Football

യൂറോ കപ്പ്; ക്രൊയേഷ്യ തരിപ്പണം; മരണ ഗ്രൂപ്പില്‍ മൂന്ന് ഗോള്‍ ജയവുമായി സ്‌പെയിന്‍; ഹംഗറിക്കെതിരേ സ്വിറ്റ്‌സര്‍ലന്റ്

യൂറോ കപ്പില്‍ കളിക്കുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡ് സ്പാനിഷ് താരം ലാമിന്‍ യമാല്‍ ഈ മത്സരത്തോടെ സ്വന്തമാക്കി.

യൂറോ കപ്പ്; ക്രൊയേഷ്യ തരിപ്പണം; മരണ ഗ്രൂപ്പില്‍ മൂന്ന് ഗോള്‍ ജയവുമായി സ്‌പെയിന്‍; ഹംഗറിക്കെതിരേ സ്വിറ്റ്‌സര്‍ലന്റ്
X

ബെര്‍ലിന്‍: യൂറോ കപ്പില്‍ ക്രൊയേഷ്യയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കു തകര്‍ത്ത് സ്‌പെയിന്‍. ആദ്യ പകുതിയിലാണ് സ്‌പെയിന്‍ മൂന്നു ഗോളുകളും നേടിയത്. അല്‍വാരോ മൊറാട്ട (29), ഫാബിയന്‍ റൂയിസ് (32), ഡാനി കര്‍വജാല്‍ (47) എന്നിവരാണു സ്‌പെയിനിന്റെ ഗോള്‍ സ്‌കോറര്‍മാര്‍. ക്രൊയേഷ്യയുടെ ഗോള്‍ ശ്രമങ്ങളൊന്നും ലക്ഷ്യത്തിലെത്തിയില്ല.

ആദ്യ പകുതിയില്‍ ലീഡെടുത്ത സ്‌പെയിന്‍ രണ്ടാം പകുതിയില്‍ ഗോള്‍ വഴങ്ങാതെ പിടിച്ചുനിന്നു. 80ാം മിനിറ്റില്‍ പെനാല്‍റ്റി കിക്കിലൂടെ ക്രൊയേഷ്യ ഒരു ഗോള്‍ മടക്കിയെങ്കിലും, വാര്‍ പരിശോധനയ്ക്കു ശേഷം ഗോള്‍ പിന്‍വലിച്ചു. 78ാം മിനിറ്റില്‍ ക്രൊയേഷ്യന്‍ താരം പെരിസിച്ചിനെ റോഡ്രി വീഴ്ത്തിയതിനാണ് റഫറി പെനാല്‍റ്റി അനുവദിച്ചത്. പെറ്റ്‌കോവിച്ച് എടുത്ത കിക്ക് സ്പാനിഷ് ഗോളി തട്ടിയകറ്റിയെങ്കിലും, റീബൗണ്ടില്‍ പെരിസിച്ച് ലക്ഷ്യം കണ്ടു.


എന്നാല്‍ പെറ്റ്‌കോവിച്ച് കിക്കെടുക്കുമ്പോള്‍ ക്രൊയേഷ്യന്‍ താരങ്ങള്‍ ബോക്‌സിലേക്കു കയറിയെന്നു കണ്ടെത്തിയതിനാല്‍ റഫറി ഈ ഗോള്‍ അനുവദിച്ചില്ല. വിഡിയോ അസിസ്റ്റ് റഫറി (വാര്‍) സംവിധാനം ഉപയോഗിച്ച് ഏറെ നേരം പരിശോധിച്ച ശേഷമാണ് ക്രൊയേഷ്യയ്ക്കു ഗോള്‍ നിഷേധിച്ചത്.യൂറോ കപ്പില്‍ കളിക്കുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡ് സ്പാനിഷ് താരം ലാമിന്‍ യമാല്‍ ഈ മത്സരത്തോടെ സ്വന്തമാക്കി. 16 വര്‍ഷവും 338 ദിവസവുമാണ് ലാമിന്‍ യമാലിന്റെ പ്രായം. പോളണ്ടിന്റെ കാസ്പര്‍ കൊസ്‌ലോവ്‌സ്‌കിയുടെ റെക്കോര്‍ഡാണ് യമാല്‍ പഴങ്കഥയാക്കിയത്. 2020 യൂറോ കപ്പില്‍ സ്‌പെയിനിനെതിരെ ഇറങ്ങുമ്പോള്‍ 17 വര്‍ഷവും 246 ദിവസവുമായിരുന്നു താരത്തിന്റെ പ്രായം.


