Latest News

'നിലച്ചുപോകരുത് പാലിയേറ്റീവ് കെയര്‍' : ബിരിയാണി ചലഞ്ചുമായി മുക്കം

മുക്കം നഗരസഭയിലും കാരശ്ശേരി, കൊടിയത്തൂര്‍, ഓമശ്ശേരി, ചാത്തമംഗലം പഞ്ചായത്തുകളിലുമായും 50 പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് ഓര്‍ഡറുകള്‍ സ്വീകരിച്ചത്

നിലച്ചുപോകരുത് പാലിയേറ്റീവ് കെയര്‍ : ബിരിയാണി ചലഞ്ചുമായി മുക്കം
X

മുക്കം: 'നിലച്ചു പോകരുത്, പാലിയേറ്റീവ് കെയര്‍ എന്ന സന്ദേശവുമായി മുക്കം ഗ്രെയ്‌സ് പാലിയേറ്റീവ് കെയര്‍ സംഘടിപ്പിക്കുന്ന ബിരിയാണി ചലഞ്ച് തുടങ്ങി. ചേന്ദമംഗല്ലൂര്‍ പുല്‍പ്പറമ്പ് എന്‍.സി ഓഡിറ്റോറിയത്തിലാണ് ബിരിയാണി ചലഞ്ച് നടത്തുന്നത്. ബിരിയാണി വില്‍പ്പനയിലൂടെ ലഭിക്കുന്ന പണം പാലിയേറ്റീവ് കെയര്‍ ക്ലിനിക്കിനു വേണ്ടി സമാഹരിക്കുകയാണ് ലക്ഷ്യം. വില്‍പ്പനക്കുള്ള ഓര്‍ഡറുകള്‍ പൂര്‍ത്തിയായതായും ഇനി ഓര്‍ഡര്‍ സ്വീകരിക്കില്ലെന്നും പാലിയേറ്റീവ് കെയര്‍ ഭാരവാഹികള്‍ അറിയിച്ചു.


മുക്കം നഗരസഭയിലും കാരശ്ശേരി, കൊടിയത്തൂര്‍, ഓമശ്ശേരി, ചാത്തമംഗലം പഞ്ചായത്തുകളിലുമായും 50 പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് ഓര്‍ഡറുകള്‍ സ്വീകരിച്ചത്. നാട്ടുകാരും, കൂട്ടായ്മകളും, സ്ഥാപനങ്ങളും, റസിഡന്റ്‌സ് അസോസിയേഷനുകളും, കച്ചവടക്കാരും ചേര്‍ന്നാണ് ബിരായാണി ചലഞ്ചിനുള്ള വിഭവങ്ങള്‍ സമാഹരിച്ചത്. ബിരിയാണിക്കാവശ്യമായ അരി പൂര്‍ണമായി മുക്കം ഗള്‍ഫ് ഗോള്‍ഡ് ഉടമയാണ് സ്‌പോണ്‍സര്‍ ചെയ്തത്.


പാചക തൊഴിലാളികളുടെ സംഘടനയായ കേരള സ്‌റ്റേറ്റ് കുക്കിങ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സൗജന്യമായാണ് പാചകം നിര്‍വ്വഹിക്കുന്നത്. ലൈറ്റ് ആന്റ് സൗണ്ട് സംവിധാനങ്ങള്‍ നോര്‍ത്ത് കാരശ്ശേരി സി.എം സൗണ്ട് സൗജന്യമായി നല്‍കി. പാചക കേന്ദ്രമായ എന്‍.സി. ഓഡിറ്റോറിയം അനുവദിച്ചതും പൂര്‍ണമായി സൗജന്യമായാണ്. വെള്ളിയാഴ്ച രാവിലെ ഏഴു മണിയോടെ പാചകവുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ ആരംഭിച്ചിരുന്നു. ശനിയാഴ്ച പുലര്‍ച്ചയോടെ ബിരിയാണി, വിതരണത്തിന് തയ്യാറായി. ഇവിടെ വെച്ചും വില്‍പ്പനയുണ്ടാകും.


അഞ്ച് ക്വിന്റല്‍ അരി വീതം വ്യത്യസ്ത ഗ്രൂപ്പുകളായാണ് പാചകം ചെയ്യുന്നത്. പാക്കിംഗിന് പതിനഞ്ച് പേരടങ്ങുന്ന ഇരുപത്തഞ്ച് ഗ്രൂപ്പുകളുണ്ടാവും. ഉച്ചയ്ക്കു മുമ്പ് ഓര്‍ഡര്‍ ചെയ്തവര്‍ക്കെല്ലാം ബിരിയാണി എത്തിക്കുകയാണ് സംഘാടകരുടെ ലക്ഷ്യം. ഇതിന്നായി നാല് ഷിഫ്റ്റുകളിലായി സ്ത്രീകള്‍ ഉള്‍പ്പെടെ ആയിരത്തി അഞ്ഞൂറ് വളണ്ടിയര്‍മാര്‍ സേവന സന്നദ്ധരായി രംഗത്തുണ്ട്. എസ്.ഡി.പി.ഐ, വിഖായ, വൈറ്റ് ഗാര്‍ഡ്, രാഹുല്‍ ബ്രിഗേഡ്, യുണിറ്റി, വോപ്പ, പി.ആര്‍.സി, ഈസ്റ്റ് എഫ്.സി, ബി.ഡി.ആര്‍, എസ്.വൈ.എസ്, വെല്‍ഫെയര്‍, എന്റെ മുക്കം മുതലായ സന്നദ്ധ പ്രവര്‍ത്തകരും സിവില്‍ ഡിഫന്‍സും ബിരിയാണി ചലഞ്ചിന് സഹായവുമായി എത്തി.


ഗള്‍ഫു രാജ്യങ്ങളിലെ പ്രാദേശിക കൂട്ടായ്മകളും വിഭവ സമാഹരണത്തില്‍ പങ്കാളികളായി. ഇതിന്റെ ഭാഗമായി ഗള്‍ഫ് നാടുകളിലും ഇതിന്റെ ഭാഗമായി ബിരിയാണി ചലഞ്ചുകള്‍ നടക്കുന്നുണ്ട്. യു. എ. ഇ യിലും സൗദിയിലെ ജിദ്ദയിലും ഇന്നലെ ബിരിയാണി ചലഞ്ച് നടത്തി. ഇതില്‍ നിന്നും സമാഹരിച്ച തുകയും പാലിയേറ്റീവ് കെയര്‍ ക്ലിനിക്കിന് കൈമാറും.




Next Story

RELATED STORIES

Share it