Latest News

മകളെ വിറ്റെന്ന് വ്യാജപ്രചാരണം: യുപിയില്‍ ദലിത് യുവാവിനെ തല്ലിക്കൊന്നു

മകളെ വിറ്റെന്ന് വ്യാജപ്രചാരണം: യുപിയില്‍ ദലിത് യുവാവിനെ തല്ലിക്കൊന്നു
X

മെയ്ന്‍പുരി: അഞ്ച് പേര്‍ വളഞ്ഞുവച്ച് മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ദലിത് യുവാവ് കൊല്ലപ്പെട്ടു. യുപിയില്‍ മെയ്ന്‍പുരിയിലാണ് മകളെ വിറ്റെന്ന വ്യാജപ്രചാരണത്തിന്റെ മറവില്‍ ദലിത് യുവാവിനെ തല്ലിക്കൊന്നത്. ഞായറാഴ്ച വൈകീട്ടാണ് സംഭവം. കഴിഞ്ഞ ദിവസവും മറ്റൊരു ദലിത് യുവാവിനെ ഉത്തര്‍പ്രദേശില്‍ മറ്റൊരു പ്രദേശത്ത് തല്ലിക്കൊന്നിരുന്നു.

ദലിത് വിഭാഗത്തില്‍ പെട്ട സര്‍വേശ് ദിവാകറാണ് വലത് സംഘടനകളില്‍ പെട്ട ഏതാനും പേരുടെ മര്‍ദ്ദനത്തെ തുടര്‍ന്ന് മരിച്ചത്. പ്രതികള്‍ ബജ്രംഗദള്‍ പ്രവര്‍ത്തകരാണെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. എന്നാല്‍ പോലിസ് ഇത് നിഷേധിച്ചു.

യുപിയിലെ മെയ്ന്‍പുരിയിലാണ് ദിവാകറും 16 വയസ്സുള്ള മകളും താമസിച്ചിരുന്നത്. ദിവാകര്‍ ചെറിയ തള്ളുവണ്ടിയില്‍ മിഠായി വില്‍ക്കുന്ന ജോലിയാണ് ചെയ്യുന്നത്. മകള്‍ വീട്ടുജോലികള്‍ക്ക് പോവുകയും തൊട്ടടുത്ത സ്‌കൂളില്‍ പഠിക്കുകയും ചെയ്യുന്നു. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ട ദിവാകറും കുടുംബവും കുറച്ചുനാളായി പട്ടിണിയിലായിരുന്നു. പിടിച്ചുനില്‍ക്കാന്‍ കഴിയാതായതോടെ മകളെ ബന്ധുവീട്ടിലേക്ക് അയച്ചു. ദിവാകര്‍ ഇവിടെ തന്നെ തുടര്‍ന്നു.

ഇതിനിടയില്‍ ദിവാകര്‍ തന്റെ മകളെ വിറ്റെന്ന ആരോപണം പ്രദേശത്ത് പടര്‍ന്നുപിടിച്ചു. ഇതിന്റെ മറവിലാണ് കൊല നടത്തിയതെന്നാണ് കരുതുന്നത്. എന്നാല്‍ ഇക്കാര്യം പോലിസ് സ്ഥിരീകരിച്ചിട്ടില്ല.

ദിവാകറിലെ തല്ലിക്കൊല്ലുന്ന ദൃശ്യം പുറത്തുവന്നിട്ടുണ്ട്. അഞ്ചു പേര്‍ ചേര്‍ന്ന് ദിവാകറിനെ മേല്‍ക്കൂരയില്‍ വച്ച് തല്ലുന്നതും ദിവാകര്‍ ദയയ്ക്കു വേണ്ടി യാചിക്കുന്നതും ക്രമേണ നിശ്ശബ്ദനാവുന്നതും വീഡിയോ ദൃശ്യത്തിലുണ്ട്.

സമാജാവാദി പാര്‍ട്ടിയാണ് വീഡിയോ പുറത്തുവിട്ടത്. ബജ്രംഗദള്‍ പ്രവര്‍ത്തകരാണ് സംഭവത്തിനു പിന്നിലെന്ന് സമാജ് വാദി പാര്‍ട്ടി ആരോപിച്ചു.

Next Story

RELATED STORIES

Share it