Latest News

സര്‍ക്കാരിനെ അട്ടിമറക്കാന്‍ ശ്രമിച്ചെന്ന്: ഈജിപ്തില്‍ മുന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിക്ക് 15 വര്‍ഷം തടവ് ശിക്ഷ

സര്‍ക്കാരിനെ അട്ടിമറക്കാന്‍ ശ്രമിച്ചെന്ന്: ഈജിപ്തില്‍ മുന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിക്ക് 15 വര്‍ഷം തടവ് ശിക്ഷ
X

കെയ്‌റോ: സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചന ഉള്‍പ്പെടെയുള്ള ആരോപണങ്ങളില്‍ ഈജിപ്ഷ്യന്‍ മുന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി അബ്ദുല്‍ മൊനെയിം അബൗള്‍ ഫൊത്തൂഹിനെ കോടതി 15 വര്‍ഷം ജയില്‍ശിക്ഷവിധിച്ചു. മുസ്ലീം ബ്രദര്‍ഹുഡിലെ നിരവധി പ്രമുഖര്‍ക്കെതിരേയും ശിക്ഷവിധിച്ചിട്ടുണ്ട്.

70 വയസ്സിനുമുകളിലുള്ള അബൗള്‍ ഫൊത്തൂഹിന് നിരവധി ആരോഗ്യപ്രശ്‌നങ്ങളുണ്ട്. ശിക്ഷാവിധിക്കെതിരേ കുടുംബം അപ്പീല്‍നല്‍കും.

ആയിരക്കണക്കിന് രാഷ്ട്രീയക്കാരും ആക്ടിവിസ്റ്റുകളും പത്രപ്രവര്‍ത്തകരും അന്യായമായ വിചാരണകള്‍ക്ക് ശേഷം ഈജിപ്തില്‍ തടവിലാക്കപ്പെട്ടിട്ടുണ്ടെന്നാണ് മനുശ്യാവകാശ സംഘടനകള്‍ പറയുന്നത്.

രാഷ്ട്രീയത്തില്‍ മതത്തിന്റെ പങ്കിനെക്കുറിച്ചുള്ള അഭിപ്രായവ്യത്യാസങ്ങളെത്തുടര്‍ന്ന് 2011ല്‍ മുസ്ലീം ബ്രദര്‍ഹുഡില്‍ നിന്ന് അബൗള്‍ ഫൊത്തൂ രാജിവച്ച് 2012ല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മല്‍സരിച്ചിരുന്നു.

രാജ്യത്ത് അശാന്തിവിതക്കാന്‍ അദ്ദേഹം ബ്രദര്‍ഹുഡ് നേതാക്കളുമായി ഗൂഢാലോചന നടത്തിയെന്നാണ് സര്‍ക്കാരിന്റെ ആരോപണം. അദ്ദേഹം അത് നിഷേധിച്ചു.

ഇപ്പോഴത്തെ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സിസി വീണ്ടും തിരഞ്ഞെടുക്കപ്പെടുന്നതിന് ഒരു മാസം മുമ്പ്, അദ്ദേഹത്തെ നിശിതമായി വിമര്‍ശിക്കുന്ന അഭിമുഖങ്ങള്‍ നല്‍കിയിരുന്നു. തൊട്ടുപിന്നാലെയാണ് 2018 ഫെബ്രുവരിയില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

10 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട അബൂള്‍ ഫൊത്തൂഹിന്റെ ഡെപ്യൂട്ടി മുഹമ്മദ് അല്‍ ഖസ്സാസ്, 2020ല്‍ കെയ്‌റോയില്‍ തടവിലാക്കപ്പെട്ട മുന്‍ ആക്ടിംഗ് ബ്രദര്‍ഹുഡ് നേതാവ് മഹ്മൂദ് ഇസാത്, 15 വര്‍ഷം തടവുശിക്ഷ അനുഭവിച്ച ബ്രദര്‍ഹുഡ് നേതാവ് ഇബ്രാഹിം മൗനിര്‍ എന്നിവരും ഞായറാഴ്ച ശിക്ഷിക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.

2013ല്‍ നടന്ന ജനകീയ പ്രതിഷേധങ്ങളെത്തുടര്‍ന്ന് ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ബ്രദര്‍ഹുഡ് പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ അട്ടിമറിച്ചാണ് സൈനിക മേധാവി സിസി നേതൃത്വത്തിലെത്തുന്നത്. തുടര്‍ന്ന് ബ്രദര്‍ഹുഡിനെ നിരോധിച്ചു.

ബ്രദര്‍ഹുഡ് തീവ്രവാദവും അട്ടിമറിയും പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് ആരോപണം.

Next Story

RELATED STORIES

Share it