നിര്‍മ്മിക്കാനുള്ള പ്രവൃത്തിക്ക് തുടക്കമിട്ടു.

16) സംസ്ഥാനത്ത് ആദ്യമായി കരിപ്പൂരും കൊച്ചിയിലുമായി രണ്ട് ഹജ്ജ് എംബാര്‍കേഷന്‍ പോയിന്റുകള്‍ പ്രയോഗവല്‍കരിക്കാന്‍ നേതൃത്വം നല്‍കി.

17) കേന്ദ്ര സര്‍ക്കാരിന്റെ ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ കുറ്റമറ്റ രീതിയില്‍ സമയബന്ധിതമായി നടപ്പിലാക്കുന്നതില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്തെത്താന്‍ കേരളത്തെ പ്രാപ്തമാക്കി.

2006 -11 കാലയളവില്‍ വിഎസ് ഗവണ്‍മെന്റ് നടപ്പിലാക്കിയ പദ്ധതികളും 2011 -16 കാലത്ത് യുഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികളും മുടക്കം കൂടാതെ ഇതിനു പുറമെ നടന്ന് വരുന്നുണ്ട്. ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ചുമതല ഞാന്‍ വഹിച്ചിരുന്ന സമയത്ത് നടപ്പിലാക്കാനായ പദ്ധതികളാണ് മേല്‍ വിശദീകരിച്ചത്. കേരളത്തിലെ മുസ്‌ലിം പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ ലക്ഷ്യം വെച്ചു പാലൊളി കമ്മിറ്റി സമര്‍പ്പിച്ച റിപോര്‍ട്ടിലെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ വിഎസ് സര്‍ക്കാരിന്റെ കാലത്തും യുഡിഎഫിനെ ഭരണ കാലയളവിലും നടപ്പിലാക്കിയ പദ്ധതികളില്‍ സ്വീകരിച്ച മുസ്‌ലിം കൃസ്ത്യന്‍ ഗുണഭോക്തൃ അനുപാതം 80:20 ആണെന്ന പോലെ ഒന്നാം പിണറായി ഭരണത്തിലും സച്ചാര്‍ റിപോര്‍ട്ടിന്റെ വെളിച്ചത്തില്‍ നടപ്പിലാക്കിയ പദ്ധതികളും 80:20 അനുപാതത്തിലാണ് നടപ്പിലാക്കിയിട്ടുള്ളത്. എന്നാല്‍ ന്യൂനപക്ഷങ്ങള്‍ എന്ന നിലയില്‍ പൊതുവില്‍ നല്‍കപ്പെടുന്ന സ്വയം തൊഴില്‍ പദ്ധതികള്‍ക്കുള്ള സംസ്ഥാന ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷന്റെ സ്‌കീമുകളും ന്യൂനപക്ഷ വിഭാഗങ്ങളിലെ അപേക്ഷകരിലെ യോഗ്യതക്കനുസരിച്ചാണ് നല്‍കുന്നത്. കേന്ദ്രാവിഷ്‌കൃത പദ്ധതികളും അര്‍ഹതപ്പെട്ട മുഴുവന്‍ ന്യൂനപക്ഷ വിഭാഗങ്ങളില്‍ പെടുന്നവര്‍ക്കും നല്‍കി വരുന്നുണ്ട്.

കേരളത്തിലെ ജനസംഖ്യയില്‍ 26 ശതാമാനം വരുന്ന മുസ്‌ലിംങ്ങള്‍ മുഴുവനും സംവരണാനുകൂല്യമുള്ള പിന്നോക്കക്കാരാണെങ്കില്‍ 18% വരുന്ന െ്രെകസ്തവ ന്യൂനപക്ഷങ്ങളില്‍ 20 ശതാമാനം മാത്രമാണ് സംവരണത്തിന് അര്‍ഹരായ പിന്നോക്ക വിഭാഗക്കാര്‍

(ലത്തീന്‍ കത്തോലിക്കരും പരിവര്‍ത്തിത ക്രൈസ്തവരും). 80% ക്രൈസ്തവ സഹോദരന്‍മാരും സംവരണാനുകൂല്യം ലഭിക്കാത്ത മുന്നോക്ക വിഭാഗമായാണ് ഗണിക്കപ്പെടുന്നത്.

