Latest News

അഭിപ്രായം പറയാന്‍ ഇന്ന് ഭയം തോന്നുന്നു: ആര്‍ രാജഗോപാല്‍

അഭിപ്രായം പറയാന്‍ ഇന്ന് ഭയം തോന്നുന്നു: ആര്‍ രാജഗോപാല്‍
X

കോഴിക്കോട്: അഭിപ്രായം പറയാന്‍ ഇന്ന് ഭയം തോന്നുകയാണെന്നും നാമറിയാതെ തന്നെ നമ്മിലേക്ക് ഭയം വരികയാണെന്നും ടെലഗ്രാഫ് എഡിറ്റര്‍ അറ്റ്‌ലാര്‍ജ് ആര്‍ രാജഗോപാല്‍. മുകുന്ദന്‍ സി മേനോന്‍ സുഹൃദ് സംഘത്തിന്റെ പ്രഥമ അവാര്‍ഡ് മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞകാലങ്ങളില്‍ എല്ലാ സത്യങ്ങളും വിളിച്ചുപറയാന്‍ എനിക്ക് ഒരു മടിയും ഉണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോഴെന്റെ ഉള്ളില്‍ ഭയം വരികയാണ്. രണ്ടുവര്‍ഷത്തിനിടെയാണ് ഇത്തരത്തിലുള്ള പ്രവണതയുണ്ടായത്. ഇപ്പോള്‍ സ്വതന്ത്രമായി അഭിപ്രായം പറഞ്ഞാല്‍ എന്റെ സ്ഥാപനം എന്നെ പിന്തുണയ്ക്കുമോയെന്ന് എനിക്ക് സംശയമാണ്. ഇത്തരത്തിലുള്ള പരിപാടികള്‍ സ്വതന്ത്രമാധ്യമപ്രവര്‍ത്തനത്തിനുള്ള പിന്തുണയാണ്. ഈ പരിപാടിയില്‍ സംബന്ധിക്കുന്നതിനെക്കുറിച്ച് കേരളത്തിനു പുറത്തെ പത്രപ്രവര്‍ത്തകരുമായി സംസാരിച്ചപ്പോള്‍ പങ്കെടുക്കരുതെന്നായിരുന്നു അവര്‍ മുന്നറിയിപ്പ് നല്‍കിയത്. എന്നാല്‍ കേരളത്തിലെ എന്റെ സുഹൃത്തുക്കള്‍ ഈ പരിപാടിയില്‍ പങ്കെടുക്കുക തന്നെ വേണമെന്നാണ് എന്നെ ഉപദേശിച്ചത്. കേരളത്തെ നാം എത്ര കുറ്റപ്പെടുത്തിയാലും ഇത്തരം പരിപാടികള്‍ നടത്താന്‍ കഴിയുന്നത് ഏറെ ആശ്വാസകരമാണെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യം അനുദിനം അകന്നുപോവുകയാണെന്നും കശ്മീര്‍ വിഷയത്തില്‍ അതാണ് കാണുന്നതെന്നും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഒ അബ്ദുല്ല പറഞ്ഞു. ജനാധിപത്യ അവകാശം അപഹസിക്കപ്പെടുന്ന ഇക്കാലത്ത് മുകുന്ദന്‍ സി മേനോന്റേത് പോലുള്ള ഇടപെടലുകതള്‍ സംഭവിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമപ്രവര്‍ത്തനം ഇന്ന് ക്രിമിനല്‍കുറ്റമാക്കി മാറ്റപ്പെടുകയാണെന്നും സര്‍ക്കാരുകളുടെ സ്റ്റെനോഗ്രഫര്‍മാരായി മാധ്യമപ്രവര്‍ത്തകരെ മാറ്റുകയാണെന്നും തെലങ്കാനയിലെ ദലിത്-സ്ത്രീ വിമോചന പ്രവര്‍ത്തക പ്രഫ. രമാസുന്ദരി പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ എപ്പോഴും സര്‍ക്കാരുകളുടെ നിരീക്ഷണത്തിലാണ്. അത് കശ്മീരിലായാലും ഇന്ത്യയുടെ വിവിധ സ്ഥലങ്ങളിലായാലും വ്യത്യാസമില്ലെന്നും അവര്‍ പറഞ്ഞു. തൊഴിലെടുത്തുമ്പോഴാണ് സിദ്ദീഖ് കാപ്പനെ അറസ്റ്റ് ചെയ്തതെന്നും ഇത് എല്ലാ മാധ്യപ്രവര്‍ത്തകര്‍ക്കുമുള്ള താക്കീതാണെന്നും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ജമാല്‍ കൊച്ചങ്ങാടി പറഞ്ഞു. സ്വന്തത്തെ മറന്ന് സമൂഹത്തിനു വേണ്ടി പ്രവര്‍ത്തിച്ച അസാമാന്യ വ്യക്തിയാണ് മുകുന്ദന്‍ സി മേനോനെന്നും ഇക്കാലത്ത് മാധ്യമപ്രവര്‍ത്തനം വായില്‍ തോന്നിയത് കോതയ്ക്കു പാട്ട് എന്നതിനേക്കാള്‍ കഷ്ടമായി മാറിയെന്നും മാധ്യമപ്രവര്‍ത്തകന്‍ പി എ എം ഹാരിസ് പറഞ്ഞു. മുകുന്ദന്‍ സി മേനോന്‍ ഉണ്ടായിരുന്നെങ്കില്‍ ഇന്ന് അദ്ദേഹത്തിന്റെ സ്ഥാനം ജയിലിലായിരിക്കുമെന്നും ജയിലിലടയ്ക്കപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ക്കും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും അവാര്‍ഡ് സമര്‍പ്പിക്കുന്നതായും മറുപടി പ്രസംഗത്തില്‍ സിദ്ദീഖ് കാപ്പന്‍ പറഞ്ഞു. കെ പി ഒ റഹ്മത്തുല്ല സ്വാഗതം പറഞ്ഞു. മുകുന്ദന്‍ സി മേനോന്‍ സുഹൃദ് സംഘം ജനറല്‍ കണ്‍വീനര്‍ എന്‍ പി ചെക്കുട്ടി അധ്യക്ഷത വഹിച്ചു. അഡ്വ. എം കെ ഷറഫുദ്ദീന്‍ നന്ദി പറഞ്ഞു.





Next Story

RELATED STORIES

Share it