Latest News

ഇ ഡി റെയ്ഡ്: വരാനിരിക്കുന്ന പ്രക്ഷോഭങ്ങളെ തളര്‍ത്താനുള്ള ശ്രമമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ്‌

ഇ ഡി റെയ്ഡ്: വരാനിരിക്കുന്ന പ്രക്ഷോഭങ്ങളെ തളര്‍ത്താനുള്ള ശ്രമമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ്‌
X

കോഴിക്കോട്: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ(ഇ ഡി) രാഷ്ട്രീയ ആയുധമാക്കി എതിരാളികളെ നിശ്ശബ്ദമാക്കുന്ന പതിവ് രീതിയാണ് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതാക്കളുടെ വസതികളിലും ഓഫിസുകളിലും നടന്ന റെയ്ഡുകളെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ്‌ സി പി മുഹമ്മദ് ബഷീര്‍. പൗരത്വവിഷയത്തിലും മറ്റും വളര്‍ന്നുവരാനിരിക്കുന്ന സമരങ്ങളെ ദുര്‍ബലപ്പെടുത്താനും കര്‍ഷകരുടെ സമരങ്ങളില്‍ നിന്ന് മാധ്യമശ്രദ്ധ തിരിച്ചുവിടാനുമുള്ള നീക്കമാണ് റെയ്ഡുകളെന്നും അദ്ദേഹം പറഞ്ഞു. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സംസ്ഥാന സമിതി ഓഫിസായ മീഞ്ചന്തയിലെ യൂണിറ്റി ഹൗസില്‍ വിളിച്ചുചേര്‍ന്ന വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന ഭാരവാഹികളായ സി അബ്ദുല്‍ ഹമീദ്, സി എ റാവൂഫ് എന്നിവരും പങ്കെടുത്തു.

വ്യാഴാഴ്ച രാവിലെ 7.30 മുതല്‍ രാത്രി 8.30 വരെയാണ് വിവിധ ജില്ലകളിലുള്ള നേതാക്കളുടെ വീടുകളിലും ഓഫിസിലും റെയ്ഡ് നടന്നത്. കേരളത്തിനു പുറമേ തമിഴ്‌നാട്, ബീഹാര്‍, കര്‍ണാടക, ഡല്‍ഹി തുടങ്ങിയ പ്രദേശങ്ങളിലും റെയ്ഡ് നടന്നു. 2018ല്‍ ഇ ഡി രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇപ്പോഴത്തെ റെയ്ഡ്.

ഇത് ആദ്യമായല്ല പോപുലര്‍ ഫ്രണ്ടിനെ നിശ്ശബ്ദമാക്കാന്‍ ശ്രമിക്കുന്നതെന്നും 2016 മുതല്‍ മോദി സര്‍ക്കാര്‍ പോപുലര്‍ ഫ്രണ്ടിനെ ലക്ഷ്യം വെയ്ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇ ഡിയെ കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ ആയുധമാക്കുകയാണെന്നും മനുഷ്യാവകാശ പ്രവര്‍ത്തകരെയും പ്രതിപക്ഷനേതാക്കളെയും നിശ്ശബ്ദമാക്കുന്നതിനുള്ള ഗൂഢാലോചനയാണിതെന്നും അദ്ദേഹം ആരോപിച്ചു.

''2018ല്‍ ഇ ഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ നേരത്തെത്തന്നെ മിക്കവാറും നേതാക്കള്‍ മൊഴി കൊടുത്തതാണ്. എന്നാല്‍ സംഘനടയ്‌ക്കെതിരേ കാര്യമായ തെളിവില്ലാത്തതിനാല്‍ ആ എഫ്‌ഐആര്‍ അവസാനിപ്പിച്ച അവസ്ഥയിലായിരുന്നു. അതിനിടയിലാണ് രാജ്യത്ത് പൗരത്വ പ്രക്ഷോഭങ്ങള്‍ ശക്തിയാര്‍ജ്ജിച്ചത്. ആ പ്രക്ഷോഭങ്ങളില്‍ സജീവമായിരുന്ന പ്രസ്ഥാനമാണ് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ. അന്നത്തെ സമരത്തില്‍ പങ്കെടുത്ത വ്യക്തികളെയും പ്രസ്ഥാനങ്ങളെയും കേസുകള്‍ ചുമത്തിക്കൊണ്ട് നിശ്ശബ്ദമാക്കാന്‍ ശ്രമിച്ചകാര്യം എല്ലാവര്‍ക്കുമറിയാം. ഡല്‍ഹി കലാപത്തിന്റെ പേരില്‍ കേരളത്തില്‍ പോലും അറസ്റ്റുകളുണ്ടായി. വരാനിരിക്കുന്ന നാളുകളില്‍ എന്‍ആര്‍സി ദേശവ്യാപകമായി നടപ്പാക്കുമെന്നാണ് ഇത് കാണിക്കുന്നത്. അത് അമിത് ഷാ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ആ സമരം അതുപോലെ ഇനിയും ആവര്‍ത്തിക്കരുതെന്ന് ആര്‍എസ്എസ്സും സംഘപരിവാറും ആഗ്രഹിക്കുന്നു. വരാനിരിക്കുന്ന നാളുകളില്‍ നടക്കുന്ന പ്രക്ഷോഭത്തില്‍ പോപുലര്‍ ഫ്രണ്ട് മുന്നിലുണ്ടായിരിക്കുമെന്ന തിരിച്ചറിവില്‍ നിന്നാണ് ഇപ്പോള്‍ സംഘടനക്കെതിരേ ഇ ഡിയെ ഉപയോഗിക്കുന്നത്. നേരത്തെ ഇ ഡി കേസെടുത്തിട്ടുണ്ടെങ്കിലും അന്നൊന്നും അവര്‍ക്ക് അതിനാവശ്യമായ തെളിവുകളുണ്ടായിരുന്നില്ല. അത്തരം തെളിവുകള്‍ കൃത്രിമമായി ഉണ്ടാക്കാനാണ് ഇപ്പോഴത്തെ റെയ്ഡ്''- അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ രാജ്യം കര്‍ഷക സമരത്തിലൂടെ കടന്നുപോവുകയാണ്. മോദി സര്‍ക്കാര്‍ അഭിമുഖീകരിച്ച ഏറ്റവും വലിയ പ്രക്ഷോഭമായി ഇത് മാറുകയാണ്. അതില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമം കൂടി ഇതിന്റെ പിന്നിലുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. പോപുലര്‍ ഫ്രണ്ട് രാജ്യത്തിന്റെ നിയമവ്യവസ്ഥയ്ക്കുള്ളില്‍ ഭരണഘടന അംഗീകരിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണ്. സാമ്പത്തിക ഇടപാടുകള്‍ സുതാര്യമാണ്. വിദേശരാജ്യങ്ങളില്‍ നിന്ന് ഫണ്ട് സ്വീകരിക്കില്ല എന്നത് അടിസ്ഥാന നിലപാടാണ്. ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് അത് ആര്‍ക്കുമുന്നിലും അടിയറവ് വയ്ക്കാതെ മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it