പാലൊളി കമ്മിറ്റിയുടെ ശുപാര്‍ശകള്‍ നടപ്പിലാക്കുമ്പോള്‍ വരുന്ന ഗുണഭോക്തൃ അനുപാതത്തിലെ അസന്തുലിതാവസ്ഥ ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രിക്ക് ചില സംഘടനകള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേരളത്തിലെ െ്രെകസ്തവ ജനവിഭാഗത്തിന്റെ വര്‍ത്തമാന സാമൂഹ്യ സാമ്പത്തിക സ്ഥിതിയെ സംബന്ധിച്ച് സമഗ്രമായി പഠിക്കാന്‍ സച്ചാര്‍ കമ്മിറ്റിക്കും പാലൊളി കമ്മിറ്റിക്കും സമാനമായി റിട്ടയേഡ് ജസ്റ്റിസ് കോശിയുടെ നേതൃത്വത്തില്‍ ഒരു കമ്മിറ്റിയെ ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാന കാലത്ത് നിയമിച്ചത്. പ്രസ്തുത കമ്മിറ്റി സമര്‍പ്പിക്കുന്ന റിപോര്‍ട്ടിലെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ പുതിയ പദ്ധതികള്‍ രണ്ടാം പിണറായി സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കും. അതിന്റെ അനുപാതവും 80:20 തന്നെയാകും. 80% െ്രെകസ്തവരും 20% മറ്റു ന്യൂനപക്ഷങ്ങളും.

കഴിഞ്ഞ എല്‍ഡിഎഫ് ഭരണ കാലത്ത് 80:20 അനുപാതവുമായി ബന്ധപ്പെട്ടോ മദ്രസാദ്ധ്യാപക ക്ഷേമനിധിയുമായി ബന്ധപ്പെട്ടോ ഒരു പരാതി ആരും ഉയര്‍ത്തിയതായി കേട്ടിട്ടില്ല. സമാന സമീപനം ഇരു കാര്യങ്ങളിലും പിന്തുടരുക മാത്രം ചെയ്ത ഇടതുപക്ഷ സര്‍ക്കാറിനെ താറടിക്കാനും െ്രെകസ്തവ സമൂഹത്തില്‍ ഒറ്റപ്പെടുത്താനും ബിജെപിയും യുഡിഎഫും ചില ക്ഷുദ്ര ശക്തികളെ കൂട്ടുപിടിച്ച് നടത്തിയ കുപ്രചരണങ്ങളാണ് മുസ്‌ലിം ക്രൈസ്തവ സമൂഹങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണകള്‍ ഉണ്ടാക്കിയത്. ഞാന്‍ ന്യൂനപക്ഷ വകുപ്പിന്റെ ചുമതലക്കാരനായിരുന്നതിനാല്‍ പരമാവധി എന്നെ മോശക്കാരനാക്കാന്‍ മുസ്‌ലിംലീഗും ലീഗനുകൂലികളും മല്‍സര ബുദ്ധിയോടെ കല്ലുവെച്ച നുണകള്‍ പ്രചരിപ്പിക്കുന്നതില്‍ അത്യാഹ്ലാദം കണ്ടെത്തി. മകന്‍ മരിച്ചിട്ടാണെങ്കിലും മരുമകളുടെ കണ്ണീര് കാണാന്‍ ആഗ്രഹിച്ച അമ്മായി അമ്മയെപ്പോലെ.

ഒരു വ്യക്തിയോടോ ജനവിഭാഗത്തോടോ അറിഞ്ഞ്‌കൊണ്ട് ഒരന്യായവും പ്രവര്‍ത്തിച്ചിട്ടില്ല. പ്രവര്‍ത്തിക്കുകയുമില്ല. അര്‍ഹതപ്പെട്ടത് എല്ലാവര്‍ക്കും ലഭിക്കണം. സാമൂഹ്യനീതി ഉറപ്പുവരുത്താന്‍ മന്ത്രിയായിരിക്കെ കഴിവിന്റെ പരമാവധി ശ്രമിച്ചിട്ടുണ്ട്. അതിനിയും തുടരും. നീതി നിര്‍വ്വഹണ വഴിയില്‍ ഒരു മുതലാളി സമുദായ നേതാവിന്റെ ഉമ്മാക്കി കണ്ടും ഭയപ്പെട്ട് പകച്ചു നിന്നിട്ടില്ല. പിന്‍മാറിയിട്ടുമില്ല. പിന്‍മാറുകയുമില്ല.

Next Story

RELATED STORIES

Share it