Latest News

തിരുവനന്തപുരത്ത് കുടിവെള്ള വിതരണം വൈകീട്ടോടെ പുനഃസ്ഥാപിക്കും: മന്ത്രി റോഷി അഗസ്റ്റിന്‍

തിരുവനന്തപുരത്ത് കുടിവെള്ള വിതരണം വൈകീട്ടോടെ പുനഃസ്ഥാപിക്കും: മന്ത്രി റോഷി അഗസ്റ്റിന്‍
X

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ ജലവിതരണം വൈകീട്ടു നാലുമണിയോടെ പുനഃസ്ഥാപിക്കുമെന്ന് സംസ്ഥാന ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്‍. മൂന്നു മണിക്കൂറിനകം താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളമെത്തുമെന്നും മന്ത്രി പറഞ്ഞു. ചില സാങ്കേതിക തകരാറിനെത്തുടര്‍ന്നാണ് കുടിവെള്ള വിതരണം വൈകിയത്. ഉച്ചയ്ക്ക് രണ്ടുമണിയോടെ പമ്പിംഗ് ചാര്‍ജ് ചെയ്യാനാകുമെന്നാണ് കരുതുന്നതെന്ന് മന്ത്രി പറഞ്ഞു.

തമ്പാനൂര്‍- കന്യാകുമാരി റെയില്‍വേ ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് നിലവിലെ പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുന്ന ജോലിയെ തുടര്‍ന്നാണ് നാല് ദിവസമായി നഗരത്തില്‍ കുടിവെള്ളം മുടങ്ങിയത്. ഈ ജോലി രണ്ടു ദിവസം കൊണ്ട് പൂര്‍ത്തീകരിക്കാമെന്നാണ് കരുതിയിരുന്നത്. അതിന് ആവശ്യമായ എല്ലാ തയ്യാറെടുപ്പുകളും നടത്തിയിരുന്നു.

പണി പൂര്‍ത്തീകരിച്ച് ഇന്നലെ ഉച്ചയ്ക്ക് ശേഷം വാല്‍വ് ക്ലിയര്‍ ചെയ്ത് അരുവിക്കരയിലെ ട്രീറ്റ്മെന്റ് പ്ലാന്റില്‍ നിന്നും വെള്ളം തുറന്നു വിട്ടപ്പോള്‍ വാല്‍വില്‍ ചോര്‍ച്ചയുണ്ടായി. എന്നാല്‍ ചോര്‍ച്ച രൂക്ഷമായതോടെ, വാല്‍വ് വീണ്ടും അഴിച്ചു പണിയേണ്ടി വന്നു. ഇതാണ് പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകാന്‍ കാരണമെന്ന് മന്ത്രി പറഞ്ഞു. ബെന്റ് കോണ്‍ക്രീറ്റ് ചെയ്തശേഷം പമ്പ് ചാര്‍ജ് ചെയ്യും. വൈകീട്ടോടെ എല്ലാ പ്രദേശത്തും വെള്ളമെത്തിക്കാന്‍ സാധിക്കുമെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി.

പൈപ്പ് മാറ്റിയിടല്‍ ജോലിയെത്തുടര്‍ന്ന് തലസ്ഥാനത്ത് നാലു ദിവസമായി കുടിവെള്ള വിതരണം മുടങ്ങിയിട്ട്. 44 വാര്‍ഡുകളിലേക്കുള്ള കുടിവെള്ള വിതരണമാണ് നിര്‍ത്തിവച്ചിരുന്നത്.




Next Story

RELATED STORIES

Share it