Latest News

ആഭ്യന്തരത്തര്‍ക്കം; ഛത്തീസ്ഗഢിലെ ആറ് എംഎല്‍എമാര്‍ ഡല്‍ഹിയില്‍

ആഭ്യന്തരത്തര്‍ക്കം; ഛത്തീസ്ഗഢിലെ ആറ് എംഎല്‍എമാര്‍ ഡല്‍ഹിയില്‍
X

റായ്പൂര്‍: മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള തര്‍ക്കം മൂര്‍ച്ഛിക്കുന്നതിനിടയില്‍ ഛത്തിസ്ഗഢിലെ ആറ് എംഎല്‍എമാര്‍ ഡല്‍ഹിയിലെത്തി. എംഎല്‍എമാര്‍ കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച നടത്തുമെന്നാണ് പുറത്തുവന്ന റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

എന്നാല്‍ തങ്ങള്‍ വ്യക്തിപരമായ കാര്യങ്ങള്‍ക്കുവേണ്ടി ഡല്‍ഹിയിലേക്ക് പുറപ്പെട്ടതാണെന്നും യാദൃച്ഛികമായി വിമാനത്താവളത്തില്‍ വച്ച് കണ്ടതാണെന്നും എംഎല്‍എമാര്‍ വാര്‍ത്താമാധ്യമങ്ങളോട് പറഞ്ഞു.

ശിശുപാര്‍ സോറി, സന്‍ട്രം നേതം, കിസ്മത് ലാല്‍, റാം കുമാര്‍ യാദവ്, കവാസി ലഖ്മ, കെ കെ ധ്രുവ് എന്നിവരാണ് ഡല്‍ഹിയിലെത്തിയത്.

ഡല്‍ഹിയില്‍ വരുമ്പോള്‍ മുതിര്‍ന്ന നേതാക്കളെ കാണുക പതിവാണെന്നും ഇത്തവണയും അതാണ് സംഭവിച്ചതെന്നും സന്‍ട്രം നേതം പറഞ്ഞു.

എംഎല്‍എ കിസ്മത് ലാല്‍ പറഞ്ഞത് താന്‍ ഡല്‍ഹിയില്‍ പഠിക്കുന്ന മകളെ കാണാനെത്തിയതാണെന്നാണ്.

മുഖ്യമന്ത്രി ഭൂപേഷ് ഭാഗലിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം മികച്ചരീതിയിലാണ് തന്റെ ജോലി ചെയ്തുതീര്‍ക്കുന്നതെന്ന് എംഎല്‍എമാര്‍ പറഞ്ഞു.

കഴിഞ്ഞ ആഴ്ച മുഖ്യമന്ത്രിയുടെ പക്ഷത്തുള്ള ഏതാനും എംഎല്‍എമാര്‍ കേന്ദ്ര നേതൃത്വത്തെ കണ്ട് തങ്ങളുടെ പിന്തുണ അറിയിച്ചിരുന്നു. അതിനു തൊട്ടുപിന്നാലെയാണ് ആറ് എംഎല്‍എമാരുടെ സന്ദര്‍ശനം.

ഛത്തിസ്ഗഢ് ആരോഗ്യമന്ത്രി ടി എസ് സിങ് ദിയൊയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം മുഖ്യമന്ത്രി പദവി റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ പങ്കുവയ്ക്കണമെന്ന ആവശ്യം ഉയര്‍ത്തിയിട്ടുണ്ട്. ആ തര്‍ക്കം സംസ്ഥാന കോണ്‍ഗ്രസ്സില്‍ രൂക്ഷമാണ്. എംഎല്‍എമാരുടെ ഡല്‍ഹി സന്ദര്‍ശനം ആ സാഹചര്യത്തിലാണെന്നാണ് വിലയിരുത്തല്‍. 2018 തിരഞ്ഞെടുപ്പില്‍ കനത്ത ഭൂരിപക്ഷത്തോടെയാണ് കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്.

Next Story

RELATED STORIES

Share it