Latest News

മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഫഡ്‌നാവിസ് സ്ഥാനമൊഴിയും മുമ്പ് വിവാദ ഉത്തരവുപയോഗിച്ച് കോണ്‍ട്രാക്ടര്‍മാര്‍ക്ക് കോടികള്‍ അനുവദിച്ചു

ഫഡ്‌നാവിസിന്റെ ഉത്തരവ് പുതിയ കാബിനറ്റ് മരവിപ്പിച്ചു.

മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഫഡ്‌നാവിസ് സ്ഥാനമൊഴിയും മുമ്പ് വിവാദ ഉത്തരവുപയോഗിച്ച് കോണ്‍ട്രാക്ടര്‍മാര്‍ക്ക് കോടികള്‍ അനുവദിച്ചു
X

മുംബൈ: മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസിനെതിരേ പുതിയ ആരോപണം. ഫഡ്‌നാവിസ് തന്റെ അവസാനത്തെ കാബിനറ്റ് യോഗത്തില്‍ വിവാദ ഉത്തരവ് ഉപയോഗിച്ച് കോണ്‍ട്രാക്ടര്‍മാര്‍ക്ക് നൂറു കണക്കിന് കോടി രൂപ അനുവദിച്ചുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഫഡ്‌നാവിസിന്റെ ഉത്തരവ് പുതിയ കാബിനറ്റ് മരവിപ്പിച്ചു.

സെപ്റ്റംബര്‍ 9 നായിരുന്നു ഫെഡ്‌നാവിസ് സര്‍ക്കാരിന്റെ അവസാന കാബിനറ്റ് യോഗം. ആ യോഗത്തില്‍ വച്ച് ജലസേചന വകുപ്പിന്റെ ഷെഡ്യൂള്‍ ഓഫ് റെയ്റ്റ്‌സ് നിയമത്തിലെ ക്ലോസ് 38 ഉപയോഗിച്ച് കോണ്‍ട്രാക്ടര്‍മാര്‍ക്ക് നിലവിലുള്ള കരാര്‍ തുക വര്‍ധിപ്പിച്ചു കൊടുത്തുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. നിലവിലുള്ള 39 ഡാം നിര്‍മ്മാണ കോണ്‍ട്രാക്റ്റ് തുകയാണ് ഫെഡ്‌നാവിസ് വര്‍ധിപ്പിച്ചുകൊടുത്തത്. അതില്‍ ചിലത് ഒപ്പിട്ട കരാറില്‍ ഉള്‍പ്പെടാത്തവയാണെന്നും കണ്ടെത്തി.

2014 ല്‍ ഫഡ്‌നാവിസ് അധികാരത്തില്‍ വരും മുമ്പുതന്നെ ക്ലോസ് 38 മുന്‍ എന്‍സിപി -കോണ്‍ഗ്രസ് സര്‍ക്കാര്‍ മരവിപ്പിച്ചിരുന്നു. ഈ വകുപ്പുപയോഗിച്ച് വലിയ തോതില്‍ അഴിമതി നടക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. പുതിയ ടെന്ററുകള്‍ വിളിക്കാതെ പഴയ ടെന്ററില്‍ കരാറിനും കൂടിയ തുക വര്‍ധിപ്പിക്കുന്നതിന് ഉദ്യോഗസ്ഥരെ അധികാരപ്പെടുത്തുന്ന ഈ ക്ലോസ് സംസ്ഥാനത്തിന് വലിയ നഷ്ടം ഉണ്ടാക്കിയിരുന്നു. പ്രതിപക്ഷത്തിരുന്ന സമയത്ത് ഫഡ്‌നാവിസും ഈ ക്ലോസിനെ വിമര്‍ശിച്ചിരുന്നു. അതേ വകുപ്പാണ് സ്ഥാനമൊഴിയും മുമ്പ് കരാറുകാര്‍ക്ക് അധികപണം നല്‍കാന്‍ ഉപോഗപ്പെടുത്തിയിരിക്കുന്നത്.

ഡിസംബര്‍ 4 ന് അധികാരമേറ്റെടുത്ത താക്കറെ കാബിനറ്റാണ് സെപ്തംബര്‍ 9 ലെ കാബിനറ്റ് തീരുമാനത്തിന്റെ മിനിറ്റ്‌സ് പരിശോധിച്ചത്. രണ്ട് മന്ത്രിമാര്‍ ആ തീരുമാനത്തില്‍ സംശയം രേഖപ്പെടുത്തിയതോടെയാണ് കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കിയത്. ഔപചാരികമായ കാബിനറ്റ് നോട്ടോടുകൂടിയല്ല തീരുമാനമെടുത്തതെന്ന് പിന്നീട് കണ്ടെത്തി. അതിനെ തുടര്‍ന്നാണ് കരാര്‍ തുക വര്‍ധിപ്പിച്ച തീരുമാനം മരവിപ്പിച്ചത്.

ഡാമിന്റെ ഉയരം വര്‍ധിപ്പിക്കുക, പ്രൊജക്റ്റുകളുടെ ഡിസൈനുകള്‍ തുടങ്ങി പുതിയ ടെന്റര്‍ വിളിച്ച് ചെയ്യേണ്ട പ്രവര്‍ത്തികളാണ് അതില്ലാതെ പഴയ കരാറുകാര്‍ക്ക് അനുവദിച്ച് നല്‍കിയത്. അതുവഴി വലിയ നഷ്ടമാണ് സംസ്ഥാന സര്‍ക്കാരിന് ഉണ്ടായിരിക്കുന്നതെന്നാണ് റിപോര്‍ട്ട്.

Next Story

RELATED STORIES

Share it