Latest News

കണ്ണൂര്‍ ആറളം ആദിവാസി പുനരധിവാസ മേഖലയിലെ കാട്ടാനശല്യം; സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സാംസ്‌കാരിക ജനാധിപത്യ വേദി

ആറളം ആദിവാസി മേഖലയില്‍ ഇതുവരെ 11 പേര്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്

കണ്ണൂര്‍ ആറളം ആദിവാസി പുനരധിവാസ മേഖലയിലെ കാട്ടാനശല്യം;   സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സാംസ്‌കാരിക ജനാധിപത്യ വേദി
X

കോഴിക്കോട്: കാട്ടാനശല്യം രൂക്ഷമായ കണ്ണൂര്‍ ആറളം ആദിവാസി പുനരധിവാസ മേഖലയില്‍ സര്‍ക്കാര്‍ അടിയന്തിര ഇടപെടല്‍ നടത്തണമെന്ന് സാംസ്‌കാരിക ജനാധിപത്യ വേദി സംസ്ഥാന സെക്രട്ടറി പ്രസീത അഴീക്കോട്. ആറളം ആദിവാസി പുനരധിവാസമേഖലയില്‍ കാട്ടാനകളുടെ ആക്രമണത്തില്‍ ആദിവാസികള്‍ മരണപ്പെടുന്നത് നിത്യസംഭവമായി മാറിയിരിക്കുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചിരുന്നു. ബ്ലോക്ക് ഏഴില്‍ ദേവി-പൊന്നപ്പന്‍ ദമ്പതികളുടെ താത്കാലിക താമസഷെഡ് കാട്ടാന തകര്‍ക്കുകയും ചെയ്തു. രാത്രിലുണ്ടായ ആനയുടെ ആക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് ഷെഡില്‍ താമസിച്ചിരുന്ന ഇവരുടെ ചെറുമകന്‍ അടക്കം രക്ഷപെട്ടത്. കഴിഞ്ഞ ദിവസം രണ്ട് പിഞ്ചുകുഞ്ഞുങ്ങള്‍ അടക്കം ഒരു കുടുംബം താമസിച്ചിരുന്ന ഷെഡും കാട്ടാന തകര്‍ത്തിരുന്നു.

നിര്‍മിതിയുടെ വീട് ഇതുവരെ ആദിവാസികള്‍ക്ക് ലഭിച്ചിട്ടില്ല. ഇപ്പോള്‍ ആദിവാസികള്‍ താമസിക്കുന്നത് താല്‍കാലിക ഷെഡുകളിലാണ്. ഈ ഷെഡുകളാണ് കാട്ടാന തകര്‍ക്കുന്നത്.

ആറളം ആദിവാസി മേഖലയില്‍ ഇതുവരെ 11 പേര്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. പുനരധിവാസ മേഖലയില്‍ കാട്ടാന കയറുന്നത് തടയാന്‍ ആനമതില്‍ പണിയുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നെങ്കിലും മതിലിന്റെ പണി ഇതുവരെയും തുടങ്ങിയിട്ടില്ല. കാട്ടാനയ്ക്ക് പുറമെ കാട്ടുപന്നികളും ആദിവാസികള്‍ക്ക് ഭീഷണിയാവുന്നുണ്ട്.

16 വര്‍ഷമായി പുനരധിവാസ മേഖലയില്‍ താമസിക്കുന്ന നിരവധി പേര്‍ക്ക് ഇതുവരെ പട്ടയം ലഭിച്ചിട്ടില്ല. ഇത് കാരണം സര്‍ക്കാറിന്റെ പല പദ്ധതി ആനുകൂല്യങ്ങളും ഇവര്‍ക്ക് ലഭിക്കുന്നില്ല. അതോടൊപ്പം തന്നെ ഒരേക്കര്‍ ഭൂമി കൃഷിക്കായി ആദിവാസികള്‍ക്ക് നല്‍കിയിട്ടുണ്ടെങ്കിലും അവര്‍ക്ക് ഇന്നേവരെ അവിടെ കൃഷിചെയ്യാന്‍ സാധിച്ചിട്ടില്ല.

ആറളം പുനരധിവാസ മേഖലയിലെ ആദിവാസികള്‍ നേരിടുന്ന ഗുരുതര പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ ഗൗരവപൂര്‍വം പരിഗണിക്കണം. ആദിവാസികളുടെ ജീവന് തന്നെ ഭീഷണിയിലായ സാഹചര്യത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി പ്രശ്‌നത്തില്‍ ഇടപെട്ട് ശാശ്വതപരിഹാരം കാണണമെന്ന് സാംസ്‌കാരിക ജനാധിപത്യ വേദി സംസ്ഥാന സെക്രട്ടറി പ്രസീത അഴീക്കോട് വാര്‍ത്താക്കുറുപ്പില്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it