Latest News

യുപി മന്ത്രിമാരുടെ ഭരണരംഗത്തെ പ്രകടനം പരിശോധിക്കുന്നു; ബിജെപി കേന്ദ്ര നേതാവ് മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും; മന്ത്രിസഭാ പുനഃസംഘടനയും പരിഗണനയില്‍

യുപി മന്ത്രിമാരുടെ ഭരണരംഗത്തെ പ്രകടനം പരിശോധിക്കുന്നു; ബിജെപി കേന്ദ്ര നേതാവ് മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും; മന്ത്രിസഭാ പുനഃസംഘടനയും പരിഗണനയില്‍
X

ലഖ്‌നോ: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 2017ല്‍ അധികാരത്തിലെത്തിയശേഷം മന്ത്രിമാരായ ഓരോ ബിജെപി നേതാക്കന്മാരുടെയും ഭരണരംഗത്തെ പ്രകടനം പരിശോധിക്കാന്‍ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷ് ലഖ്‌നോവിലെത്തി. തിങ്കളാഴ്ചയാണ് സന്തോഷ് ലഖ്‌നോവില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കണ്ടത്. തുടര്‍ന്ന് ഓരോ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിമാരെയും നേരില്‍ കണ്ട് വിവരങ്ങള്‍ ആരാഞ്ഞു.

കൊവിഡ് രോഗബാധ കൈകാര്യം ചെയ്യുന്നതില്‍ മന്ത്രിമാര്‍ വലിയ പരാജയമാണെന്ന് പൊതുജനങ്ങള്‍ക്കിടയില്‍ മാത്രമല്ല, പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കിടയിലും പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് മന്ത്രിമാരെ നേരില്‍ കണ്ട് വിവരങ്ങള്‍ ആരായാന്‍ കേന്ദ്ര നേതൃത്വം തീരുമാനിച്ചത്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനാണ് സന്തോഷ് യുപിയിലെത്തിയിരിക്കുന്നത്.

ബിജെപിയുടെ പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ മോശം പ്രകടനവും പുതിയ നീക്കത്തിന് കാരണമായിട്ടുണ്ട്. പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലായാണ് പാര്‍ട്ടി വിലയിരുത്തിയിരുന്നത്.

സംസ്ഥാന കാബിനറ്റില്‍ മാറ്റങ്ങളുണ്ടായേക്കാമെന്നും പുനഃസംഘടന പടിവാതിക്കലാണെന്നുമുളള ചില സൂചനകള്‍ ഭരണതലത്തില്‍ സജീവമാണ്.

ഓരോ മന്ത്രിമാരോടും അവരുടെയും അവര്‍ കൈകാര്യം ചെയ്യുന്ന വകുപ്പുകളുടെയും പ്രകടനത്തെക്കുറിച്ചാണ് സന്തോഷ് ചോദിച്ചറിയുന്നത്. കൊവിഡ് കാലം വകുപ്പുകള്‍ എങ്ങനെ കൈകാര്യം ചെയ്‌തെന്നും ആരായുന്നുണ്ട്. ജനങ്ങളിലേക്ക് എത്തിച്ചേരുന്നതിനുള്ള തന്ത്രങ്ങളും ചര്‍ച്ച ചെയ്യും. പാര്‍ട്ടിയും സര്‍ക്കാരും തമ്മിലുള്ള ഏകോപനത്തില്‍ പ്രശ്‌നങ്ങളുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഉദ്യോഗസ്ഥരെയും നിയന്ത്രിക്കാനാവുന്നില്ല.

ആരോഗ്യ മന്ത്രി ജയ് പ്രതാപ് സിങ്, ധനമന്ത്രി സുരേഷ് ഖന്ന, നിയമമന്ത്രി ബ്രിജേഷ് പതക്ക് തുടങ്ങി ഏഴ് മന്ത്രിമാരെയാണ് സന്തോഷ് കണ്ടത്. രണ്ടാം തരംഗം കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച മന്ത്രിയാണ് പതക്ക്.

യോഗത്തില്‍ യുപി പാര്‍ട്ടി ഇന്‍ചാര്‍ജ് രാധ മോഹന്‍ സിങ്ങ്, പാര്‍ട്ടി പ്രസിഡന്റ് സ്വതന്ത്ര ദേവ് സിങ്, ജനറല്‍ സെക്രട്ടറി സുനില്‍ ബന്‍സല്‍ എന്നിവരും പങ്കെടുത്തു.

ഇന്ന് സന്തോഷ് മറ്റ് മന്ത്രിമാരെ കാണും. ഉപമുഖ്യമന്ത്രി ദിനേശ് ശര്‍മയെയും കേശവ് പ്രസാദ് മൗര്യയെയും ഇന്ന് കാണുന്നവരില്‍ ഉണ്ട്.

നേതാക്കളുടെ കാഴ്ചപ്പാടുകള്‍ ഭരണരംഗത്തുള്ളവരിലേക്ക് പകരുന്നതിനുള്ള ഒരു പ്ലാറ്റ്‌ഫോമായാണ് പാര്‍ട്ടി ഇത്തരം യോഗങ്ങളെ വിലയിരുത്തുന്നത്. മുന്‍കാലത്ത് മുഖ്യമന്ത്രി, വിവിധ പാര്‍ട്ടി നേതാക്കള്‍ സംഘടനാ നേതാക്കള്‍ എന്നിവരുടെ സംയുക്ത യോഗങ്ങള്‍ ഉണ്ടാവാറുണ്ട്. കുറേകാലമായി അതില്ലെന്നും അതുകൊണ്ടാണ് കേന്ദ്രം നേതൃത്വം നേരിട്ട് ഇടപെടുന്നതെന്നും പാര്‍ട്ടിയും സര്‍ക്കാരും തമ്മില്‍ ഏകോപിപ്പിക്കാന്‍ ശ്രമിക്കുന്നതെന്നും മുതില്‍ന്ന നേതാക്കള്‍ പറയുന്നു.

കൊവിഡ് കാലത്ത് ഉണ്ടായ കണക്കില്ലാത്ത മരണങ്ങളും ദുരന്തങ്ങളും യോഗി ആദിത്യനാഥ് ഭരണത്തെ പ്രതിക്കൂട്ടില്‍ കയറ്റിയിരുന്നു. ഗംഗയിലൂടെ ഒലിച്ചവന്ന നൂറു കണക്കിന് മൃതദേഹങ്ങളും ഗ്രാമങ്ങള്‍ മരണകേന്ദ്രങ്ങളായി മാറിയതും ദേശീയ തലത്തില്‍ തന്നെ ചര്‍ച്ചയായി.

Next Story

RELATED STORIES

Share it