Latest News

ലഹരി കച്ചവടം നടത്തുന്നവര്‍ക്കെതിരേ ശക്തമായി നടപടി; സ്വത്തുക്കള്‍ പിടിച്ചെടുക്കും: മന്ത്രി വി അബ്ദുറഹിമാന്‍

ലഹരി കച്ചവടം നടത്തുന്നവര്‍ക്കെതിരേ ശക്തമായി നടപടി; സ്വത്തുക്കള്‍ പിടിച്ചെടുക്കും: മന്ത്രി വി അബ്ദുറഹിമാന്‍
X

മലപ്പുറം: സംസ്ഥാനത്ത് ലഹരി ഉപയോഗം തടയുന്നതിനായി ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും ലഹരി വ്യാപാരം നടത്തുന്നവരുടെ സ്വത്തുക്കള്‍ സര്‍ക്കാര്‍ പിടിച്ചെടുക്കുമെന്നും മന്ത്രി വി അബ്ദുറഹിമാന്‍. ഫിഷറീസ് വകുപ്പിന്റെ ലഹരി മുക്ത കേരളം ലഹരി മുക്ത പ്രചരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം താനൂര്‍ ഉണ്ണിയാലില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. വിവിധ രാഷ്ട്രീയ കക്ഷികള്‍, സാമുദായിക നേതാക്കള്‍, രക്ഷിതാക്കള്‍, നാട്ടുകാര്‍, വിദ്യാര്‍ഥികള്‍ തുടങ്ങി എല്ലാവരും ഒരുമിച്ച് ലഹരിക്കെതിരേ ശക്തമായ പ്രചരണ പരിപാടികള്‍ നടത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. പി നന്ദകുമാര്‍ എംഎല്‍എ അധ്യക്ഷനായി.

തീരദേശ മേഖലയില്‍ മല്‍സ്യത്തൊഴിലാളികളുടെയും യുവാക്കളുടെയും വിദ്യാര്‍ഥികളുടെയും വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗം കുറച്ച് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് അവരെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിനുമായി നടപ്പാക്കുന്ന പദ്ധതിയാണ് ലഹരി മുക്ത കേരളം, ലഹരി മുക്ത പ്രചരണ പരിപാടി. സംസ്ഥാന പോലിസ്, എക്‌സൈസ്, ആരോഗ്യം, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകളുടെ സഹകരണത്തോടെ ഒമ്പത് തീരദേശ ജില്ലകളില്‍ ഒക്ടോബര്‍ 24 വരെയാണ് പ്രചരണ പരിപാടി. ലഹരിമുക്ത കേരളം ബോധവല്‍ക്കരണ പരിപാടിയുടെ ഫിഷറീസ് വകുപ്പിന്റെ നോഡല്‍ ഓഫിസര്‍ ആയി സാഫ് എക്‌സിക്യൂട്ടീവ് ഡയറക്ടറെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖ, ഫിഷറീസ് അഡീഷനല്‍ ഡയറക്ടര്‍ എന്‍ എസ് ശ്രീലു, സാഫ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ആശ അഗസ്റ്റിന്‍, നോര്‍ത്ത് സോണ്‍ ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ ഒ രേണുകാ ദേവി, അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ വേലായുധന്‍ കുന്നത്ത്, നിറമരുതൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി ഇസ്മായില്‍, മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം വി കെ എം ഷാഫി, നിറമരുതൂര്‍ ഗ്രാമപ്പഞ്ചായത്തംഗം കെ കെ ഫാത്തിമ, വിവിധ രാഷ്ട്രീയ നേതാക്കളായ രവി തേലത്ത്, സൈദലവി, കെ പി ബാപ്പുട്ടി എന്നിവര്‍ പങ്കെടുത്തു. പരിപാടിയോടനുബന്ധിച്ച് വിളംബരജാഥയും എക്‌സൈസ് വകുപ്പിന്റെ ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു.

Next Story

RELATED STORIES

Share it