Latest News

വിമാനത്താവളത്തിലെ കൊവിഡ് പരിശോധനയിലെ പിശക് ചൂണ്ടിക്കാട്ടിയതിന് പൊതുസമൂഹത്തിനു മുന്നില്‍ താറടിക്കാന്‍ ശ്രമമെന്ന് പ്രവാസി സന്നദ്ധ പ്രവര്‍ത്തകന്‍

വിമാനത്താവളത്തിലെ കൊവിഡ് പരിശോധനയിലെ പിശക് ചൂണ്ടിക്കാട്ടിയതിന്  പൊതുസമൂഹത്തിനു മുന്നില്‍ താറടിക്കാന്‍ ശ്രമമെന്ന് പ്രവാസി സന്നദ്ധ പ്രവര്‍ത്തകന്‍
X

തിരുവനന്തപുരം: വിമാനത്താവളത്തില്‍ യാത്രക്കാരെ പിസിആര്‍ പരിശോധന നടത്തിയതിലെ തെറ്റ് ചൂണ്ടിക്കാട്ടിയ പ്രവാസി സന്നദ്ധപ്രവര്‍ത്തകനെതിരേ കോര്‍പറേറ്റുകള്‍ ഗൂഢാലോചന നടത്തുന്നുവെന്ന് പരാതി. പ്രവാസി സന്നദ്ധപ്രവര്‍ത്തകനായ അഷ്‌റഫ് താമരശ്ശേരിയാണ് തന്റെ ദുരനുഭവം ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. സത്യം പറഞ്ഞതിന്റെ പേരില്‍ ചിലര്‍ ഓണ്‍ലൈന്‍ പോര്‍ട്ടലുകളെ കൂട്ടുപിടിച്ച് തന്നെ വേട്ടയാടുകയാണെന്നും അദ്ദേഹം ആരോപിച്ചു.

പോസ്റ്റിന്റെ പൂര്‍ണരൂപം

തിരുവനന്തപുരം വിമാനത്താവളത്തിലെ പി സി ആര്‍ പരിശോധന ഫലത്തെ കുറിച്ചുളള വിവാദം ഞാന്‍ അവസാനിപ്പിച്ചതായിരുന്നു. പക്ഷെ സത്യം പറഞ്ഞതിന്റെ പേരില്‍ എന്നെ കുറെ നാളുകളായി വേട്ടയാടുകയാണ്. ചില ഓണ്‍ലൈന്‍ വാര്‍ത്തകളെയും കൂട്ട് പിടിച്ച് പൊതുസമൂഹത്തിന്റെ മുന്നില്‍ എന്നെ താറടിച്ച് കാണിക്കുവാനുളള ശ്രമമാണ് ഇതിന്റെ പിന്നിലെന്ന് ഞാന്‍ സംശയിക്കുന്നു.

കോര്‍പറേറ്റ് കമ്പനിയുടെ ഉടമയുടെ വാര്‍ത്താ സമ്മേളനത്തില്‍ തന്റെ തെറ്റുകളെ വെളളപൂശാന്‍ ശ്രമിക്കുന്നതായി തോന്നി. തിരുവനന്തപുരത്തും, കോഴിക്കോടും പി സി ആര്‍ പരിശോധന ഫലം പോസ്റ്റീവാണെങ്കില്‍ എന്തു കൊണ്ട് എറണാകുളത്ത് നെഗറ്റീവ് ആകുന്നു. കൊച്ചിയില്‍ ഒന്നിലധികം പരിശോധന സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു. അപ്പോള്‍ തെറ്റ് പറ്റിയത് മറ്റേ സ്ഥാപനങ്ങളുടെ മെഷീനാണെന്ന് ഈ വിദ്വാന്‍ പറയുവാന്‍ മടിക്കുന്നതിന്റെ കാരണമെന്താണ്. അപ്പോള്‍ മെഷീന്റെ സാങ്കേതികമായ വിവരമുളളവര്‍ തമ്മില്‍ സംസാരിക്കുമ്പോള്‍ ആര്‍ക്കാണ് തെറ്റ് പറ്റിയതെന്ന് കൂടുതല്‍ വ്യക്തമാകും.

പ്രവാസികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ എവിടെ കണ്ടാലും ഞാന്‍ പ്രതികരിക്കും. അവിടെ കോര്‍പറേറ്റുകള്‍ എന്നോ, രാഷ്ട്രീയമോ കൊടിയുടെ നിറമോ ജാതിയോ വര്‍ഗമോ നോക്കാറില്ല. പ്രവാസികളെ ചൂക്ഷണം ചെയ്ത് ജീവിക്കുന്നവര്‍ക്കെതിരെ അവസാനം ശ്വാസം വരെയും പോരാടും.

കോര്‍പറേറ്റ് ഉടമയുടെ വാര്‍ത്താ സമ്മേളനത്തില്‍ പറയുന്നത് കേട്ടു. ഞാന്‍ ഒരു സാമൂഹിക പ്രവര്‍ത്തകനായതിനാലാണ് അവര്‍ നിയമനടപടി സ്വീകരിക്കാത്തത് എന്ന്. നിങ്ങള്‍ക്ക് ധൈര്യമുണ്ടോ എനിക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുവാന്‍, അന്ന് സതൃം പുറത്ത് വരും. നിങ്ങള്‍ കോര്‍പറേറ്റുകള്‍ കരുതുന്നത്, കുറച്ച് പണവും സ്വാധീനവും ചില ഓണ്‍ലൈന്‍ മാധ്യമക്കാരും ഉണ്ടെങ്കില്‍ എന്തും ചെയ്യുവാന്‍ കഴിയുമെന്ന്. എങ്കില്‍ അവിടെ നിങ്ങള്‍ക്ക് തെറ്റ് പറ്റി. ഏത് വഴിയും പണം സമ്പാദിക്കാനുളള നെട്ടോട്ടത്തിനിടയില്‍ മനസ്സാക്ഷിയെന്ന ഒരു കാര്യമുണ്ട്. കച്ചവടത്തില്‍ പോലും സൂക്ഷമത വേണമെന്ന് നമ്മെ പഠിപ്പിച്ചതാണ് പടച്ചതമ്പുരാന്‍. അല്ലാഹുവിന് നിരക്കാത്തത് ചെയ്യുവാന്‍ പാടില്ല, ദുനിയാവിനും അപ്പുറം മറ്റൊരു ലോകമുണ്ട്. അതാണ് സ്ഥായിയായ ലോകം. ഒരു രാത്രി കിടന്നുറങ്ങി രാവിലെ എഴുന്നേല്‍ക്കുവാന്‍ കഴിയുന്ന പടച്ച തമ്പുരാന്റെ അപാര അനുഗ്രഹത്തെ കുറിച്ച് ഒന്ന് ഓര്‍ത്താല്‍ നല്ലത്. അല്ലാഹു നമ്മെയെല്ലാപേരെയും കാത്ത് രക്ഷിക്കുമാറാകട്ടെ. ആമീന്‍

Next Story

RELATED STORIES

Share it