Latest News

കാര്‍ഷിക ബില്ലുകള്‍ റദ്ദാക്കാന്‍ പ്രത്യേക പാര്‍ലമെന്ററി യോഗം വിളിക്കണമെന്ന് അനുരഞ്ജന ചര്‍ച്ചയില്‍ കര്‍ഷക സംഘടനകള്‍

കാര്‍ഷിക ബില്ലുകള്‍ റദ്ദാക്കാന്‍ പ്രത്യേക പാര്‍ലമെന്ററി യോഗം വിളിക്കണമെന്ന് അനുരഞ്ജന ചര്‍ച്ചയില്‍ കര്‍ഷക സംഘടനകള്‍
X

ന്യൂഡല്‍ഹി: കേന്ദ്രം പാസ്സാക്കിയ കാര്‍ഷിക നിയമം റദ്ദാക്കാന്‍ പ്രത്യേക പാര്‍ലമെന്ററി യോഗം വിളിച്ചുചേര്‍ക്കണമെന്ന് കര്‍ഷക സംഘടനകള്‍ ആവശ്യപ്പെട്ടു. ഡല്‍ഹിയില്‍ സമരം തുടങ്ങി രണ്ടാം തവണ നടക്കുന്ന അനുരഞ്ജന ചര്‍ച്ചയിലാണ് കര്‍ഷകര്‍ ഈ ആവശ്യം മുന്നോട്ടുവച്ചത്.

നേരത്തെ പാസ്സാക്കിയ കാര്‍ഷിക നിയമം റദ്ദാക്കാന്‍ പാര്‍ലമെന്ററി യോഗം വിളിച്ചുചേര്‍ക്കണമെന്ന് കര്‍ഷക സംഘടനാ പ്രതിനിധികള്‍ അനുരഞ്ജന ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു- ചര്‍ച്ചയില്‍ ഇടപെടുന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എഎന്‍ഐ റിപോര്‍ട്ട് ചെയ്തു.

കൃഷി മന്ത്രി നരേന്ദ്ര സിങ് തൊമര്‍, റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ തുടങ്ങിയവരാണ് ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ കര്‍ഷക സംഘടനാ പ്രതിനിധികളുമായി നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്.

ഇന്നു നടക്കുന്ന ചര്‍ച്ച വിജയിക്കുമെന്ന് ചര്‍ച്ചയ്ക്കു പോകുന്നതിനു മുമ്പ് കര്‍ഷക നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അതേസമയം തങ്ങളുടെ ആവശ്യം നിറവേറ്റും വരെ സമരത്തില്‍ ഉറച്ചുനിര്‍ക്കുമെന്നാണ് മിക്കവാറും നേതാക്കളുടെ നിലപാട്.

ഡല്‍ഹിയലും ഡല്‍ഹി ഹരിയാന അതിര്‍ത്തിയിലും മറ്റുമായി തുടരുന്ന ഡല്‍ഹി ഛലോ മാര്‍ച്ച് ഇന്നത്തോടെ എട്ടാം ദിവസത്തേക്ക് കടന്നു. സമരം ചെയ്യുന്ന കര്‍ഷകര്‍ തങ്ങള്‍ക്ക് കഴിക്കാനാവശ്യമായ ഭക്ഷ്യധാന്യങ്ങളുമായാണ് ഡല്‍ഹിയിലെത്തിയത്. തങ്ങള്‍ എത്ര മാസം കഴിഞ്ഞാലും ആവശ്യം നിറവേറ്റാതെ തിരിച്ചുപോകില്ലെന്നാണ് ഇത് നല്‍കുന്ന സൂചന. അതേസമയം തുടക്കത്തില്‍ വളരെ ലഘുവായാണ് കേന്ദ്രം സമരത്തെ വീക്ഷിച്ചിരുന്നത്. വിവിധ സംസ്ഥാനങ്ങളിലെ കര്‍ഷക സംഘടനകളും സംസ്ഥാന സര്‍ക്കാരുകള്‍ തന്നെ പിന്തുണ പ്രഖ്യാപിച്ചതോടെ പ്രതിഷേധത്തെ സര്‍ക്കാര്‍ ഗൗരവത്തിലെടുത്തു.

ബുധനാഴ്ച ആഭ്യന്തര മന്ത്രി അമിത് ഷാ, കൃഷിമന്ത്രിയെയും റയില്‍വേ മന്ത്രിയെയും കണ്ടിരുന്നു. തങ്ങളുടെ വകുപ്പുകളുടെ പ്രശ്നങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു. ഇരുവര്‍ക്കും പുറമേ പഞ്ചാബില്‍ നിന്നുള്ള എംപിയും വ്യവസായ സഹമന്ത്രിയുമായ സോം പ്രകാശും ചര്‍ച്ച നടക്കുന്ന വിജ്ഞാന്‍ കേന്ദ്രയിലുണ്ട്.

ചര്‍ച്ച നടക്കുന്നതിനു മുന്നോടയായി അമിത് ഷാ പഞ്ചാബ് മുഖ്യമന്ത്രിയുമായും ആശയവിനിമയം നടത്തിയിരുന്നു. പ്രശ്നം വേഗം പരിഹരിക്കണമെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ആഭ്യന്തര മന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.

Next Story

RELATED STORIES

Share it