Latest News

''പേടിക്കേണ്ട, ഞങ്ങള്‍ മുസ്‌ലിംകളുടെ മൃതശരീരം കൊണ്ട് ഈ തെരുവുകള്‍ നിറയ്ക്കും'': ഡല്‍ഹി എസിപിയുടെ കൊലവിളി ഫോണ്‍വിളിക്കെതിരേ യുവതിയുടെ പരാതി

പേടിക്കേണ്ട, ഞങ്ങള്‍ മുസ്‌ലിംകളുടെ മൃതശരീരം കൊണ്ട് ഈ തെരുവുകള്‍ നിറയ്ക്കും: ഡല്‍ഹി എസിപിയുടെ കൊലവിളി ഫോണ്‍വിളിക്കെതിരേ യുവതിയുടെ പരാതി
X

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഗോകുല്‍പുരി പോലിസ് സ്‌റ്റേഷനിലെ എസിപിയ്‌ക്കെതിരേ ഗുരുതരമായ ആരോപണവുമായി ഡല്‍ഹി പൗരത്വപ്രക്ഷോഭക. ഡല്‍ഹി ചാന്ദ് ബാഗിലെ താമസക്കാരിയും പൗരത്വപ്രക്ഷോഭവുമായി ബന്ധപ്പെട്ട് ചാന്ദ്ബാഗില്‍ നടന്ന കുത്തിയിരിപ്പ് സമരത്തിന്റെ പ്രവര്‍ത്തകയും സംഘാടകയുമായ റുബിന ബാനൊവാണ് എസിപി അന്‍ജു കുമാറിനെതിരേ ആരോപണവുമായി വന്നിരിക്കുന്നത്. ''പേടിക്കേണ്ട, ഞങ്ങള്‍ മുസ്‌ലിംകളുടെ മൃതശരീരം കൊണ്ട് ഈ തെരുവുകള്‍ നിറയ്ക്കുമെന്ന് ഡല്‍ഹി പൗരത്വ പ്രക്ഷോഭക്കാലത്ത് എസിപി, ഡല്‍ഹിയിലെ ബിജെപി നേതാവായ കമല്‍മിശ്രയോട് ഫോണിലൂടെ ഉറപ്പുനല്‍കിയെന്നാണ് ഡല്‍ഹി പോലിസില്‍ നല്‍കിയ പരാതിയില്‍ ബാനൊ എഴുതിയിട്ടുളളതെന്ന് ദി കാരവന്‍ റിപോര്‍ട്ട് ചെയ്തു.

ഫെബ്രുവരി 24ാം തിയ്യതി ചാന്ദ്ബാഗിലെ പൗരത്വഭേദഗതി വിരുദ്ധപ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നതിനിടയില്‍ നടന്ന സംഭവത്തെ കുറിച്ചാണ് ബാനൊയുടെ പരാതി.

ചാന്ദ് ബാഗിലെ കുത്തിയിരിപ്പ് സമരത്തില്‍ പങ്കെടുക്കുന്നതിനാണ് ബാനൊ സമരസ്ഥലത്തെത്തിയത്. സമരത്തിന് നേതൃത്വം നല്‍കുന്നവരിലൊരാളാണ് ബാനൊ. അവര്‍ എത്തുമ്പോള്‍ ഏകദേശം രാവിലെ 11 മണിയായിരുന്നു. ആ സമയത്ത് അവിടെ ധാരളം സ്ത്രീകളും പോലിസുകാരുമുണ്ട്. പോലിസുകാര്‍ സ്ത്രീകള്‍ക്കെതിരേ മോശം വാക്കുകള്‍ ഉപയോഗിച്ചു. ബാനൊ ഇത് ചോദ്യം ചെയ്തു. അടുത്ത നിന്നിരുന്ന എസിപി അന്‍ജു കുമാറിനോട് സമാധാനപരമായി സമരം ചെയ്യുന്നവരെ എന്തിനാണ് തെറിവിളിക്കുന്നതെന്ന് ബാനൊ ചോദിച്ചു. തെറിവിളിച്ചുകൊണ്ടായിരുന്നു എസിപിയുടെ മറുപടി. കപില്‍ മിശ്രയും കൂട്ടാളികളും നിങ്ങള്‍ക്ക് 'സ്വാതന്ത്ര്യം' നല്‍കുമെന്ന് അയാള്‍ ബാനൊയെ പരിഹസിച്ചു.

ഇതിനിടയില്‍ തര്‍ക്കേശ്വര്‍ സിങ് എന്ന സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ക്ക് കപില്‍ മിശ്രയുടെ ഫോണ്‍ വന്നു. അയാള്‍ കുറച്ചുനേരം സംസാരിച്ചതിനു ശേഷം ഫോണ്‍ എഎസ്പിയ്ക്ക് കപില്‍ മിശ്രയുടെ ഫോണ്‍ ആണെന്നു പറഞ്ഞു കൈമാറി. നിങ്ങളുടെ ഉത്തരവനുസരിച്ച് ഞങ്ങള്‍ പ്രവര്‍ത്തിക്കുമെന്നും ഇന്ന് ഞങ്ങള്‍ ഇവരെ ജീവനോട് വിടില്ലെന്നും അയാള്‍ കപില്‍ മിശ്രയോട് പറഞ്ഞു. മെയ് 22ന് കാരവന് നല്‍കിയ അഭിമുഖത്തിലാണ് പരാതിയിലെ വിശദാംശങ്ങള്‍ ബാനൊ വെളിപ്പെടുത്തിയത്. സംസാരത്തിനിടയില്‍ മുസ്‌ലിംകളുടെ മൃതദേഹങ്ങള്‍ക്കെണ്ട് ഈ തെരുവുകള്‍ നിറയ്ക്കുമെന്നും അയാള്‍ കപില്‍ മിശ്രയോട് പറഞ്ഞു.

എസിപി ഭീഷണി മുഴക്കുമ്പോള്‍ മുഖത്ത് തുണി കെട്ടിയ കുറേ സിവിലിയന്‍മാര്‍ ലാത്തിയും തോക്കും ബോംബുമായി നിന്നിരുന്നെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍ പരാതിയില്‍ പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല.

പൗരത്വഭേദഗതി പ്രക്ഷോഭത്തിനെതിരേ ഹിന്ദുത്വ പ്രവര്‍ത്തകര്‍ അഴിച്ചുവിട്ട അക്രമങ്ങളില്‍ അമ്പതോളം പേര്‍ കൊല്ലപ്പെട്ടിരുന്നു. അതില്‍ ഭൂരിഭാഗവും മുസ്‌ലിംകളായിരുന്നു.

Next Story

RELATED STORIES

Share it