Latest News

ത്രിവര്‍ണ്ണ പതാകയുടെ ആദരവും സന്ദേശവും ഉള്‍ക്കൊള്ളുക; മൗലാനാ സയ്യിദ് അര്‍ഷദ് മദനി

ത്രിവര്‍ണ്ണ പതാകയുടെ ആദരവും സന്ദേശവും ഉള്‍ക്കൊള്ളുക; മൗലാനാ സയ്യിദ് അര്‍ഷദ് മദനി
X

കോഴിക്കോട്: ഇന്ത്യാ മഹാരാജ്യത്തിന്റെ സ്വാതന്ത്ര്യം 75 വര്‍ഷം പിന്നിടുന്ന ഈ സന്ദര്‍ഭത്തില്‍ ദേശിയ പതാകയായ ത്രിവര്‍ണ്ണ പതാകയോടുള്ള ആദരവിനോടൊപ്പം സന്ദേശവും ഉള്‍ക്കൊള്ളുക എന്ന് ജംഇയ്യത്ത് ഉലമാ എ ഹിന്ദ് അദ്ധ്യക്ഷന്‍ മൗലാനാ സയ്യിദ് അര്‍ഷദ് മദനി പ്രസ്താവിച്ചു. ഈ വര്‍ഷത്തെ സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവമായി ആചരിക്കപ്പെടുകയും ഓരോ വീടുകളിലും ദേശീയ പതാകകള്‍ ഉയര്‍ത്താന്‍ നിര്‍ദ്ദേശിക്കപ്പെടുകയും ചെയ്തിരിക്കുന്നത് വളരെ സന്തോഷകരമാണ്. ഈ സന്തോഷ നിമിഷങ്ങളില്‍ സ്വാതന്ത്ര സമര പോരാളികളെയും രാഷ്ട്ര നിര്‍മ്മാതാക്കളെയും സ്‌നേഹത്തോടെ സ്മരിക്കുകയും അവര്‍ക്ക് ആദരവ് അര്‍പ്പിക്കുകയും ചെയ്യുന്നു. ത്രിവര്‍ണ്ണ പതാകയോട് അകലം പാലിച്ചിരുന്ന ആളുകള്‍ അതിന്റെ പ്രചാരണവുമായി ഇറങ്ങിയിരിക്കുന്നത് അവരുടെ മറവിക്കുള്ള പരിഹാരമാകട്ടെ എന്ന് പ്രതീക്ഷിക്കുന്നു. പ്രത്യേകിച്ചും ഇതിന് പ്രേരിപ്പിക്കുന്ന പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ രാജ്യം തെറ്റായ ദിശയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ ഇതിന് വളരെയധികം പ്രസക്തിയുണ്ട്.

സ്വാതന്ത്ര ദിന ആഘോഷവും ത്രിവര്‍ണ്ണ പതാക ഉയര്‍ത്തലും ആഘോഷവും ആദരവും ആയതിനോടൊപ്പം അതി മഹത്തായ ചില സന്ദേശങ്ങളും നമുക്ക് നല്‍കുന്നു. ത്രിവര്‍ണ്ണത്തിന് നടുവില്‍ പ്രകാശിക്കുന്ന അശോകചക്രം ഭരണകേന്ദ്രങ്ങളും നീതിപീഠങ്ങളും നിയമ പാലകരും നീതിയില്‍ ഉറച്ച് നില്‍ക്കുമെന്നും രാജ്യത്തുള്ള മുഴുവന്‍ ജനങ്ങളും പരസ്പരം നീതിയോടെ വര്‍ത്തിക്കുമെന്നും കടമകളും കര്‍ത്തവ്യങ്ങളും പാലിക്കുമെന്നും ഉത്‌ഘോഷിക്കുന്നു. ത്രിവര്‍ണ്ണങ്ങള്‍, രാജ്യ നിവാസികള്‍ വ്യത്യസ്ത ജാതി മത വര്‍ഗ്ഗ വര്‍ണ്ണ ഭാഷാ വൈവിദ്ധ്യങ്ങളോടൊപ്പം തന്നെ ഈ വൈവിദ്ധ്യം രാജ്യത്തിന്റെ സൗന്ദര്യമാണെന്ന് മനസ്സിലാക്കുകയും ആരും പുറത്ത് നിന്നും വന്ന അന്യരല്ലെന്ന് തിരിച്ചറിയുകയും എല്ലാവരും പരസ്പരം സാഹോദര്യസഹകരണവിശ്വാസങ്ങളോടെ വര്‍ത്തിക്കുമെന്നും വിളിച്ചറിയിക്കുന്നു.

വെറുപ്പിന്റെ അന്തമായ രാഷ്ട്രീയത്തിനിടയില്‍ ഈ സന്ദേശം വളരെ മഹത്തരമാണ്. ഈ സന്ദേശങ്ങള്‍ പഠിക്കുകയും പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്യന്നതില്‍ മാത്രമാണ് രാജ്യത്തിന്റെയും രാജ്യ നിവാസികളുടേയും നന്മ എന്ന് നാം മനസ്സിലാക്കുക. രാജ്യത്തിന്റെ ബാഹ്യമായ വികസന പ്രവര്‍ത്തനങ്ങളോടൊപ്പം എന്നല്ല അതിനെക്കാള്‍ കൂടുതലായി ആന്തരികമായ വളര്‍ച്ചയും ഉയര്‍ച്ചയും മാതൃകാപരമായ അവസ്ഥയുമാണ് രാജ്യത്തിന്റെ മഹത്വം. ഇതിന് നാം ഓരോരുത്തരും യത്‌നിക്കുന്നതാണെന്ന് ഈ സന്ദര്‍ഭത്തില്‍ പ്രതിജ്ഞയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it