Latest News

ആരോപണങ്ങളോട് പ്രതികരിക്കാതെ ഇ പി ജയരാജന്‍; ചോദ്യങ്ങള്‍ക്ക് മറുപടി പുഞ്ചിരി മാത്രം

ആരോപണങ്ങളോട് പ്രതികരിക്കാതെ ഇ പി ജയരാജന്‍; ചോദ്യങ്ങള്‍ക്ക് മറുപടി പുഞ്ചിരി മാത്രം
X

കണ്ണൂര്‍: റിസോര്‍ട്ടിന്റെ മറവില്‍ അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന ആരോപണത്തെത്തുടര്‍ന്നുള്ള വിവാദം കത്തിപ്പടരുന്നതിനിടെ മൗനം തുടര്‍ന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. കണ്ണൂരിലെ പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയ ഇപി, മാധ്യമപ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങളോട് ഇന്നും പ്രതികരിച്ചില്ല. ചിരിച്ച് തൊഴുകൈകളോടെ പരിപാടിയിലേക്ക് നടന്നുപോയി. മാധ്യപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കെല്ലാം ചെറുചിരി മാത്രമായിരുന്നു ഇ പി ജയരാജന്റെ മറുപടി.

കണ്ണൂര്‍ പഴയങ്ങാടിയില്‍ കെഎസ്ടിഎയുടെ 'കുട്ടിക്കൊരു വീട്' പദ്ധതിയുടെ താക്കോല്‍ ദാനം നിര്‍വഹിച്ച ഇ പി ജയരാജന്‍, വിവാദമോ രാഷ്ട്രീയമോ സംസാരിക്കാതെയാണ് ഉദ്ഘാടന പ്രസംഗം നടത്തിയത്. പാര്‍ട്ടിയുടെയും ഭരണത്തിന്റെയും നേട്ടങ്ങള്‍ എടുത്തുപറഞ്ഞായിരുന്നു ഇ പി ജയരാജന്റെ പ്രസംഗം. രണ്ടുവര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ മുഴുവന്‍ ഭവന രഹിതര്‍ക്കും വീട് നല്‍കുമെന്ന് ഇ പി ജയരാജന്‍ പറഞ്ഞു. പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ ഇ പി ജയരാജനെതിരേ പി ജയരാജന്‍ പാര്‍ട്ടിക്കുള്ളില്‍ ഉന്നയിച്ച ആരോപണം വ്യക്തതയോടെ ഉള്ളതാണെന്നാണു പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍. പി ജയരാജന്‍ ആക്ഷേപം എഴുതി നല്‍കിയാല്‍ ഉറപ്പായും ഇ പിക്കെതിരേ പാര്‍ട്ടിക്ക് അന്വേഷണം നടത്തേണ്ടിവരും.

വെള്ളിയാഴ്ച ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇതുസംബന്ധിച്ച് തീരുമാനമുണ്ടാവും. അതേസമയം, രണ്ടുദിവസത്തെ സിപിഎം പൊളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡല്‍ഹിയില്‍ തുടങ്ങി. എകെജി ഭവനില്‍ രാവിലെ 11 മണിക്ക് ആരംഭിച്ച യോഗത്തിന്റെ അജണ്ടയില്‍ ജയരാജന്‍ വിഷയം ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍, മുതിര്‍ന്ന നേതാവിനെതിരേ ഉയര്‍ന്ന ആരോപണം ഗൗരവ സ്വഭാവം ഉള്ളതായതുകൊണ്ട് അജണ്ടയ്ക്ക് പുറത്ത് വിഷയം ചര്‍ച്ച ചെയ്‌തേക്കും.

Next Story

RELATED STORIES

Share it