Latest News

പ്രശസ്ത സംവിധായകന്‍ കെ ജി ജോര്‍ജ് അന്തരിച്ചു

1998-ല്‍ പുറത്തിറങ്ങിയ ഇലവങ്കോട് ദേശമാണ് സംവിധാനം ചെയ്ത അവസാനചിത്രം.

പ്രശസ്ത സംവിധായകന്‍ കെ ജി ജോര്‍ജ് അന്തരിച്ചു
X




കൊച്ചി: പ്രശസ്ത സംവിധായകന്‍ കെ ജി ജോര്‍ജ് (78) അന്തരിച്ചു. എറണാകുളം കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം. വ്യത്യസ്തമായ പ്രമേയങ്ങളിലൂടെ മലയാളസിനിമയ്ക്ക് പുതിയ ഭാഷ്യം നല്‍കിയ സംവിധായകനായിരുന്നു കെ ജി ജോര്‍ജ്. പഞ്ചവടിപ്പാലം, ഇരകള്‍, യവനിക, ആദാമിന്റെ വാരിയെല്ല്, ലേഖയുടെ മരണം ഒരു ഫ്‌ലാഷ്ബാക്ക് തുടങ്ങിയ ചിത്രങ്ങള്‍ ഇതിന് ഉദാഹരണങ്ങളാണ്. സ്വപ്നാടനം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്കുള്ള വരവ്. 1998-ല്‍ പുറത്തിറങ്ങിയ ഇലവങ്കോട് ദേശമാണ് സംവിധാനം ചെയ്ത അവസാനചിത്രം.


രണ്ടു പതിറ്റാണ്ടിലേറെ നീണ്ടു നിന്ന സിനിമാ ജീവിതത്തില്‍ മലയാള സിനിമയ്ക്ക് പുതിയ ഭാവതലങ്ങള്‍ സമ്മാനിച്ച, കാലത്തിന് മുന്‍പേ സഞ്ചരിച്ച സിനിമകളുമായി ഇന്നും പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന ചലച്ചിത്രപ്രതിഭയാണ് കെ ജി ജോര്‍ജ്ജ്. കലാമൂല്യമുള്ള സിനിമ, കച്ചവട സിനിമ എന്നിങ്ങനെയുള്ള സാങ്കല്‍പ്പിക അതിര്‍ത്തികളെ തന്റെ ശൈലിയിലൂടെ കെ.ജി. ജോര്‍ജ്ജ് പൊളിച്ചെഴുതി.



സ്വപ്നാടനം, ഉള്‍ക്കടല്‍, കോലങ്ങള്‍, മേള, ഇരകള്‍, യവനിക, ലേഖയുടെ മരണം ഒരു ഫ്ളാഷ്ബാക്ക്, ആദാമിന്റെ വാരിയെല്ല്, കഥയ്ക്ക് പിന്നില്‍, മറ്റൊരാള്‍, പഞ്ചവടിപ്പാലം, ഈ കണ്ണി കൂടി എന്നിങ്ങനെ ഇരുപതോളം ചിത്രങ്ങളേ കെ.ജി. ജോര്‍ജ്ജ് സംവിധാനം ചെയ്തിട്ടുള്ളൂ. എന്നാല്‍, മലയാള സിനിമയുടെ ചരിത്രത്തില്‍ വിപ്ലവകരമായ പല മാറ്റങ്ങള്‍ക്കും അദ്ദേഹം തുടക്കമിട്ടു. വ്യവസ്ഥാപിത നായക-നായിക സങ്കല്‍പ്പങ്ങളെ, കപടസദാചാരത്തെ, അഴിമതിയെ സിനിമ എന്ന മാധ്യമത്തിലൂടെ അദ്ദേഹം ചോദ്യം ചെയ്തു.



യവനിക, സ്വപ്നാടനം, ആദാമിന്റെ വാരിയെല്ല്, ഇരകള്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് അദ്ദേഹത്തിന് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ലഭിച്ചു. 2016-ല്‍ ചലച്ചിത്ര രംഗത്തെ സമഗ്രസംഭാവനയ്ക്ക് ജെ.സി. ഡാനിയേല്‍ പുരസ്‌കാരത്തിനും അര്‍ഹനായി. ഗായിക സല്‍മയാണ് ഭാര്യ.






Next Story

RELATED STORIES

Share it