Latest News

സോജില ചുരത്തില്‍ ഹിമപാതം; കുഞ്ഞടക്കം അഞ്ചുമരണം, ഏഴു പേര്‍ക്ക് പരിക്കേറ്റു (വീഡിയോ)

സോജില ചുരത്തില്‍ ഹിമപാതം; കുഞ്ഞടക്കം അഞ്ചുമരണം, ഏഴു പേര്‍ക്ക് പരിക്കേറ്റു (വീഡിയോ)
X

കാര്‍ഗില്‍: ലഡാക്കിനെയും കശ്മീരിനെയും ബന്ധിപ്പിക്കുന്ന സോജില ചുരത്തില്‍ ഉണ്ടായ ശക്തമായ ഹിമപാതത്തില്‍ പത്തുമാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചു. ഏഴുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മുഹമ്മദ് അലി (72), മുഹമ്മദ് യൂസഫ് (38), തൈബ ബാനു (36), ഷഹര്‍ ബാനു (32), ആസാദുള്ള (10 മാസം) എന്നിവരാണ് മരിച്ചത്. എല്ലാവരും കാര്‍ഗില്‍ സ്വദേശികളാണെന്നാണ് റിപോര്‍ട്ട്. ശ്രീനഗറിനെയും ലേഹിനെയും ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ സോജില ചുരത്തില്‍, സോന്‍മാര്‍ഗില്‍ നിന്ന് കാര്‍ഗിലിലേക്ക് സഞ്ചരിച്ച വാഹനങ്ങളാണ് ഹിമപാതത്തില്‍പ്പെട്ടത്. നിരവധി വാഹനങ്ങള്‍ ഇപ്പോഴും മഞ്ഞിനടിയില്‍ കുടുങ്ങികിടക്കുന്നതായാണ് വിവരം.

ദുരന്തനിവാരണ സേനയും ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷനും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ശക്തമാക്കിയിട്ടുണ്ട്. യുദ്ധകാലാടിസ്ഥാനത്തിലാണ് തിരച്ചിലും രക്ഷാപ്രവര്‍ത്തനവും പുരോഗമിക്കുന്നത്. അതേസമയം, സോജില ചുരത്തില്‍ ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കുന്നത് സുരക്ഷാ സംവിധാനങ്ങളിലെ കുറവാണെന്ന് വിമര്‍ശനം ഉയരുന്നു. കാലാവസ്ഥ അനുസരിച്ച് ഗതാഗതം നിയന്ത്രിക്കുന്ന ശാസ്ത്രീയ സംവിധാനങ്ങള്‍ നടപ്പാക്കണമെന്നും, എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാവുന്ന റോഡ് സൗകര്യം അടിയന്തരമായി ഉറപ്പാക്കണമെന്നും ആവശ്യപ്പെടുന്നു.

ഡിസംബര്‍ മുതല്‍ ഏപ്രില്‍ വരെ സാധാരണയായി അടച്ചിടുന്ന ഈ പാതയില്‍ കനത്ത മഞ്ഞുവീഴ്ച മൂലം യാത്ര ഏറെ അപകടകരമാണ്. പരിചയസമ്പന്നരായ ഡ്രൈവര്‍മാര്‍ക്ക് മാത്രമേ ഇതുവഴി സഞ്ചരിക്കാന്‍ കഴിയൂ. താഴ്വരയിലെ ടാക്‌സി ഡ്രൈവര്‍മാരാണ് വിനോദ സഞ്ചാരികളെ ചുരത്തിലേക്ക് എത്തിക്കുന്നത്. മഞ്ഞുവീഴ്ച ആസ്വദിക്കാനാണ് സഞ്ചാരികള്‍ കൂടുതലുമെത്തുന്നത്. 2022 മേയ് 26നു വാഹനം കൊക്കയിലേക്ക് മറിഞ്ഞ് ഒന്‍പത് കശ്മീരികള്‍ മരിച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബറിലും യാത്രക്കാരായ സഹോദരിമാര്‍ അപകടത്തില്‍ മരിച്ചിരുന്നു.

Next Story

RELATED STORIES

Share it