Latest News

നീലച്ചായ കുടിക്കാം, മാനസിക സമ്മര്‍ദ്ദം കുറയ്ക്കാം

മാനസിക പിരിമുറക്കങ്ങള്‍ ഗണ്യമായി കുറയക്കാന്‍ ശംഖുപുഷ്പത്തിന്റെ ചായ നല്ലതാണ്.

നീലച്ചായ കുടിക്കാം, മാനസിക സമ്മര്‍ദ്ദം കുറയ്ക്കാം
X

കോഴിക്കോട്: ശംഖുപുഷ്പം കണ്ണെഴുതുമ്പോള്‍ ശകുന്തളേ നിന്നെ ഓര്‍മ വരും എന്നാണ് കവി ഭാവന. എന്നാല്‍ ശംഖുപുഷ്പം കവിഭാവനയെ മാത്രമല്ല ഉണര്‍ത്തുന്നത്, നല്ല നിറവും ശംഖുപുഷ്പത്തിന്റെ വേറിട്ട രുചിയുമുള്ള ചായയും ശംഖുപുഷ്പം കൊണ്ട് തയ്യാറാക്കാം. ചായ കുടി അത്ര ഇഷ്ടമില്ലാത്തവര്‍ക്ക് പരീക്ഷിച്ച് നോക്കാവുന്ന ഒന്നാണ് ശംഖുപുഷ്പത്തിന്റെ ചായ.


ഇലകളോ, പൂവോ ചേര്‍ത്ത് തയ്യാറാക്കുന്ന പാനീയം ലോകത്തിന്റെ പല ഭാഗങ്ങളും ഉപയോഗിക്കാറുണ്ട്. ഇതിലൊന്നാണ് നമ്മുടെ നാട്ടിലെ ശംഖുപുഷ്പം കൊണ്ടുണ്ടാക്കുന്ന നീലച്ചായ. സ്ഫടിക ഗ്ലാസില്‍ നല്ല നീല നിറമുള്ള ചായ കാണാന്‍ തന്നെ വല്ലാത്ത ഭംഗിയാണ്.


വെട്ടിത്തിളച്ച രണ്ട് ഗ്ലാസ്സ് വെള്ളത്തിലേക്ക് നല്ല വിരിഞ്ഞ മൂന്നോ നാലോ നീല ശംഖുപുഷ്പം ഇട്ട് കുറച്ചുസമയം അടച്ചുവെക്കുക. കുറച്ചു കഴിഞ്ഞ് എടുക്കുമ്പോള്‍ സ്വന്തം നീലനിറമെല്ലാം പകര്‍ന്ന് വെള്ളക്കുപ്പായമിട്ടപോലെയാകും ശംഖുപുഷ്പങ്ങള്‍. ഇത് എടുത്തുമാറ്റി അല്പം നാരങ്ങാനീര് പിഴിഞ്ഞൊഴിച്ചാല്‍ ശംഖുപുഷ്പച്ചായ തയ്യാറായി. തിളക്കുന്ന വെള്ളത്തില്‍ പട്ടയോ ഏലക്കയോ ഇഞ്ചിയോ ചേര്‍ത്താല്‍ വ്യത്യസ്തമായ രുചിയിലുള്ള ചായയാക്കി ഇതിനെ മാറ്റാം. ഇതോടെ ശംഖുപുഷ്പത്തിന്റെ ഗുണങ്ങള്‍ക്കൊപ്പം മറ്റ് ഗുണങ്ങള്‍ കൂടി ആസ്വദിക്കാം.


മാനസിക പിരിമുറക്കങ്ങള്‍ ഗണ്യമായി കുറയക്കാന്‍ ശംഖുപുഷ്പത്തിന്റെ ചായ നല്ലതാണ്. ഇത് സ്ഥിരമായി കഴിക്കുകയാണെങ്കില്‍ പെട്ടെന്നുള്ള ക്ഷോഭം, വിഷാദ പ്രകൃതം എന്നിവ കുറക്കാന്‍ കഴിയുമെന്നാണ് ചില ആയുര്‍വ്വേദ ചികിത്സകര്‍ പറയുന്നത്. ബുദ്ധിയും ഓര്‍മശക്തിയും വര്‍ധിപ്പിക്കാന്‍ ശംഖുപുഷ്പം ഉപയോഗിച്ചുള്ള മരുന്നുകള്‍ പണ്ടു തന്നെ ഉപയോഗിക്കാറുണ്ട്. ശംഖുപുഷ്പത്തിന്റെ ചായ ഗര്‍ഭിണികള്‍ കഴിക്കരുത് എന്ന നിര്‍ദേശവുമുണ്ട്.




Next Story

RELATED STORIES

Share it