Latest News

സിദ്ദീഖ് കാപ്പന് ഐക്യ ദാർഡ്യവുമായി മാധ്യമ പ്രവർത്തക കൂട്ടായ്മ സംഘം സന്ദർശനം

മാധ്യമ പ്രവര്‍ത്തനം ഈ രാജ്യത്ത് ക്രിമിനല്‍ ഗൂഡാലോചനയും ക്രിമിനല്‍ കുറ്റവും ആണെന്ന് ഒരിക്കല്‍ക്കൂടി വെളിവാക്കുന്നതാണ് സിദ്ദിഖ് കാപ്പന്റെ അറസ്റ്റ്.

സിദ്ദീഖ് കാപ്പന്  ഐക്യ ദാർഡ്യവുമായി  മാധ്യമ പ്രവർത്തക കൂട്ടായ്മ സംഘം സന്ദർശനം
X

കോഴിക്കോട്: ഹാഥ്‌റസിലേക്ക് വാര്‍ത്താ ശേഖരണത്തിനായി പോകുംവഴി ഉത്തര്‍പ്രദേശിലെ മഥുര ടോള്‍ബൂത്തിന് സമീപത്ത് വച്ച് യുപി പോലീസ് തട്ടിക്കൊണ്ടുപോയ അഴിമുഖം റിപോര്‍ട്ടര്‍ സിദ്ദിഖ് കാപ്പന്റെ കുടുംബാംഗങ്ങളെ ജേണലിസ്റ്റ്‌സ് ഫോര്‍ ഫ്രീഡം' മാധ്യമ പ്രവര്‍ത്തക കൂട്ടായ്മയുടെ അംഗങ്ങള്‍ സന്ദര്‍ശിച്ച് ഐക്യദാര്‍ഢ്യം അറിയിച്ചു.

പൗരന്‍മാരെ കസ്റ്റഡിയില്‍ എടുക്കുകയോ, അറസ്റ്റ് ചെയ്യുമ്പോഴോ പാലിക്കേണ്ട സുപ്രിംകോടതി നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെയാണ് സിദ്ദിഖ് കാപ്പനെയും കൂടെയുണ്ടായിരുന്ന രണ്ട് വിദ്യാര്‍ഥി നേതാക്കളെയും ഇവരുടെ കാബ് ഡ്രൈവറെയും അറസ്റ്റ് ചെയ്ത് യുഎപിഎ, രാജ്യദ്രോഹ കേസ് എന്നീ ജനവിരുദ്ധ നിയമം ഉപയോഗിച്ച് ജയിലിലടച്ചത്. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആണെന്നുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ടെങ്കിലും എഫ്ഐആര്‍ വിവരങ്ങള്‍ യുപി പോലിസ് പുറത്തുവിട്ടിട്ടുണ്ടെങ്കിലും ഇവരെ ജയിലില്‍ സന്ദര്‍ശിക്കാന്‍ അഭിഭാഷകര്‍ക്ക് കഴിഞ്ഞിട്ടില്ല. സിദ്ദീഖ് കാപ്പന്റെ അഭിഭാഷകനോട് ജയിലധികൃതര്‍ കോടതിയില്‍ നിന്ന് ഉത്തരവ് വാങ്ങി വരുവാനാണ് പറയുന്നത്. കോടതി പറയുന്നത് അതിന്റെ ആവശ്യമില്ലെന്നാണ്. യുപിയില്‍ പൊലീസും കോടതിയും ജനാധിപത്യത്തെയും നീതിയെയും ഈ വിധത്തിലാണ് തട്ടിക്കളിക്കുന്നത്. അതുകൊണ്ട് തന്നെ സിദ്ദിഖ് കാപ്പന്‍ ജയിലില്‍ ആണോ, അതോ യുപി പോലിസിന്റെ അനധികൃത കസ്റ്റഡിയില്‍ ആണോ എന്നത് ഇപ്പോഴും ചോദ്യമായി തുടരുകയാണ്. സിദ്ദീഖിന്റെ കുടുംബം ഇത് തന്നെയാണ് ചോദിക്കുന്നത്. ഈ സവിശേഷ സാഹചര്യത്തില്‍ കേരള സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഗൗരവപരമായി ഇടപെടേണ്ട സാഹചര്യമാണുള്ളത്. എന്നാല്‍ ഇതില്‍ നിന്ന് മുഖംതിരിഞ്ഞു നില്‍ക്കുന്ന കേരള സര്‍ക്കാരിന്റെ നിലപാട് അപലപനീയമാണ്.

