Latest News

'ഡോ. പല്‍പ്പുവാണ് ഞങ്ങളുടെ താരം': രാജീവ് ഗാന്ധി ബയോടെക്‌നോളജി രണ്ടാം കാമ്പസിന് ഗോല്‍വാള്‍ക്കറുടെയല്ല ഡോ. പല്‍പ്പുവിന്റെ പേരിടണമെന്ന് ശശി തരൂര്‍

ഡോ. പല്‍പ്പുവാണ് ഞങ്ങളുടെ താരം: രാജീവ് ഗാന്ധി ബയോടെക്‌നോളജി രണ്ടാം കാമ്പസിന് ഗോല്‍വാള്‍ക്കറുടെയല്ല ഡോ. പല്‍പ്പുവിന്റെ പേരിടണമെന്ന് ശശി തരൂര്‍
X

തിരുവനന്തപുരം: തിരുവനന്തപുരത്തെ രാജീവ് ഗാന്ധി ബയോടെക്‌നോളജി സെന്ററിന്റെ രണ്ടാമത്തെ കാമ്പസിന് ഗോല്‍വാള്‍ക്കറുടെ പേരിടുന്നതിനെതിരേ ശശി തരൂര്‍ എംപി. ഗോല്‍വാള്‍ക്കര്‍ എന്ന ഹിറ്റ്‌ലര്‍ ആരാധകന് ശാസ്ത്രവുമായി ബന്ധമില്ലെന്നും എന്നാല്‍ രാജീവ് ഗാന്ധി ശാസ്ത്രസംബന്ധിയായ എല്ലാ നവീകരണ പദ്ധതിയുടെയും പ്രചോദനമായിരുന്നെന്നും തരൂര്‍ പറഞ്ഞു. യഥാര്‍ത്ഥത്തില്‍ സെന്ററിന് ഡോ. പല്‍പ്പുവിന്റെ പേരാണ് ഇടേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫെയ്‌സ്ബുക്കിലാണ് തിരുവനന്തപുരം എംപി ശശി തരൂരിന്റെ പ്രതികരണം.

പുതുതായി രാഷ്ട്രത്തിന് സമര്‍പ്പിക്കുന്ന കാമ്പസിന് ശ്രീ ഗുരുജി മാധവ് സദാശിവ് ഗോല്‍വാക്കര്‍ നാഷണല്‍ സെന്റര്‍ ഫോര്‍ കോംപ്ലക്സ് ഡിസീസ് ഇന്‍ കാന്‍സര്‍ ആന്റ് വൈറല്‍ ഇന്‍ഫെക്ഷന്‍ എന്ന് പേര് നല്‍കുമെന്നായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധനെ ഉദ്ധരിച്ച് കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തത്.

'ശ്രീ ഗുരുജി മാധവ് സദാശിവ ഗോള്‍വാള്‍ക്കര്‍ നാഷണല്‍ സെന്റര്‍ ഫോര്‍ കോംപ്ലക്‌സ് ഡിസീസ് ഇന്‍ കാന്‍സര്‍ ആന്‍ഡ് വൈറല്‍ ഇന്‍ഫെക്ഷന്‍' എന്ന് പേരിടാന്‍ തീരുമാനിച്ചതായി വാര്‍ത്ത കണ്ടു. വര്‍ഗീയത എന്ന രോഗം പ്രോത്സാഹിപ്പിച്ചു എന്നതല്ലാതെ എം എസ് ഗോള്‍വാള്‍കര്‍ക്ക് ശാസ്ത്രവുമായി എന്താണ് ബന്ധമെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല! രാജീവ് ഗാന്ധിക്ക് ശാസ്ത്രവുമായി എന്താണ് ബന്ധമെന്നത് രാജീവ് ഗാന്ധിയുടെ ചരിത്രമറിയുന്നവര്‍ക്ക് അറിയാം അദ്ദേഹം ശാസ്ത്ര സംബന്ധിയായ എല്ലാ നവീകരണ പദ്ധതികള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും പ്രചോദനമായിരുന്നു. അതിനായി ഫണ്ടും അദ്ദേഹം നീക്കിവെച്ചിരുന്നു.'' തരൂര്‍ എഴുതി.

ശാസ്ത്രത്തില്‍ ഇടപെട്ട ബിജെപി നേതാക്കള്‍ ആരുമില്ലേയെന്ന് തരൂര്‍ ചോദിച്ചു. ഗോള്‍വാള്‍ക്കര്‍ എന്ന ഹിറ്റ്‌ലര്‍ ആരാധകന്‍ ഓര്‍മ്മിക്കപ്പെടേണ്ടത് 1966ല്‍ വി എച്ച് പി യുടെ ഒരു പരിപാടിയില്‍ അദ്ദേഹം നടത്തിയ 'മതത്തിന് ശാസ്ത്രത്തിന് മേല്‍ മേധാവിത്വം വേണമെന്ന' പരാമര്‍ശത്തിന്റെ പേരിലല്ലേയെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. തിരുവനന്തപരുത്തുള്ള ഗവേഷണ കേന്ദ്രത്തിന് നാട്ടുകാരുടെ ഹീറോ ആയ ഡോ. പല്‍പ്പുവിന്റെ പേരാണ് നല്‍കേണ്ടതെന്നും തരൂര്‍ പറഞ്ഞു.

'ഞാനാണെങ്കില്‍ ഞങ്ങളുടെ നാട്ടുകാരുടെ, തിരുവനന്തപുരത്തുകാരുടെ ഒരു ഹീറോയായ, ബാക്ടീരിയോളജിസ്റ്റും സാമൂഹ്യ പരിഷ്‌കര്‍ത്താവുമായിരുന്ന ഡോക്ടര്‍ പല്‍പ്പുവിന്റെ പേരാണ് നിര്‍ദ്ദേശിക്കുക. 1863 ല്‍ തിരുവനന്തപുരത്ത് ജനിച്ച അദ്ദേഹം കേംബ്രിഡ്ജില്‍ നിന്ന് സീറം തെറാപ്പിയിലും ട്രോപ്പിക്കല്‍ മെഡിസിനിലും പ്രാവീണ്യം നേടി; വാക്‌സിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറായിരുന്ന അദ്ദേഹത്തിന് റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെല്‍ത്തിന്റെ ഫെല്ലോഷിപ്പും ഉണ്ടായിരുന്നു.'' തരൂര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it