Latest News

ഗോവധ നിരോധന നിയമം കര്‍ഷക വിരുദ്ധമെന്ന് കര്‍ണാടകയിലെ കര്‍ഷകര്‍

ബിജെപിയുടെ വോട്ടര്‍മാരെ പ്രീണിപ്പിക്കാന്‍ മാത്രമാണ് ഈ ബില്‍ പാസാക്കിയതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ഗോവധ നിരോധന നിയമം കര്‍ഷക വിരുദ്ധമെന്ന് കര്‍ണാടകയിലെ കര്‍ഷകര്‍
X

മൈസുരു: കര്‍ണാടകയിലെ ബിജെപി സര്‍ക്കാര്‍ പാസാക്കിയ ഗോവധ നിരോധന ബില്‍ കര്‍ഷക വിരുദ്ധമാണെന്നും തിരഞ്ഞെടുപ്പ് രാഷ്ട്രീയം മനസ്സില്‍ വച്ചുകൊണ്ടാണ് ഇത് കൊണ്ടുവന്നതെന്നും കര്‍ണാടകയിലെ മുന്‍നിര കര്‍ഷക സംഘടനയായ കര്‍ണാടക രാജ്യ റൈത്ത സംഘ പ്രസിഡന്റ് കോഡിഹള്ളി ചന്ദ്രശേഖര്‍ പറഞ്ഞു. ബിജെപിയുടെ വോട്ടര്‍മാരെ പ്രീണിപ്പിക്കാന്‍ മാത്രമാണ് ഈ ബില്‍ പാസാക്കിയതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിന്റെ ഈ നീക്കത്തെ അപലപിക്കുന്നതായും ചന്ദ്രശേഖര്‍ പറഞ്ഞു.


കോണ്‍ഗ്രസും ജെഡിയുവും ഉയര്‍ത്തിയ കടുത്ത എതിര്‍പ്പ് മറികടന്നാണ് കര്‍ണാടക സര്‍ക്കാര്‍ കന്നുകാലി കശാപ്പ് തടയല്‍, കന്നുകാലി സംരക്ഷണ ബില്‍ 2020 സംസ്ഥാന നിയമസഭയില്‍ പാസാക്കിയത്. പുതിയ നിയമത്തിന്റെ കരട് അനുസരിച്ച് എല്ലാ കന്നുകാലികളെയും പശു, പശുവിന്റെ പശുക്കിടാവ്, കാള എന്നിവയെ കശാപ്പ് ചെയ്യാന്‍ പാടില്ല. 13 വയസ്സിന് മുകളിലുള്ളവയെ മാത്രമേ ചില നിബന്ധനകളോടെ അറുക്കാനാവൂ. നിയമം ലംഘിച്ചാല്‍ 50,000 മുതല്‍ 10 ലക്ഷം രൂപ വരെ പിഴയും മൂന്ന് മുതല്‍ ഏഴ് വര്‍ഷം വരെ തടവുശിക്ഷയും ലഭിക്കും. എരുമകളെ അറുക്കാന്‍ അനുവദിക്കുന്ന മഹാരാഷ്ട്രയുടെ ഗോവധ നിരോധനത്തേക്കാള്‍ കര്‍ശനമാണ് കര്‍ണാടകയുടെ പുതിയ ബില്‍.


മൃഗസംരക്ഷണവും കൃഷിയും പരസ്പരം കൈകോര്‍ക്കുന്ന മേഖലകളാണെന്ന് പുതിയ നിയമത്തെ എതിര്‍ത്തു കൊണ്ട് കര്‍ണാടക രാജ്യ റൈത്ത സംഘ പ്രസിഡന്റ് കോഡിഹള്ളി ചന്ദ്രശേഖര്‍ പറഞ്ഞു. 'ഒരു പശുവോ എരുമയോ പാല്‍ ഉല്‍പാദിപ്പിക്കുന്നത് നിര്‍ത്തുമ്പോള്‍ കര്‍ഷകര്‍ അത് വില്‍ക്കുന്നു. കന്നുകാലികള്‍ ആണ്‍ പശുക്കിടാക്കളെ ഉത്പാദിപ്പിക്കുന്നുവെങ്കില്‍, ഞങ്ങള്‍ സാധാരണയായി അവയെ വില്‍ക്കുന്നു. ഇപ്പോള്‍ ഞങ്ങള്‍ക്ക് അത് ചെയ്യാന്‍ കഴിയില്ല. മരിക്കുന്നതുവരെ അവയെ പരിപാലിക്കണം. ഇത് നിലവിലുള്ള കാര്‍ഷിക ചെലവുകള്‍ വര്‍ദ്ധിപ്പിക്കും. ഇതിനു വേണ്ടി വായ്പ എടുക്കാനാവുമോ ?' കോഡിഹള്ളി ചന്ദ്രശേഖര്‍ ചോദിച്ചു.


ഗോമാംസം നിരോധിക്കാന്‍ ബിജെപി വാദിക്കുന്നത് വിരോധാഭാസമാണെന്നും, ലോകത്തെ ഏറ്റവും കൂടുതല്‍ ഗോമാംസം കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യയെന്നും മുന്‍ എംപിയും കോണ്‍ഗ്രസ് വക്താവുമായ വി എസ് ഉഗ്രപ്പ പറഞ്ഞു. 'ഗോവധം തടയാന്‍ അവര്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഈ ഗോമാംസം കയറ്റുമതി തടയുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാട് സ്വീകരിക്കേണ്ടതുണ്ട്. അതുണ്ടാകില്ല, കാരണം ഈ കയറ്റുമതിക്കാരില്‍ ഭൂരിഭാഗവും ഗുജറാത്തില്‍ നിന്നുള്ളവരാണ്, അമിത് ഷായുടെയും മോദിയുടെയും അനുയായികളാണ്, 'അദ്ദേഹം പറഞ്ഞു.




Next Story

RELATED STORIES

Share it