ഗ്രൂപ്പ് എയില്‍ ഹംഗറിയെ തകര്‍ത്ത് സ്വിറ്റ്‌സര്‍ലന്‍ഡിന് യൂറോ കപ്പില്‍ വിജയത്തുടക്കം.ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് സ്വിറ്റ്‌സര്‍ലന്‍ഡ് ഹംഗറിയെ തോല്‍പിച്ചത്. സ്വിറ്റ്‌സര്‍ലന്‍ഡിനായി ക്വാഡോ ദുവ (12ാം മിനിറ്റ്), മിച്ചല്‍ എബിചെര്‍ (45), ബ്രീല്‍ എംബോളോ (93) എന്നിവരാണു ലക്ഷ്യം കണ്ടത്. ഹംഗറിക്കു വേണ്ടി ബര്‍ണബാസ് വര്‍ഗ 66ാം മിനിറ്റില്‍ ആശ്വാസ ഗോള്‍ കണ്ടെത്തി.

ജയത്തോടെ ജര്‍മനിക്കു പിന്നിലായി ഗ്രൂപ്പില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് രണ്ടാം സ്ഥാനത്തെത്തി. ഷിര്‍ദാന്‍ ഷാക്കിരിയെ ബെഞ്ചിലിരുത്തി ആദ്യ പോരാട്ടത്തിനിറങ്ങിയ സ്വിറ്റ്‌സര്‍ലന്‍ഡുമായി പന്തടക്കത്തിലും പാസുകളിലും ഹംഗറി ഒപ്പത്തിനൊപ്പംനിന്നെങ്കിലും, ഗോളവസരങ്ങളില്‍ സ്വിസ് പട ആധിപത്യം ഉറപ്പിച്ചു. 12ാം മിനിറ്റിലെ സ്വിസ് ഗോള്‍ റഫറി ഓഫ് സൈഡ് വിളിച്ചെങ്കിലും 'വാര്‍' പരിശോധനയ്ക്കു ശേഷം ഗോള്‍ അനുവദിക്കുകയായിരുന്നു. ആദ്യ പകുതിയുടെ അവസാന മിനിറ്റുകളില്‍ മിച്ചല്‍ എബിചെര്‍ സ്വിസ് ലീഡ് രണ്ടാക്കി ഉയര്‍ത്തി.

ബര്‍ണബാസ് വര്‍ഗയുടെ മറുപടി ഗോളിലൂടെ ഹംഗറി രണ്ടാം പകുതിയില്‍ മത്സരത്തിലേക്കു തിരിച്ചെത്തി. ഡൊമിനിക് ഷൊബൊസ്‌ലായി ഇടതു വിങ്ങില്‍ നിന്ന് നല്‍കിയ ക്രോസ് ഹെഡ് ചെയ്താണ് വര്‍ഗ ഗോള്‍ നേടിയത്. അവസാന മിനിറ്റുകളില്‍ പകരക്കാരനായി ഇറങ്ങിയ ബ്രീല്‍ എംബോളോ ഹംഗറിയുടെ ഗോള്‍ പോസ്റ്റിലേക്കു മൂന്നാം ഗോള്‍ അടിച്ചിട്ടു. ഇതോടെ സ്വിസ് ആരാധകര്‍ വിജയാഘോഷവും തുടങ്ങി.



Next Story

RELATED STORIES

Share it