മാധ്യമ പ്രവര്‍ത്തനം ഈ രാജ്യത്ത് ക്രിമിനല്‍ ഗൂഡാലോചനയും ക്രിമിനല്‍ കുറ്റവും ആണെന്ന് ഒരിക്കല്‍ക്കൂടി വെളിവാക്കുന്നതാണ് സിദ്ദിഖ് കാപ്പന്റെ അറസ്റ്റ്. സിദ്ദിഖ് കാപ്പന്‍ അറസ്റ്റിലായ കേസിന്റെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത് ഒക്ടോബര്‍ 4നാണെന്നാണ് പൊലീസ് രേഖകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഒക്ടോബര്‍ അഞ്ചാം തീയതിയാണ് സിദ്ദിഖ് കാപ്പന്‍ ഡല്‍ഹിയില്‍ നിന്ന് ഹാഥ്‌റസിലേക്ക് വാര്‍ത്തശേഖരണത്തിനായി പോകുന്നതും മഥുരയില്‍ വച്ച് പോലിസ് കസ്റ്റഡിയില്‍ എടുക്കുന്നതുമെന്നത് ഭരണകൂട ഗൂഡാലോചന വെളിപ്പെടുത്തുന്നതുമാണ്. ഈ വിഷയത്തില്‍ സിദ്ദിഖ് കാപ്പന്‍ ജോലി ചെയ്യുന്ന സ്ഥാപനമായ 'അഴിമുഖത്തില്‍' നിന്നുണ്ടായ, ഇപ്പോഴും തുടരുന്ന നിസ്സംഗത തീര്‍ത്തും ഭരണകൂട വിധേയത്വമാണ്. ഈ ഭരണകൂട വിധേയത്വം ജനാധിപത്യത്തിന്റെ നാലാം തൂണെന്ന് വിശേഷിപ്പിക്കുന്ന മാധ്യമങ്ങളില്‍ നിന്നുണ്ടാകുന്നുവന്നത് തീര്‍ത്തും പ്രതിഷേധാര്‍ഹമാണ്. ഈ ഫാസിസ്റ്റ് കാലത്ത് ഇത് സമൂഹത്തെ ഭയത്തിലേക്ക് തള്ളിവിടാനും മുന്‍വിധികള്‍ തുടരാനും മൗനത്തിലാഴ്ത്താനും മാത്രമേ ഉപകരിക്കൂ എന്നത് അഴിമുഖം മാനേജ്മെന്റ് തിരിച്ചറിയേണ്ടതുണ്ട്. ഇപ്പോഴും തുടരുന്ന നിസ്സംഗത വെടിഞ്ഞ് ജനാധിപത്യ സമൂഹത്തിന് ദിശാബോധം നല്‍കുന്നതിന് അഴിമുഖം തയ്യാറാവേണ്ടതുണ്ട്.

മോദി ഭരണത്തില്‍ രാജ്യത്തെമ്പാടും മാധ്യമ പ്രവര്‍ത്തകര്‍ നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. കശ്മീരിലും ഛത്തീസ്ഗഢിലും നിരവധി മാധ്യമ പ്രവര്‍ത്തകര്‍ യുഎപിഎ പ്രകാരം വര്‍ഷങ്ങളായി തടവില്‍ കഴിയുന്ന സാഹചര്യമാണുള്ളത്. ഹിന്ദു ആര്‍മി നേതാവിനെ സാമൂഹിക മാധ്യമം വഴി വിമര്‍ശിച്ചു എന്നതിന്റെ പേരില്‍ യുപി പോലിസ് തടവിലിട്ട ദലിത് മാധ്യമ പ്രവര്‍ത്തകന്‍ പ്രശാന്ത് കനോജിയ, കശ്മീരില്‍ തടവില്‍ കഴിയുന്ന ആസിഫ് സുല്‍ത്താന്‍, ഭീമാ കൊറേഗാവ് കേസില്‍ വിചാരണ തടവില്‍ കഴിയുന്ന ദലിത് മാധ്യമപ്രവര്‍ത്തകന്‍ സുധീര്‍ ധാവലെ, ഗൗതം നവലാഖ എന്നിവര്‍ ഇതിന് ഉദാഹരണമാണ്. മോദിക്ക് സ്തുതിപാഠകരാവാത്ത, ബ്രാഹ്‌മണ്യ ഹിന്ദുത്വ ഫാസിസത്തെ വിമര്‍ശിക്കുന്ന മാധ്യമ പ്രവര്‍ത്തകരെ 'ഭീകരവാദികളായി' ചിത്രീകരിച്ച് തടവിലിടുന്നതിനെതിരെ മുഴുവന്‍ ജനങ്ങളും മാധ്യമ പ്രവര്‍ത്തകരും പ്രതികരിക്കാന്‍ തയാറാവണം. സിദ്ദിഖ് കാപ്പന്റെ മോചനത്തിന് വഴിവയ്ക്കുന്ന തരത്തില്‍ മലയാളി മാധ്യമ പ്രവര്‍ത്തകര്‍ തുടര്‍ച്ചയായ പ്രക്ഷോഭത്തിന് തയാറാവണം. തെരുവുകള്‍ മാധ്യമ സ്വാതന്ത്ര്യത്തിനായുള്ള മാറ്റൊലികള്‍ തീര്‍ക്കുവാന്‍ മുന്നോട്ട് വരണമെന്നും ജേണലിസ്റ്റ്‌സ് ഫോര്‍ ഫ്രീഡം ആവശ്യപ്പെട്ടു.

മൃദുല ഭവാനി, ഹാറൂന്‍ കാവനൂര്‍, അഭിലാഷ് പടച്ചേരി, മുഹമ്മദ് മിറാഷ്, പ്രശാന്ത് സുബ്രഹ്‌മണ്യന്‍, കെ എ സലീം, അഫ്‌സല്‍ പി എച്ച്

നജിയ ഒ, മുഹമ്മദ് ഹനീന്‍, റിജാസ് എം സിദ്ദിഖ്, ഖാദര്‍ കരിപ്പൊടി, ഹരി, യു എം മുഖ്താര്‍ എന്നിവരാണ് സംഘത്തിലുണ്ടായത്.

Next Story

RELATED STORIES

Share it