Latest News

ഇ മൊബിലിറ്റി പദ്ധതി പിന്‍വാതിലൂടെ നടപ്പിലാക്കുന്നു; പ്രൈസ് വാട്ടര്‍ കൂപ്പറുമായുള്ള മുഖ്യമന്ത്രിയുടെ ചര്‍ച്ച ദുരൂഹമെന്നും ചെന്നിത്തല

പദ്ധതിയുടെ കണ്‍സള്‍ട്ടന്റായ കരിമ്പട്ടികയില്‍ പെട്ട വിവാദ കമ്പനി പ്രൈസ് വാട്ടര്‍ കൂപ്പറുമായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ നടന്ന ചര്‍ച്ച ദുരൂഹത ഉണര്‍ത്തുന്നതാണ്. ഇ-ബസുകള്‍ നിര്‍മ്മിക്കാന്‍ ഹെസ് കമ്പനിയെ തിരഞ്ഞെടുത്തതില്‍ ദുരൂഹതയുണ്ട്.

ഇ മൊബിലിറ്റി പദ്ധതി പിന്‍വാതിലൂടെ നടപ്പിലാക്കുന്നു; പ്രൈസ് വാട്ടര്‍ കൂപ്പറുമായുള്ള മുഖ്യമന്ത്രിയുടെ ചര്‍ച്ച ദുരൂഹമെന്നും ചെന്നിത്തല
X

തിരുവനന്തപുരം: അഴിമതി ആരോപണത്തെ തുടര്‍ന്ന് ഒരിക്കല്‍ നിര്‍ത്തിവച്ച ഇ മൊബിലിറ്റി പദ്ധതി സര്‍ക്കാര്‍ പിന്‍വാതിലൂടെ നടപ്പിലാക്കാന്‍ ശ്രമിക്കുന്നതായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇ മൊബിലിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് ഈ മാസം രണ്ടിന് ചേര്‍ന്ന യോഗത്തിന്റെ മിനിറ്റ്‌സ് പുറത്തു വിടണം. വിവാദ പദ്ധതിയുമായി മുന്നോട്ടു പോകാനുള്ള സര്‍ക്കാര്‍ തീരുമാനം പ്രതിഷേധാര്‍ഹമാണെന്നും ചെന്നിത്തല മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടി.

പദ്ധതിയുടെ കണ്‍സള്‍ട്ടന്റായ കരിമ്പട്ടികയില്‍ പെട്ട വിവാദ കമ്പനി പ്രൈസ് വാട്ടര്‍ കൂപ്പറുമായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ നടന്ന ചര്‍ച്ച ദുരൂഹത ഉണര്‍ത്തുന്നതാണ്. ഈ ബസുകള്‍ നിര്‍മ്മിക്കാന്‍ ഹെസ് കമ്പനിയെ തിരഞ്ഞെടുത്തതില്‍ ദുരൂഹതയുണ്ട്. പദ്ധതി സുതാര്യമായിരിക്കണം.

ഒരിക്കല്‍ ഉപേക്ഷിച്ച ഈ പദ്ധതി വീണ്ടും പൊടി തട്ടിയെടുത്തിരിക്കുന്നത് അഴിമതി നടത്തുന്നതിനാണ്. ചട്ടങ്ങളും മാനദണ്ഡങ്ങളുമെല്ലാം കാറ്റില്‍ പറത്തിയുള്ള നീക്കമാണ് നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.

പദ്ധതിയ്‌ക്കെതിരേ ചെന്നിത്തല ഉയര്‍ത്തിയ ഒമ്പത് ചോദ്യങ്ങള്‍

ഏത് നടപടിക്രമങ്ങള്‍ അനുവര്‍ത്തിച്ചാണ് ഹെസ് എന്ന കമ്പനിയെ ഇ ബസ് നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ തിരഞ്ഞെടുത്തത്?

ആരാണ് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് എന്ന കമ്പനിയെ ഇതിനായി കണ്‍സള്‍ട്ടാന്റായി തിരഞ്ഞെടുത്ത്. എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ ഇതിനായി തിരഞ്ഞെടുത്തത്?

ഹെസ് എന്ന കമ്പനിയെ മാത്രം മുന്‍നിറുത്തി ഇങ്ങനെ ഒരു ജോയിന്റ് വെഞ്ച്വര്‍ നിര്‍മ്മിക്കുന്നതിനും ധാരണാപത്രത്തില്‍ ഏര്‍പ്പെടുന്നതിനും സര്‍ക്കാര്‍ തീരുമാനമെടുത്തത് ഏത് മാനദണ്ഡത്തിന്റേയും ചട്ടങ്ങളുടേയും അടിസ്ഥാനത്തിലാണ്. ആരാണ് ഇതിന് മുന്‍കൈ എടുത്തത്?

ഈ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കപ്പെടുന്ന 3000 ബസുകളുടെ വില എന്ത് അടിസ്ഥാനത്തിലാണ് തീരുമാനിച്ചിട്ടുള്ളത്?

ജോയിന്റ് വെന്‍ച്ച്വറില്‍ സ്വകാര്യ കമ്പനിയായ ഹെസ്സിന് 51 ശതമാനം ഓഹരിയും സര്‍ക്കാരിന് 49 ശതമാനം ഓഹരിയും എന്ന അനുപാതം എപ്രകാരമാണ് / ഏത് അടിസ്ഥാനത്തിലാണ് നിശ്ചയിച്ചത്?

6000 കോടി രൂപ മുതല്‍മുടക്ക് കണക്കാക്കുന്ന ഈ പദ്ധതിക്ക് എന്തുകൊണ്ടാണ് ആഗോള ടെണ്ടര്‍ ക്ഷണിക്കാതിരുന്നത്?

ചീഫ് സെക്രട്ടറിയുടെ ധനകാര്യവകുപ്പും ഉന്നയിച്ച തടസ്സവാദങ്ങളെ മറികടന്ന് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സിനെ വിശദമായ പദ്ധതി രേഖ തയ്യാറാക്കാന്‍ ചുമതലപ്പെടുത്തിയത് എന്ത് കാരണത്തിന്റെ അടിസ്ഥാനത്തിലാണ്?

ഡീറ്റയില്‍ഡ് പ്രോജക്ട് റിപോര്‍ട്ട് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സുമായുളള ചീഫ് സെക്രട്ടറിതല മീറ്റിംഗില്‍ ഹെസ് കമ്പനിയുടെ പ്രതിനിധികള്‍ പങ്കെടുത്തത് ഈ ക്രമക്കേടുകളുടെ ഏറ്റവും വലിയ തെളിവല്ലേ?

കരാര്‍കമ്പനിയെ മുന്‍കൂട്ടി നിശ്ചയിച്ച് പദ്ധതിയുടെ പ്രായോഗിക പഠനത്തിനായി പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സിനെ നിയോഗിച്ചത് നിലവിലുള്ള ഏത് ചട്ടങ്ങളുടേയും, മാനദണ്ഡങ്ങളുടേയും അടിസ്ഥാനത്തിലാണോ?

Next Story

RELATED STORIES

Share it