Latest News

എന്‍സിപിയിലെ തര്‍ക്കം; പരിഹാരത്തിനായി ശരത് പവാര്‍ കേരളത്തിലേക്ക്

എന്‍സിപിയിലെ തര്‍ക്കം; പരിഹാരത്തിനായി ശരത് പവാര്‍ കേരളത്തിലേക്ക്
X

മുംബൈ: സംസ്ഥാന എന്‍സിപിയിലെ തര്‍ക്കം പരിഹാരത്തിനായി ശരത് പവാര്‍ കേരളത്തിലേക്ക്. 23ആം തീയതി ശരത്പവാര്‍ കൊച്ചിയിലെത്തും. സംസ്ഥാന നേതാക്കളുമായി വെവ്വേറെ ചര്‍ച്ച നടത്തും. നിയമസഭാ സമ്മേളനം തീരുന്നതിന് തൊട്ടടുത്ത ദിവസമാണ് പവാര്‍ എത്തുന്നത്. നിര്‍വാഹക സമിതി അംഗങ്ങളെയും ജില്ലാ ഭാരവാഹികളെയും പവാര്‍ കാണുമെന്നാണ് വിവരം.

പാലായടക്കം സീറ്റ് വിഭജന കാര്യങ്ങളില്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലെ വിശദാംശങ്ങള്‍ ഇന്ന് രാവിലെ നടന്ന ചര്‍ച്ചയില്‍ പീതാംബരന്‍ മാസ്റ്റര്‍ പവാറിനെ അറിയിച്ചിരുന്നു. പാലാ സീറ്റ് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടില്ലെന്ന കാര്യം പീതാംബരന്‍ മാസ്റ്റര്‍ പവാറിനെ ധരിപ്പിച്ചിട്ടുണ്ട്. അന്തിമ തീരുമാനം പവാറിന്റേതായിരിക്കുമെന്നാണ് പീതാംബരന്‍ മാസ്റ്റര്‍ ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞത്. സിപിഎം കേന്ദ്ര നേതൃത്വവുമായും പവാര്‍ ചര്‍ച്ച നടത്തുന്നുണ്ട്.

പാലാ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ കേരളത്തിലെ എന്‍സിപി പിളര്‍പ്പിന്റെ വക്കിലാണ്. പ്രശ്‌നം പരിഹരിക്കാനായി മുഖ്യമന്ത്രി തന്നെ നേരിട്ട് നടത്തിയ ചര്‍ച്ചയിലും സമവായമുണ്ടായില്ല. നാല് സീറ്റില്‍ ഉടന്‍ ഉറപ്പ് വേണമെന്നായിരുന്നു ടി പി പീതാംബരന്‍ മാസ്റ്റര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇക്കാര്യത്തില്‍ ഒറ്റക്ക് തീരുമാനമെടുക്കാന്‍ കഴിയില്ലെന്നും ഇടതുമുന്നണി നേതാക്കളുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

ചര്‍ച്ചയില്‍ മന്ത്രി എ കെ ശശീന്ദ്രനുമുണ്ടായിരുന്നുവെങ്കിലും മാണി സി കാപ്പന്‍ പങ്കെടുത്തിരുന്നില്ല. വിട്ടുവീഴ്ച വേണ്ടെന്ന ഉറച്ച നിലപാടിലാണ് മാണി സി കാപ്പന്‍. അന്തിമതീരുമാനം കേന്ദ്രനേതൃത്വമെടുക്കട്ടേയെന്നാണ് കാപ്പന്റ നിലപാട്. വരും ദിവസങ്ങളിലെ ചര്‍ച്ച എന്‍സിപിക്ക് നിര്‍ണ്ണയകമാണ്.

മന്ത്രി എ കെ ശശീന്ദ്രന്റെ സിറ്റിങ്ങ് സീറ്റായ എലത്തൂരും മത്സരിക്കാന്‍ സിപിഎമ്മിന് നീക്കമുണ്ട്. ഇതിന് എന്‍സിപിക്ക് കുന്ദമംഗലം നല്‍കാന്‍ ധാരണയാക്കാനാണ് ശ്രമം. എലത്തൂര്‍ കിട്ടിയാല്‍ മുഹമ്മദ് റിയാസിനെ മത്സരിപ്പിക്കാനാണ് സാധ്യത. എന്നാല്‍ സിറ്റിങ്ങ് സീറ്റ് വിട്ടു നല്‍കില്ലെന്ന എന്‍സിപി നിലപാടില്‍ പാര്‍ട്ടി ഉറച്ചു നില്‍ക്കുമെന്ന് ജില്ല ഘടകവും വ്യക്തമാക്കിയിട്ടുണ്ട്.




Next Story

RELATED STORIES

Share it