Latest News

'കോണ്‍ഗ്രസിന്റെ രക്ഷയ്ക്ക് തരൂര്‍ വരട്ടെ'; പാലായില്‍ തരൂരിനെ അനുകൂലിച്ച് ഫഌക്‌സ് ബോര്‍ഡുകള്‍

കോണ്‍ഗ്രസിന്റെ രക്ഷയ്ക്ക് തരൂര്‍ വരട്ടെ; പാലായില്‍ തരൂരിനെ അനുകൂലിച്ച് ഫഌക്‌സ് ബോര്‍ഡുകള്‍
X

കോട്ടയം: എഐസിസി അധ്യക്ഷ തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമായിരിക്കെ പാലായില്‍ സ്ഥാനാര്‍ഥിയായ ശശി തരൂരിന് അനുകൂലമായി ഫഌക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു. കോണ്‍ഗ്രസിന്റെ രക്ഷയ്ക്കും രാജ്യത്തിന്റെ നന്‍മയ്ക്കും ശശി തരൂര്‍ വരട്ടെ എന്ന ഫഌക്‌സ് ആണ് പാലാ കൊട്ടാരമറ്റത്ത് സ്ഥാപിച്ചിരിക്കുന്നത്. എന്നാല്‍, ആരുടെയും പേരിലല്ല ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഭിന്നാഭിപ്രായങ്ങള്‍ ഉടലെടുത്തിരുന്നു.

കോണ്‍ഗ്രസിലെ ഒരുവിഭാഗം തരൂരിനെ പരസ്യമായി പിന്തുണച്ചപ്പോള്‍ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടുന്ന ഒരുവിഭാഗം മല്ലികാര്‍ജുന്‍ ഗാര്‍ഗെയ്ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചുവന്നത്. സമൂഹമാധ്യമങ്ങളിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ ശശി തരൂരിന് പിന്തുണയേറുകയാണ്. കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ ശശി തരൂരിനെതിരേ കേരളത്തിലെ പ്രധാന നേതാക്കള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന് അനുകൂലമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

അതേസമയം, പാലായില്‍ ശശി തരൂരിന് അനുകൂലമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി പ്രാദേശിക നേതൃത്വം രംഗത്തുവന്നു. പാര്‍ട്ടി ഔദ്യോഗികമായി വച്ച ബോര്‍ഡല്ലെന്നും പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നത് തരൂരിനെയാണെന്നും മണ്ഡലം പ്രസിഡന്റ് തോമസ് ആര്‍ വി ജോസ് വ്യക്തമാക്കുന്നു. ശശി തരൂര്‍ വിജയിക്കണമെന്നാണ് കോണ്‍ഗ്രസിലെ യുവജനങ്ങളും ഭൂരിഭാഗം പ്രവര്‍ത്തകരും ആഗ്രഹിക്കുന്നത്. ഫഌക്‌സ് ബോര്‍ഡിന് പിന്നില്‍ കോണ്‍ഗ്രസ് ആണോ എന്ന ചോദ്യത്തിന് മറുപടി ശശി തരൂരിനെയാണ് ആഗ്രഹിക്കുന്നത് എന്നായിരുന്നു. എ ഗ്രൂപ്പിന്റെ പ്രധാന തട്ടകമാണ് പാലായെന്നതും ശ്രദ്ധേയമാണ്.

മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് ഔദ്യോഗിക സ്ഥാനാര്‍ഥി എന്ന തരത്തിലാണ് നേതാക്കള്‍ പ്രചരണം നടത്തുന്നത്. കേരളത്തിലെ ഒരു പ്രധാനപ്പെട്ട നേതാവിന്റെ പോലും പിന്തുണ നേടാന്‍ ശശി തരൂരിന് കഴിഞ്ഞില്ല. രമേശ് ചെന്നിത്തലയാവട്ടെ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കായി നാല് സംസ്ഥാനങ്ങളില്‍ പ്രചരണത്തിനിറങ്ങാനും തയ്യാറെടുക്കുകയാണ്. മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഗാന്ധി കുടുംബത്തിന് താല്‍പ്പര്യമുള്ള സ്ഥാനാര്‍ഥി എന്ന നിലയിലാണ് പ്രചരണം.

നേതാക്കള്‍ നേരിട്ട് രംഗത്തിറങ്ങുന്നതോടെ കേരളത്തില്‍ നിന്ന് പരമാവധി വോട്ടുകള്‍ സമാഹരിക്കുക എന്ന തരൂരിന്റെ ലക്ഷ്യം എളുപ്പത്തില്‍ നടപ്പാവില്ല. കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് ഭൂരിപക്ഷം കിട്ടുമെന്നാണ് ശശി തരൂരിന്റെ പ്രതീക്ഷ. തനിക്ക് പരസ്യമായി പിന്തുണ നല്‍കാന്‍ പല നേതാക്കള്‍ക്കും ബുദ്ധിമുട്ടുണ്ടാവും. അവരെ മനസ്സിലാക്കുന്നു. ചിന്തിച്ച് വോട്ടുചെയ്താല്‍ മതിയെന്നും കേരളത്തില്‍ നിന്ന് എത്ര വോട്ട് ലഭിക്കുമെന്ന് പറയാനാവില്ലെന്നുമാണ് ശശി തരൂര്‍ എംപി പ്രതികരിച്ചത്.

Next Story

RELATED STORIES

Share it