Latest News

മഥുര ഷാഹി ഈദ്ഗാഹില്‍ ആരതിക്ക് അനുമതിയില്ലെന്ന് ജില്ലാ ഭരണകൂടം; ജനുവരി 21 വരെ നിരോധനാജ്ഞ

മഥുര ഷാഹി ഈദ്ഗാഹില്‍ ആരതിക്ക് അനുമതിയില്ലെന്ന് ജില്ലാ ഭരണകൂടം; ജനുവരി 21 വരെ നിരോധനാജ്ഞ
X

ആഗ്ര: മഥുര ഷാഹി ഈദ്ഗാഹില്‍ ആര്‍ക്കും ആരതിയര്‍പ്പിക്കാന്‍ അനുമതി നല്‍കിയിട്ടില്ലെന്ന് ജില്ലാ ഭരണകൂടം അഖില്‍ ഭാരതീയ ഹിന്ദു മഹാസഭയെ അറിയിച്ചു. മഹാസഭയുടെ ദേശീയ പ്രസിഡന്റ് രാജ്യശ്രീ ചൗധരിക്ക് നല്‍കിയ കത്തിലാണ് ജില്ലാ ഭരണകൂടം ഇക്കാര്യം അറിയിച്ചത്. പ്രദേശത്ത് ക്രമസമാധാനനില ക്രമീകരിക്കുന്നതിന്റെ ഭാഗമായി നവംബര്‍ 24 മുതല്‍ ഐപിസി സെക്ഷന്‍ 144 അനുസരിച്ച് നിരോധനാജഞ നിലവിലുണ്ടെന്നും ജനുവരി 21വരെ അത് തുടരുമെന്നും കത്തില്‍ പറയുന്നു.

നേരത്തെ മതസൗഹാര്‍ദ്ദത്തിന്റെ പേരിലാണ് അനുമതി നിഷേധിച്ചതെന്നും ഇത്തവണ സിവില്‍ നിയമമാണ് ചൂണ്ടിക്കാട്ടുന്നതെന്നും ചൗധരി പറഞ്ഞു.

കൃഷ്ണന്‍ അര്‍ജുനന് ഗീത ഉപദേശിച്ച കുരുക്ഷേത്രയില്‍ ജനുവരി 26ന് കൃഷ്ണജന്മഭൂമി ക്ഷേത്രം നിര്‍മിക്കുന്നതു സംബന്ധിച്ച റഫറണ്ടം സംഘടിപ്പിക്കുമെന്നും മഹാസഭ നേതാക്കള്‍ പറഞ്ഞു.

രണ്ട് ആഴ്ചയ്ക്കുള്ളില്‍ ഇത് രണ്ടാം തവണയാണ് മഥുര ജില്ലാ ഭരണകൂടം ഷാഹി ഈദ്ഗാഹില്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുന്നത്.

നേരത്തെ ഈദ്ഗാവില്‍ ഡിസംബര്‍ 6ന് കൃഷ്ണ വിഗ്രഹം പ്രതിഷ്ഠിക്കുമെന്ന് മഹാസഭ പ്രഖ്യാപിച്ചിരുന്നു. പിന്നീട് മനുഷ്യാവകാശ ദിനത്തില്‍ 10 മിനിറ്റ് ശ്രീകൃഷ്ണ ഭഗവാന്റെ പേരില്‍ 'ആരതി' നടത്തുമെന്നും തീരുമാനിച്ചു. ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചതിനാല്‍ രണ്ടും നടന്നില്ല.

കഴിഞ്ഞ വര്‍ഷം ലഖ്‌നൗ ആസ്ഥാനമായുള്ള അഭിഭാഷകനും മറ്റ് അഞ്ച് പേരും മഥുര ജില്ലാ കോടതിയില്‍ കൃഷ്ണന്‍ ജനിച്ച സ്ഥലമാണെന്ന് അവകാശപ്പെട്ട് ഹരജി നല്‍കിയതിനെ തുടര്‍ന്നാണ് വിഷയം വീണ്ടും ചര്‍ച്ചയായത്. പതിനേഴാം നൂറ്റാണ്ടില്‍ നിര്‍മിച്ച മസ്ജിദ് പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ടുള്ള ഒരു കൂട്ടം ഹരജികള്‍ പ്രാദേശിക കോടതിയുടെ പരിഗണനയിലുണ്ട്.

Next Story

RELATED STORIES

Share it